Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ​ന്തോ​ഷ് ട്രോ​ഫി​യി​ൽ...

സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ ഇ​ന്ന് കേ​ര​ളം-​സ​ർ​വി​സ​സ് ഫൈ​ന​ൽ

text_fields
bookmark_border
Representation Image
cancel
camera_alt

പ്രതീകാത്മക ചിത്രം

ഫെ​ബ്രു​വ​രി 08, ടൂ​ർ​ണ​മെ​ന്റി​ൽ ത​ങ്ങ​ളു​ടെ എ​ട്ടാം മ​ത്സ​ര​ത്തി​ൽ എ​ട്ടാം കി​രീ​ടംതേ​ടി കേ​ര​ള​വും സ​ർ​വി​സ​സും

ധാഖുവാഖാന (അസം): ഇന്ന് ഫെബ്രുവരി എട്ട്. 79ാമത് സന്തോഷ് ട്രോഫി ഫൈനലിൽ കേരളവും സർവിസസും ഏറ്റുമുട്ടുമ്പോൾ ഇരുടീമും ലക്ഷ്യമിടുന്നത് എട്ടാം കിരീടം. ടൂർണമെന്റ് ഫൈനലിലേക്കുള്ള വഴിയിൽ ഏഴ് മത്സരങ്ങൾ കളിച്ച കേരളം ഒരെണ്ണത്തിൽ മാത്രമാണ് തോറ്റത്. അതാവട്ടെ സർവിസസിനോടും. എട്ടാം മത്സരത്തിൽ ജയിക്കുന്നവർക്ക് കിരീടവുമായി മടങ്ങാമെന്ന് ചുരുക്കം.

ആധികാരികം കേരളം

സന്തോഷ് ട്രോഫിയിൽ കേരളത്തിനിത് 17ാം ഫൈനലാണ്. പതിറ്റാണ്ടിനിടെ തുടർച്ചയായ രണ്ടുതവണ കലാശപ്പോരിന് യോഗ്യത നേടുന്നത് ഇതാദ്യവും. 2022ൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ബംഗാളിനെ തോൽപിച്ചാണ് ഏറ്റവും ഒടുവിൽ കിരീടം ചൂടിയത്. പിന്നെ ഫൈനലിലെത്തുന്നത് 2025ലാണ്. ബംഗാൾ പക്ഷേ പകരം വീട്ടി. ഇക്കുറി കിരീടത്തിനരികിലേക്കുള്ള വഴിയിൽ തകർപ്പൻ പ്രകടനമാണ് കേരളം നടത്തിയത്. പത്ത് പോയന്റുമായി ഗ്രൂപ് ചാമ്പ്യന്മാരായി. ഗ്രൂപ് റൗണ്ടിൽ സർവിസസിനോട് മുട്ടുമടക്കിയത് രണ്ടാംനിരയെ പരീക്ഷിച്ചപ്പോഴാണെന്ന ആശ്വാസമുണ്ട്. മുൻ ചാമ്പ്യന്മാരായ പഞ്ചാബിനെ സെമി ഫൈനലിൽ മറുപടിയില്ലാത്ത നാല് ഗോളിനാണ് മുട്ടുകുത്തിച്ചത്.

ഇതുവരെ അഞ്ച് ഗോൾ നേടിയ സ്ട്രൈക്കർ മുഹമ്മദ് അജ്സലിനെ മുൻനിർത്തായായിരിക്കും ഷഫീഖ് ഹസൻ ആക്രമണം മെനയുക. പ്രതിരോധവും മധ്യനിരയും മുന്നേറ്റവും മിന്നും ഫോമിലാണ്. ഇതുവരെ 15 ഗോൾ സ്കോർ ചെയ്തപ്പോൾ വഴങ്ങിയത് മൂന്നെണ്ണം മാത്രം. ക്രോസ് ബാറിന് കീഴിൽ എസ്. ഹജ്മലിന് നോക്കൗട്ടിലെല്ലാം ക്ലീൻഷീറ്റ് കിട്ടി. അജ്സലിന് പിന്തുണയുമായി മുഹമ്മദ് റിയാസും എം. വിഘ്നേഷും ഒ.എം. ആസിഫും വി. അർജുനും എം.എം. അർജുനും ദിൽഷാദ് അബൂബക്കറുമെല്ലാം മധ്യനിരയിൽ സജ്ജം. അജയ് അലക്സിന്റെയും ബിബിൻ അജയന്റെയും അനുഭവസമ്പത്താണ് പ്രതിരോധത്തിലെ കരുത്ത്. എസ്. സന്ദീപിന്റെയും എം. മനോജിന്റെയും മികവുമുണ്ട്.

പട്ടാളം സജ്ജം

പതിയെത്തുടങ്ങി പടിപടിയായി കയറിവരികയായിരുന്നു സർവിസസ്. ഗ്രൂപ് റൗണ്ടിൽ പുറത്താവലിന്റെ വക്കിൽ നിൽക്കെ കേരളത്തെ തോൽപിച്ച് നാലാം സ്ഥാനക്കാരായി ക്വാർട്ടർ ഫൈനലിൽ കയറിക്കൂടിയവർ നിലവിലെ ചാമ്പ്യന്മാരായ ബംഗാളിന്റെ 34ാം കിരീടമോഹം തല്ലിക്കെടുത്തിയാണ് സെമിയിൽ കടന്നത്. ക്വാർട്ടറിൽ മലയാളി ഗോൾ കീപ്പർ പാലക്കാട് മണ്ണാർക്കാട് സ്വദേശി മുഹമ്മദ് ഷാനൂസ് ഹീറോയായി. സെമിയിൽ റെയിൽവേസിനെ മറുപടിയില്ലാത്ത രണ്ട് ഗോളിനും മടക്കി. ഇതുവരെ ആറ് ഗോൾ മാത്രം സ്കോർ ചെയ്ത സർവിസസ് നാലെണ്ണം വഴങ്ങിയിട്ടുണ്ട്. വിജയ് ജെറാൾഡ്, ജിജോ ജെറോൺ എന്നീ മലയാളികളും ടീമിലുണ്ട്. 2023ലെ ഫൈനലിൽ ഗോവയെ തോൽപിച്ചാണ് സർവിസസ് അവസാനമായി കപ്പുയർത്തിയത്.

പ്രതികാരദാഹം

സർവിസസിനെതിരെ കേരളത്തിന് വീട്ടാൻ രണ്ട് കണക്കുകളുണ്ട് ബാക്കി. ഗ്രൂപ് റൗണ്ടിലെ തോൽവിയാണ് അതിലൊന്ന്. രണ്ടാമത്തെതിന് 13 വർഷത്തെ പഴക്കമുണ്ട്. 2012-13ൽ കൊച്ചിയിൽ നടന്ന ഫൈനലിൽ കേരളത്തെ തോൽപിച്ച് സർവിസസ് കിരീടം ചൂടിയിരുന്നു. സ്വന്തം കാണികൾക്ക് മുമ്പിൽ തങ്ങളെ മറിച്ചിട്ടവരോട് മറുനാട്ടിൽവെച്ചാണെങ്കിലും കടം വീട്ടാനുള്ള അവസരമാണ് ജി. സഞ്ജുവിനും സംഘത്തിനും കൈവന്നിരിക്കുന്നത്.

നമ്മൾ സെറ്റാണ്

കഴിഞ്ഞ മത്സരങ്ങളിലെ സ്ഥിരതയാർന്ന പ്രകടനം ഫൈനലിലും ആവർത്തിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. ടീം സെറ്റാണ്. ഞങ്ങളെ ഏൽപിച്ച ഉത്തരവാദിത്തം ഭംഗായായി നിർവഹിക്കും. കേരളത്തിന്റെ യശസ്സ് വാനോളം ഉയർത്താൻ ശ്രമിക്കും. -ഷഫീഖ് ഹസൻ (കേരള പരിശീലകൻ)

Show Full Article
TAGS:Santosh Trophy final match football tournament Football Match 
News Summary - Kerala-Services final in Santosh Trophy today
Next Story