ബ്രൂക്ലിൻ പാലം എന്ന ‘ഹോളിവുഡ് സ്റ്റാർ’
text_fieldsന്യൂയോർക്കിലെ ബ്രൂക്ലിൻ പാലത്തിന് സമീപത്തെ ഫാൻ ഫിയസ്റ്റയുടെ ദൃശ്യം
ഹോളിവുഡ് സിനിമകളിൽ കണ്ട് ഏറെ പരിചിതമാണ് ബ്രൂക്ലിൻ ബ്രിഡ്ജ്. ഗോഡ്സില്ലയിലും ഡീപ് ഇംപാക്ടിലും സ്പൈഡർമാനിലുമെല്ലാം ന്യൂയോർക്കിന്റെ ഈ അനശ്വര സാക്ഷ്യമുണ്ട്. ന്യൂയോർക് നഗരത്തിൽ ഇറങ്ങിയ ഗോഡ്സില്ലയിലെ ഭീമാകാര രൂപം പാലത്തിലെ ഉരുക്കുവടങ്ങളിൽ കുടുങ്ങിപ്പോവുകയായിരുന്നു. ബ്രൂക്ലിൻ ബ്രിഡ്ജിന് താഴെ അഡിഡാസിന്റെ ഫാൻ ഫിയസ്റ്റ മത്സര പ്രദർശനം നടക്കുന്നതിനാൽ ചെറിയ ചാറ്റൽ മഴയത്ത് അങ്ങോട്ടായിരുന്നു രാവിലത്തെ ‘കിക്കോഫ്’.
റോഡിന് വശത്തുള്ള വലിയ ഗർത്തത്തിലേക്ക് താഴ്ന്നത് പോലെയാണ് ഇവിടത്തെ റെയിൽവേ സ്റ്റേഷൻ. ഓരോ ട്രെയിൻ വരുമ്പോഴും ഈയാം പാറ്റകളെ പോലെ ജനം കൂട്ടമായി ഇറങ്ങുന്നു. മാൻഹട്ടന്റെ മനോഹരമായ ആകാശദൃശ്യം കാണാൻ സാധിക്കുന്നതിനാൽ വൈകുന്നേരങ്ങളിൽ പാലത്തിന് സമീപം വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്.
അമേരിക്കയിലെ ഏറ്റവും പ്രശസ്തവും ചരിത്രപ്രാധാന്യമുള്ളതുമായ പാലങ്ങളിൽ ഒന്നാണ് ബ്രൂക്ലിൻ ബ്രിഡ്ജ്. ന്യൂയോർക് നഗരത്തിലെ മാൻഹട്ടൻ, ബ്രൂക്ലിൻ എന്നീ രണ്ട് പ്രമുഖ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ഈസ്റ്റ് നദിക്ക് കുറുകെയുള്ള പാലം രണ്ട് തട്ടുകളാണ്. താഴത്തെ തട്ടിലൂടെ വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ, മുകളിലത്തെ തട്ട് നടപ്പാതയായും സൈക്കിൾ യാത്രക്കാർക്കായും മാറ്റിവെച്ചിരിക്കുന്നു. നിർമിക്കപ്പെട്ട കാലത്ത് ലോകത്തിലെ ഏറ്റവും നീളം കൂടിയ സസ്പെൻഷൻ പാലം (തൂക്കുപാലം) ഇതായിരുന്നു.
കൂടാതെ, സ്റ്റീൽ വയറുകൾ ഉപയോഗിച്ച് നിർമിച്ച ലോകത്തിലെ ആദ്യത്തെ തൂക്കുപാലം കൂടിയാണിത്.
പാലം ഉദ്ഘാടനം ചെയ്ത സമയത്ത് ഇത് തകർന്നുവീഴുമോ എന്ന് ജനങ്ങൾക്ക് വലിയ പേടിയുണ്ടായിരുന്നു. ഈ ഭയം മാറ്റാനായി 1884ൽ പി.ടി. ബാർനം എന്ന സർക്കസ് ഉടമ 21 ആനകളെ ഒന്നിച്ച് പാലത്തിലൂടെ നടത്തിച്ച് കരുത്ത് ജനങ്ങൾക്ക് ബോധ്യപ്പെടുത്തിക്കൊടുത്തത്രെ!
ഈ ആകാശ വിസ്മയം നോക്കി ഞാൻ മെല്ലെ ഇതിന് തൊട്ടു താഴെയുള്ള വിശാലമായ കാർ പാർക്കിങ് സ്ഥലമാണെന്ന് തോന്നുന്ന നീളമുള്ള ഏരിയയിൽ എത്തി. ലോകകപ്പിന്റെ ഒഫിഷ്യൽ പാർട്ട്ണറായ അഡിഡാസിന്റെ ബ്രാൻഡഡ് ഡ്രസ്സുകൾ ധരിച്ച ഒട്ടനവധി ഒഫീഷ്യൽസുകൾ വേദി നിയന്ത്രിക്കാനായുണ്ട് . ഇതിനകത്ത് കയറാനും നേരത്തെ ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുണ്ട്.
ഒട്ടനവധി ആളുകൾ ക്യൂവിലായുണ്ട്. അകത്ത് കയറിയതും ചിണുങ്ങിപ്പെയ്ത മഴ തുലാമഴപോലെ തിമിർത്ത് പെയ്യാൻ തുടങ്ങി. വലിയ സ്ക്രീനിന് മുന്നിൽ നീളത്തിലുള്ള ഒരു താൽക്കാലിക ഷെഡിനടിയിലും മുകളിലുമായി ധാരാളം ആളുകൾ കൂടിനിന്നാണ് പിന്നീട് കുറെ സമയം കളിയാസ്വദിച്ചത്. പിറകിലെ നദിയിലൂടെ ആളുകളുടെ ബോട്ട് സഞ്ചാരവും നീളൻ നടപ്പാതകളിലൂടെയുള്ള അവരുടെ സഞ്ചാരവും ഇവിടെ നിന്ന് നോക്കിയാൽ വ്യക്തമായി കാണാം.
കളിയാരവങ്ങളവസാനിച്ച് ആളുകൾ പുറത്തേക്കിറങ്ങുമ്പോഴേക്കും മഴയത്തും വെയിലെത്തുമെന്ന പോലെ ന്യൂയോർക് പൊലീസിന്റെ വലിയ ടീം തന്നെ ട്രാഫിക് നിയന്ത്രിക്കാനായി റോഡിലുണ്ട്.


