ഇതിഹാസത്തെ വരവേൽക്കാൻ കൊച്ചി
text_fieldsലയണൽ മെസ്സി
കൊച്ചി: കൊച്ചിയുടെ ഹൃദയത്തിൽ നിന്നതാ ഒരു വിസിൽ മുഴക്കം... കലൂർ സ്റ്റേഡിയം ഇതിഹാസത്തിനായി മലർക്കെ തുറക്കപ്പെടുകയാണ്. കാൽപന്തിന്റെ മാന്ത്രികതക്ക് കണ്ണിമചിമ്മാതെ സാക്ഷ്യം വഹിക്കാൻ ഒരുനാട് അവിടേക്കൊഴുകും. ഖത്തർലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ എതിരാളികളെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ച് ലോകകീരിടത്തിൽ മുത്തമിട്ടൊരു മായാജാലക്കാരനെയും സംഘത്തെയുമാണ് അവർക്ക് കാണേണ്ടത്. കിക്കോഫോടെ വിസ്മയച്ചെപ്പ് തുറക്കുമ്പോൾ മിന്നൽവേഗമുള്ള പാസുകൾ നിറയുന്ന മൈതാനവും പവർഷോട്ടുകളാൽ തീപിടിക്കുന്ന ഗോൾവലയും കാണാം. ലോകഫുട്ബാൾ ചാമ്പ്യന്മാരായ അർജൻറീനയും ലയണൽ മെസ്സിയും കലൂർ സ്റ്റേഡിയത്തിന്റെ കളത്തിലിറങ്ങുമ്പോൾ, കൊച്ചിയുടെ ചരിത്രപുസ്തകം തങ്കലിപികളാൽ രചിക്കപ്പെടാൻ വീണ്ടും താളുകൾ മറിക്കും. അർജൻറീന ടീമും മെസ്സിയും കൊച്ചിയിലാണ് സൗഹൃദമത്സരത്തിനിറങ്ങുകയെന്ന വാർത്തകേട്ട് നാട് ഏറെ ആവേശത്തിലാണ്. ആതിഥേയത്വം വഹിക്കാൻ കൊച്ചി സജ്ജമാകുമ്പോൾ ആർത്തിരമ്പുന്നൊരു ഗാലറിയൊരുക്കാൻ ഫുട്ബാൾ പ്രേമികൾ തയാറെടുക്കുകയാണ്.
അനുയോജ്യ നഗരം കൊച്ചി
ലോകചാമ്പ്യന്മാർ കാൽപന്തുകളിക്ക് കേരളത്തുമ്പോൾ ആതിഥേയത്വം വഹിക്കാൻ എന്തുകൊണ്ടും അനുയോജ്യമായ നഗരം കൊച്ചിയാണെന്നാണ് വിലയിരുത്തൽ. രാജ്യാന്തര തലത്തിലെ പ്രമുഖർ, ടീമുമായി ബന്ധപ്പെട്ടവർ, വി.വി.ഐ.പികൾ, വി.ഐ.പികൾ എന്നിവരൊക്കെയായി വൻപട തന്നെ എത്തേണ്ടതുണ്ട്. അവരുടെ താമസ സൗകര്യമടക്കം കാര്യങ്ങൾക്ക് ഏറ്റവും അനുയോജ്യം കൊച്ചിയാണ്. വിദേശത്ത് നിന്നെത്തുന്നവർക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി നഗരത്തിലെ ഹോട്ടലുകളിലേക്കും സ്റ്റേഡിയത്തിലേക്കുമൊക്കെ എത്തുന്നതിനും വലിയ പ്രയാസമുണ്ടാകില്ല.
ഗതാഗതക്കുരുക്ക് പരമാവധി കുറച്ച് കാര്യങ്ങൾ സുഗമമാക്കാൻ മെട്രോ സൗകര്യം ഉപയോഗപ്പെടുത്താനാകുമെന്നത് കൊച്ചിയുടെ മേന്മയാണ്. കാണികൾക്ക് നഗരത്തിന് പുറത്ത് വിവിധ കേന്ദ്രങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് മെട്രോയും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗപ്പെടുത്തി കലൂർ സ്റ്റേഡിയത്തിലെത്താം. ഐ.എസ്.എൽ മത്സരങ്ങൾ നടക്കുമ്പോൾ സ്വീകരിക്കുന്ന മാതൃക ഇവിടെയും തുടരാനാകും. ഇതിലൂടെ പരമാവധി തിരക്ക് കുറക്കാനാകും.
ചരിത്രത്തിനൊപ്പം കളിച്ച സ്റ്റേഡിയം
നിരവധി പ്രധാന മത്സരങ്ങൾക്ക് വേദിയായ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിനിത് അർജൻറീനയുടെ സൗഹൃദ മത്സരം മറ്റൊരു ചരിത്രമുഹൂർത്തമാകും. അർജൻറീനയും മെസ്സിയുമെത്തുന്ന മത്സരം കാണാനെത്തുന്ന ഫുട്ബാൾ ആരാധാകരാൽ സ്റ്റേഡിയം നിറഞ്ഞുകവിയും. ഐ.എസ്.എൽ മത്സരങ്ങൾക്ക് വേദിയാകുന്ന ഘട്ടങ്ങളിലെ കലൂർ സ്റ്റേഡിയത്തിലെത്തുന്ന ഫുട്ബാൾ പ്രേമികളുടെ ആരവം രാജ്യാന്തര തലത്തിലടക്കം ചർച്ചയായിട്ടുള്ളതാണ്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആവേശം അണപൊട്ടുന്നത് ലോകശ്രദ്ധയാകർഷിച്ചതാണ്. ക്രിക്കറ്റ് സ്റ്റേഡിയമായി നിർമിക്കപ്പെട്ടതാണ് കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം. പിന്നീട് ഫുട്ബാൾ മത്സരങ്ങൾക്കും ഇത് ഉപയോഗിക്കാൻ ആരംഭിച്ചു.
1997ൽ ഇന്ത്യയും ഇറാഖും തമ്മിലുള്ള മത്സരത്തിൽ ഒരുലക്ഷത്തോളം കാണികൾ നിറഞ്ഞുവെന്നത് ചരിത്രം. പിന്നീട് ഒട്ടനവധി ചരിത്ര മത്സരങ്ങൾക്ക് സ്റ്റേഡിയം വേദിയായി. ഇവിടെ നടന്ന ക്രിക്കറ്റ് മത്സരങ്ങൾ കാണാനും നിരവധി ആരാധകരാണെത്തിച്ചേർന്നത്. ഇതിലൊന്നായിരുന്നു 2005ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന ഏകദിന ക്രിക്കറ്റ് മത്സരം. അതിന് മുമ്പ് 1998ൽ നടന്ന ഇന്ത്യ ഓസ്ട്രേലിയ മത്സരം സ്റ്റേഡിയത്തിലെ ആദ്യ ഏകദിന ക്രിക്കറ്റ് എന്ന നിലയിൽ ചരിത്രത്താളുകളിൽ ഇടംപിടിച്ചു. സച്ചിൻ തെണ്ടുൽക്കർ വിരമിച്ചതിന് ശേഷം ഇന്ത്യ കളിച്ച ആദ്യമത്സരത്തിനും സ്റ്റേഡിയം ആതിഥേയത്വം വഹിച്ചു. നവീകരണത്തിന് ശേഷം മികച്ച സൗകര്യങ്ങളോടെയാണ് സ്റ്റേഡിയം തുറക്കപ്പെട്ടത്. 2011ൽ സ്റ്റേഡിയത്തിലെ ആദ്യ ഐ.പി.എൽ മത്സരത്തിനും കൊച്ചി വേദിയായി.
സർവം സുഗമമാക്കും അധികൃതർ
തിരക്കേറിയ കൊച്ചി നഗരത്തിൽ കളിക്കാർക്കും കാണികൾക്കും സുരക്ഷയൊരുക്കാൻ വൻ പൊലീസ് പട തന്നെ രംഗത്തിറങ്ങേണ്ടി വരും. കൊച്ചിയെ വേദിയാക്കി നിശ്ചയിച്ച സാഹചര്യത്തിൽ ഇതിന് വേണ്ട ഒരുക്കവും തയാറെടുപ്പുകളും നേരത്തെ തന്നെ തുടങ്ങുമെന്നാണ് അറിവ്. ഇത് സംബന്ധിച്ച ആലോചനകൾക്കായി വരും ദിവസങ്ങളിൽ തന്നെ യോഗങ്ങൾ ചേർന്നേക്കും. കേരളത്തിലെ മറ്റൊരു നഗരത്തിനും നിലവിൽ ഇല്ലാത്ത ഈ സൗകര്യം കൊച്ചിയെ വേദിയാക്കുന്നതിന് പ്രധാന ഘടകമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഐ.എസ്.എൽ അടക്കം മത്സരങ്ങൾ നടന്ന ഘട്ടങ്ങളിൽ കാര്യക്ഷമമായി ഇടപെട്ടതിന്റെ അനുഭവങ്ങൾ സിറ്റി പൊലീസിന് മുതൽക്കൂട്ടാണ്. അതിലേറെ ഫുട്ബാൾ പ്രേമികളുടെ ഒഴുക്ക് മെസ്സിയും സംഘവുമെത്തുമ്പോൾ കൊച്ചിയിലേക്കുണ്ടാകുമെന്നത് ഉറപ്പാണ്.