സൂപ്പർ ലീഗ് കേരള: ബെൽഫോർട്ടിന്റെ ഇരട്ട ഗോളിൽ കാലിക്കറ്റ്
text_fieldsസൂപ്പർ ലീഗ് കേരള ഫുട്ബാളിൽ കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന ഫോഴ്സ കൊച്ചി-കണ്ണൂർ വാരിയേഴ്സ് മത്സരത്തിൽ നിന്ന് -ബൈജു കൊടുവള്ളി
കോഴിക്കോട്: മലപ്പുറം എഫ്.സിക്ക് വീണ്ടും പ്രഹരമേൽപിച്ച് കാലിക്കറ്റ് എഫ്.സി. കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2-1നാണ് വിജയം നേടിയത്. രണ്ടാം പകുതിയിൽ ഹെയ്ത്തിക്കാരൻ ബെൽഫോർട്ടാണ് കാലിക്കറ്റിനായി രണ്ടു ഗോളുകളും നേടിയത്.
മലപ്പുറത്തിനായി പെഡ്രോ മാൻസി പെനാൽട്ടി സ്പോട്ടിൽനിന്ന് സ്കോർ ചെയ്തു. കാലിക്കറ്റിന്റെ നിയ ആന്ദ്രേസ്, മുഹമ്മദ് റിയാസ്, സാലിം മലപ്പുറത്തിന്റെ ഫസലു റഹ്മാൻ, നവീൻ എന്നിവർ മഞ്ഞക്കാർഡ് കണ്ട ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ മലപ്പുറത്തിന്റെ ആധിപത്യമാണ് കാണാൻ കഴിഞ്ഞത്. താഴേക്ക് ഇറങ്ങിവന്ന് ഫസലുവും അലക്സിസ് സാഞ്ചസും ആക്രമണങ്ങൾക്ക് നേതൃത്വം നൽകി. 56ാം മിനിറ്റിൽ കാലിക്കറ്റ് ലീഡ് നേടി.
നായകൻ ഗനി നിഗം നൽകിയ ബാക്ക് പാസ് ബോക്സിന് പുറത്തുനിന്ന് പോസ്റ്റിലേക്ക് പായിച്ചത് ഹെയ്ത്തിക്കാരൻ ബെൽഫോർട്ട് 1-0. ആറ് മിനിറ്റിനകം വീണ്ടും ഗോൾ. ബ്രിട്ടോയുടെ അളന്നുമുറിച്ച ക്രോസ്. ഓടിയെത്തിയ ബെൽഫോർട്ടിന്റെ ഹെഡ്ഡർ പോസ്റ്റ് തുളച്ചു 2-0. 81ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ പെഡ്രോ മാൻസി മലപ്പുറത്തിന്റെ ആശ്വാസ ഗോൾ കണ്ടെത്തി.