സൂപ്പർ ലീഗ് കേരള: കണ്ണൂർ കടന്ന് കോഴിക്കോട് ഒന്നാമൻ; ജയം 3-1ന്
text_fieldsകോഴിക്കോട്: കണ്ണൂർ വാരിയേഴ്സിനെ 3-1ന് തോൽപിച്ച് സൂപ്പർ ലീഗ് കേരളയിലെ ഒന്നാം സ്ഥാനത്തായി കാലിക്കറ്റ് എഫ്.സി. കോർപറേഷൻ സ്റ്റേഡിയത്തിൽ പരാജയം സമ്മാനിച്ചവർക്ക് തിരിച്ചടി നൽകിയാണ് ടേബ്ൾ ടോപ്പേഴ്സ് എന്ന പകിട്ടോടെ സെമി ഫൈനലിലേക്ക് കടന്നത്. 21ാം മിനിറ്റിൽ കണ്ണൂരിന്റെ സ്പാനിഷ് താരം ഡേവിഡ് ഗ്രാൻഡേ കാലിക്കറ്റിന്റെ പെനാൽറ്റി ബോക്സിൽ വെച്ച് പന്ത് ഡ്രിബ്ൾ ചെയ്യവെ കാലിക്കറ്റ് എഫ്.സിയുടെ ഡിഫൻഡർ മനോജ് ചെയ്ത ഫൗളിൽ റഫറി പെനാൽറ്റി വിധിച്ചു.
ഡേവിഡ് ഗ്രാൻഡേ എടുത്ത കിക്ക് ഗോളായതോടെ കണ്ണൂർ യോദ്ധാക്കൾ മുന്നിലെത്തി പട്ടികയിലെ ലീഡേഴ്സാകുമെന്ന പ്രതീതിയുണർത്തി. ആദ്യ പാതിയുടെ ഇഞ്ചുറി ടൈമിൽ കാലിക്കറ്റ് എഫ്.സിയുടെ മുഹമ്മദ് അഷ്റഫ് നൽകിയ പാസ് കാമറൂൺ മിഡ്ഫീൽഡർ ആൻഡേഴ്സ് നിയ ഗോൾ പോസ്റ്റിലേക്ക് ഉതിർത്തെങ്കിലും ഗോൾകീപ്പർ ബിലാൽ ഹുസൈൻ ഖാന്റെ കൈയിൽ തട്ടി പുറത്തേക്ക് പോയി. കാലിക്കറ്റിന്റെ കോർണർ കിക്കിൽ ഡിഫൻഡർ റിച്ചാർഡ് ഒസേൽ ഹെഡ് ചെയ്ത് ഗോൾ പോസ്റ്റിൽ എത്തിച്ചതോടെ കളി 1-1 സമനിലയിലായി. 82ാം മിനിറ്റിൽ വലതു വിങ്ങിൽനിന്ന് ലഭിച്ച പാസിൽ റാ ഫോൽ ഹെഡ് ചെയ്ത് പെനാൽറ്റി ബോക്സിലുണ്ടായിരുന്ന കെന്നഡിക്ക് നൽകി.
കെന്നഡി പന്ത് വലയിലാക്കി ഗോൾ 2-1 ലീഡാക്കി. ഇഞ്ചുറി ടൈമിൽ മുഹമ്മദ് റിയാസിന്റെ വക ഗോൾ പിറന്നതോടെ ലീഡ് 3-1 ആയി. കാലിക്കറ്റിന് 19 പോയന്റാണുള്ളത്.
സെമി തേടി മലപ്പുറവും കൊമ്പൻസും
മലപ്പുറം: സൂപ്പർ ലീഗ് കേരളയിൽ വെള്ളിയാഴ്ച ജീവന്മരണ പോരാട്ടം. ലീഗിലെ അവസാന മത്സരത്തിൽ മലപ്പുറം എഫ്.സി സ്വന്തം തട്ടകത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്.സിയെ നേരിടും. തോൽക്കുന്നവർ പുറത്താവും. സമനിലയിൽ കലാശിച്ചാൽ തിരുവനന്തപുരമാവും സെമി കാണുക.
രാത്രി 7.30ന് പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. തിരുവനന്തപുരത്തിന് 12ഉം മലപ്പുറത്തിന് ഒമ്പതു പോയന്റുമാണുള്ളത്. ഇരു ടീമുകളുടെയും ഗോള്‍വ്യത്യാസം മൈനസ് ഒന്ന് ആണെന്നുള്ളതിനാൽ ജയിച്ചാൽ മലപ്പുറത്തിന് കടക്കാം.