ടീമിൽ വലിപ്പചെറുപ്പമില്ല; ഛേത്രിയായാലും ജൂനിയർ താരമായാലും നന്നായി കളിച്ചാലേ സ്ഥാനമുണ്ടാവൂ -ആത്മവിശ്വാസത്തോടെ ഖാലിദ് ജമീൽ
text_fieldsബംഗളൂരുവിൽ എ.ഐ.എഫ്.എഫ് സംഘടിപ്പിച്ച മാധ്യമകൂടിക്കാഴ്ചയിൽ ഇന്ത്യൻ ഫുട്ബാൾ ടീം പരിശീലകരായ ജോകിം അലക്സാണ്ടേഴ്സൺ, ക്രിസ്പിൻ ഛേത്രി, നൗഷാദ് മൂസ, ഖാലിദ് ജമീൽ, എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാൺ ചൗബേ, വൈസ് പ്രസിഡന്റ് എൻ.എ. ഹാരിസ് തുടങ്ങിയവർ
ബംഗളൂരു: താജികിസ്താനിൽ നടന്ന കാഫ നാഷൻസ് കപ്പിലെ തിളക്കമാർന്ന പ്രകടനത്തിന് ശേഷം തിരിച്ചെത്തിയ ദേശീയ സീനിയർ ഫുട്ബാൾ ടീം എ.എഫ്.സി ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ട് യോഗ്യതാ മത്സരങ്ങൾക്കായൊരുങ്ങുന്നു.
ബംഗളൂരുവിലെ പദുക്കോൺ അക്കാദമിയിൽ ശനിയാഴ്ച ക്യാമ്പിന് തുടക്കമാവും. സിംഗപ്പൂരിനെതിരെ ഒക്ടോബർ ഒമ്പതിന് എവേ മാച്ചും 14ന് ഫട്ടോർഡയിൽ ഹോം മാച്ചുമാണ് ടീമിനെ കാത്തിരിക്കുന്നത്. ഖാലിദ് ജമീൽ പരിശീലകനായ ശേഷം മികച്ച ഒരു പിടി കളിക്കാരുടെ അസാന്നിധ്യത്തിലും ആദ്യ ടുർണമെന്റിൽ കരുത്തരായ ടീമുകൾക്കെതിരെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത് ടീം മൂന്നാമതായി മടങ്ങിയെത്തിയത് ശുഭസൂചനയായാണ് അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷനും കാണുന്നത്.
തിളക്കമാർന്ന പ്രകടനം നടത്തിയ അണ്ടർ 23 ടീമിൽനിന്ന് ഏതാനും പേരെ സീനിയർ ക്യാമ്പിലെത്തിച്ചിട്ടുണ്ട്. ഏഴ് മലയാളി താരങ്ങളും ഖാലിദ് ജമീലിനൊപ്പമുണ്ട്.
ഇന്ത്യൻ ഫുട്ബാൾ ടീം
‘ഇന്ത്യൻ ഫുട്ബാളിൽ മാറ്റം സംഭവിക്കുന്നുണ്ട്. കളിയുടെ സ്റ്റൈലും സ്ട്രാറ്റജിയും മാറുന്നുണ്ട്. അണ്ടർ- 23 ടീം ഒന്നാന്തരം പ്രകടനമാണ് കാഴ്ച വെക്കുന്നത്. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ അവരെ കളിപ്പിക്കാനാണ് ആലോചന. അവരിൽ പലരും ക്ലബ്ബുകളുമായി കരാറുള്ളവരാണ്. ക്ലബ്ബ് മാനേജ്മെന്റുകളുമായി ചർച്ച ചെയ്ത് ഭാവിയിൽ അവരുടെ ലഭ്യത ഉറപ്പാക്കാൻ ശ്രമിക്കുമെന്നും ചൗബേ പറഞ്ഞു.
കാഫ നാഷൻസ് കപ്പിലെ ടീമിന്റെ പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോൾ, ഒറ്റക്കെട്ടായി കളിക്കാനാണ് താരങ്ങളെ പരിശീലിപ്പിച്ചതെന്നായിരുന്നു ഖാലിദ് ജമീലിന്റെ പ്രതികരണം. സിംഗപ്പൂരിനെതിരായ മത്സരമാണ് മുന്നിലുള്ളത്. ഇപ്പോൾ അതേകുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. താജികിസ്താനെതിരായ ആദ്യ മത്സരത്തിൽ പരിക്കേറ്റ സന്ദേശ് ജിങ്കാൻ പരിക്കുമാറി സിംഗപ്പൂരിനെതിരായ മത്സരത്തിനുണ്ടാവുമെന്നും ജമീൽ പറഞ്ഞു. ടീമിൽ വലിപ്പചെറുപ്പമില്ലെന്നും സുനിൽഛേത്രിയായാലും അണ്ടർ- 23 താരങ്ങളായാലും മികച്ച പ്രകടനം പുറത്തെടുത്താൽ അവരെ ടീമിലുൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവർഷം സുനിൽ ഛേത്രി നന്നായി കളിച്ചിരുന്നു. അണ്ടർ 23 താരങ്ങളും നല്ല കളിയാണ് കാഴ്ചവെച്ചത്. ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിൽ തനിക്ക് പുർണ വിശ്വാസമുണ്ടെന്നും ജമീൽ പറഞ്ഞു. അദ്ദേഹം അനുഭവ സമ്പത്തുള്ള താരമാണ്. കുറെകാലമായി ഗുർപ്രീതിന്റെ പ്രകടനം ഞാൻ ശ്രദ്ധിക്കുന്നതാണ്. സന്ധുവിന്റെ കോച്ചായിരിക്കുന്നതിൽ അഭിമാനമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമകൂടിക്കാഴ്ചയിൽ ഇന്ത്യൻ ഫുട്ബാൾ സീനിയർ ടീം കോച്ച് ഖാലിദ് ജമീൽ സംസാരിക്കുന്നു
സിംഗപ്പൂരിനെതിരായ മത്സരം സമ്മർദം നൽകുന്നു. എന്നാൽ, ടീമിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്. കാഫ നാഷൻസ് കപ്പിൽ കളിക്കാരുടെ പ്രകടനം കണക്കിലെടുത്താൽ സിംഗപ്പൂരിനെതിരെയും അവർ നല്ല കളി കാഴ്ചവെക്കും. ക്യാമ്പിൽ അതിനായുള്ള മുന്നൊരുക്കം നടത്തും- അദ്ദേഹം പറഞ്ഞു. ക്യാമ്പിന് മുന്നോടിയായി ബംഗളൂരുവിൽ എ.ഐ.എഫ്.എഫ് സംഘടിപ്പിച്ച മാധ്യമകൂടിക്കാഴ്ചയിൽ ഖാലിദ് ജമീലിന് പുറമെ, അണ്ടർ-23 പരിശീലകൻ നൗഷാദ് മൂസ, സീനിയർ വനിതാ ടീം പരിശീലകൻ ക്രിസ്പിൻ ഛേത്രി, വനിതാ വിഭാഗം അണ്ടർ- 23, അണ്ടർ 17 പരിശീലകൻ ജോകിം അലക്സാണ്ടേഴ്സൺ, എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാൺ ചൗബേ, വൈസ് പ്രസിഡന്റ് എൻ.എ. ഹാരിസ് തുടങ്ങിയവരും പങ്കെടുത്തു. ആദ്യമായാണ് ഇന്ത്യൻ ഫുട്ബാൾ ടീമിലെ എല്ലാ പരിശീലകരും ഒന്നിച്ചു വേദിയിലെത്തുന്നതെന്നും ഇത് ഇന്ത്യൻ ഫുട്ബാളിന്റെ ഉണർവിന്റെ കാലമാണെന്നും കല്യാൺ ചൗബേ പറഞ്ഞു.


