കൗമാര താരങ്ങളെ വളർത്താൻ കെ.എഫ്.എ ഫുട്ബാൾ ലീഗ് വരുന്നു
text_fieldsകൊച്ചി: താഴെത്തട്ടിലുള്ള കൗമാര താരങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഫുട്ബാൾ ലീഗ് നടത്താനൊരുങ്ങി കേരള ഫുട്ബാൾ അസോസിയേഷൻ. സംസ്ഥാനത്ത് കെ.എഫ്.എക്കു കീഴിലുള്ള മുഴുവൻ ക്ലബുകളെയും നിർബന്ധമായും പങ്കെടുപ്പിക്കുന്ന തരത്തിലാണ് ലീഗ് നടത്തുക. ആദ്യം ജില്ലാ തലത്തിലും തുടർന്ന് സംസ്ഥാനതലത്തിലും സംഘടിപ്പിക്കുന്ന ലീഗിലൂടെ കൗമാര ഫുട്ബാൾ താരങ്ങൾക്ക് കൂടുതൽ കളിക്കാനും ഉയർന്നുവരാനും അവസരമൊരുക്കുകയാണ് ലക്ഷ്യം. രണ്ടോ മൂന്നോ മാസത്തിനകം ലീഗ് സംഘടിപ്പിക്കാനാണ് തീരുമാനം.
ഇതു കൂടാതെ, നിർജീവാവസ്ഥയിലുള്ള വിവിധ ക്ലബുകളെ സജീവമാക്കാനും സജീവമല്ലാത്തവയുടെ അംഗത്വം റദ്ദ് ചെയ്യാനുമുള്ള തീരുമാനവും അസോസിയേഷനുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഓരോ ക്ലബുകൾക്കും പ്ലേയർ രജിസ്ട്രേഷൻ ആഗസ്റ്റ് 31നകം പൂർത്തിയാക്കാൻ കർശന നിർദേശം അതാത് ജില്ല അസോസിയേഷനുകൾ മുഖേന നൽകിക്കഴിഞ്ഞു. കുറഞ്ഞത് 22 കളിക്കാരെയെങ്കിലും രജിസ്റ്റർ ചെയ്താണ് ആക്ടീവ് സ്റ്റാറ്റസ് നിലനിർത്തേണ്ടത്.
22 കളിക്കാരെ 31ന് മുമ്പ് രജിസ്റ്റർ ചെയ്യാത്ത ക്ലബുകൾ ഇനാക്ടീവ് ആകുമെന്നും ഇവയുടെയും അംഗത്വം റദ്ദാക്കുമെന്നും കെ.എഫ്.എ ക്ലബുകൾക്ക് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം ചേർന്ന കെ.എഫ്.എ ജനറൽ ബോഡിയിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 200 രൂപ പ്ലെയർ രജിസ്ട്രേഷൻ ഫീസും 50 രൂപ വെൽഫെയർ ഫണ്ടും നൽകിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.
ഫുട്ബാൾ ലീഗിൽ അണ്ടർ 13, 15, 17 വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടത്തുക. വിവിധ ജില്ലകളിലായി 550ലേറെ ഫുട്ബാൾ ക്ലബുകളാണ് സംസ്ഥാനത്തുള്ളത്. 15 മുതൽ 70ഓളം ക്ലബുകൾ വരുന്ന ജില്ലകളുണ്ട്. ഓരോ ക്ലബും ഏതെങ്കിലും ഒരു വിഭാഗത്തിലെങ്കിലും മാറ്റുരക്കണമെന്നാണ് നിർദേശം. എന്നാൽ കോളജുകൾ കേന്ദ്രീകരിച്ചുള്ള ക്ലബുകൾക്കും വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ക്ലബുകൾക്കും മത്സരം നിർബന്ധമില്ല.
കുട്ടികൾക്കായി ഫുട്ബാൾ പരിശീലനമോ മത്സരങ്ങളോ ഒന്നുമില്ലാതെ, കെ.എഫ്.എ അംഗത്വവും വോട്ടും മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ക്ലബുകളും ഇക്കൂട്ടത്തിലുണ്ട്. താരങ്ങളുടെ വളർച്ചക്കൊപ്പം പുതിയ നീക്കങ്ങൾ ഇവർക്കുള്ള തിരിച്ചടി കൂടിയാവുമെന്നാണ് വിലയിരുത്തൽ.