നിലനിൽപ്പില്ലാത്തിടത്തുനിന്ന് പോയല്ലേ പറ്റൂ -രാഹുൽ
text_fieldsകേരള ബ്ലാസ്റ്റേഴ്സിനെതിരായ
മത്സരത്തിനായി
കൊച്ചിയിലെത്തുന്ന കെ.പി രാഹുൽ
മലപ്പുറം: 2017 ൽ ഇന്ത്യ ആതിഥേയരായ അണ്ടർ 17 ലോകകപ്പിൽ രാജ്യത്തിനായി നടത്തിയ മികച്ച പ്രകടനത്തോടെയാണ് കെ.പി രാഹുൽ എന്ന യുവതാരത്തെ മലയാളികൾ അറിഞ്ഞ് തുടങ്ങിയത്. 2019 ൽ കേരളത്തിന്റെ സ്വന്തം ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിട്ടതോടെ ഐ.എസ്.എല്ലിലും മലയാളികളുടെ ഇഷ്ടതാരമായി. കഴിഞ്ഞ ആറ് സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്സിന്റെ വലതു വിങ്ങറായിരുന്ന താരം ഒരാഴ്ച മുമ്പാണ് ടീം വിട്ട് ഒഡിഷ എഫ്.സിയിൽ ചേർന്നത്.
അതിവേഗ നീക്കങ്ങളിലൂടെ എതിരാളികളുടെ പാളയത്തിൽ വിള്ളൽ സൃഷ്ടിക്കുന്ന തൃശൂരുകാരന്റെ പെട്ടെന്നുണ്ടായ കൂടുമാറ്റം പല ബ്ലാസ്റ്റേഴ്സ് ആരാധകരെയും നിരാശരാക്കി. 81 തവണ ക്ലബ്ബിനുവേണ്ടി ബൂട്ടണിഞ്ഞ താരം ഒമ്പത് ഗോളുകളും നേടിയിരുന്നു. പുതിയ തട്ടകത്തിലെ അരങ്ങേറ്റത്തിൽ തന്നെ ഒഡീഷയുടെ ഹീറോ ആയി മാറാനും താരത്തിനായി. ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിൽ അവസാന നിമിഷം ഒഡിഷ നേടിയ സമനില ഗോൾ രാഹുലിന്റെ ഷോട്ടിൽ പിറന്ന സെൽഫ് ഗോളിലൂടെയായിരുന്നു.
•പുതിയ ടീമിൽ എത്തിയ ശേഷമുള്ള ആദ്യകളിയിൽ തന്നെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒഡിഷ എഫ്.സിക്കൊപ്പമുള്ള പ്രതീക്ഷകൾ എന്തെല്ലാം?
•ഐ.എസ്.എല്ലിൽ ചാമ്പ്യന്മാരാകുക എന്നത് തന്നെയാണ് ഏറ്റവും വലിയ ആഗ്രഹവും പ്രതീക്ഷയും. ടീമിനുവേണ്ടി നല്ല രീതിയിൽ കളിക്കാൻ കഴിയണം. കരാറിനേക്കാൾ ഞാൻ പരിഗണിച്ചത് കളിക്കാനുള്ള അവസരത്തെയായിരുന്നു. വ്യക്തിപരമായി സംസാരിച്ചപ്പോൾ ഒഡിഷ കോച്ച് അത് ഉറപ്പ് നൽകി. ആദ്യ മത്സരത്തിൽ തന്നെ ഫസ്റ്റ് ഇലവനിൽ ഉൾപ്പെടുത്തി. കുറേ നാളായി ഇഷ്ടമുള്ള പരിശീലകനാണ് സെർജിയോ ലബോറെ. വർഷങ്ങളായി ഐ.എസ്.എല്ലിലുള്ള, ചാമ്പ്യൻ കോച്ചായ അദ്ദേഹത്തിന്റെ കീഴിൽ കളിക്കാൻ കഴിയുന്നത് വലിയ ഭാഗ്യമായാണ് കരുതുന്നത്. അദ്ദേഹത്തിന്റെ കളിയുടെ സ്പാനിഷ് ശൈലിയും ഇഷ്ടമാണ്. അദ്ദേഹം ആദ്യ കളിയിൽ തന്നെ എന്നെ മുഴുസമയവും കളിപ്പിച്ചു. കഴിഞ്ഞ സീസണിലും ഈ സീസണിലും എന്നെ ഒരു കോച്ചും അത്ര കളിപ്പിച്ചിരുന്നില്ല. അത്രത്തോളം എന്നെ വിശ്വസിച്ച ഒരു ടീമിന് വേണ്ടി കഴിവിന്റെ പരമാവധി പരിശ്രമിക്കുകയും ചെയ്തു.
•കേരള ബ്ലാസ്റ്റേഴ്സുമായുള്ള ആത്മബന്ധവും ക്ലബ്ബ് വിടാനുള്ള തീരുമാനവും ?
•ഏറെ താല്പര്യത്തോടെയും ഇഷ്ടത്തോടയുമാണ് ബ്ലാസ്റ്റേഴ്സിൽ ചേർന്നത്. എന്റെ മാത്രമല്ല കുടുംബത്തിന്റെ കൂടി താൽപര്യമായിരുന്നു അത്. ഒരുപാട് നല്ല മുഹൂർത്തങ്ങൾ ബ്ലാസ്റ്റേഴ്സിനൊപ്പം അനുഭവിക്കാൻ കഴിഞ്ഞു. എന്നാൽ ഒരു കളിക്കാരന് എല്ലാ സമയത്തും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞെന്ന് വരില്ല. വ്യക്തിപരമായും ഒരുപാട് കാര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നു. കാണികളെ സംബന്ധിച്ചിടത്തോളം കളിക്കാരന്റെ മൈതാനത്തെ പ്രകടനം മാത്രമേ വിലയിരുത്താൻ കഴിയൂ. അവസാന മത്സരങ്ങളിലെല്ലാം കുറഞ്ഞ സമയം മാത്രമാണ് ഞാൻ കളിച്ചത്. ഏറെ ആഗ്രഹിച്ചിരുന്ന കൊൽക്കത്തയിലെയും ബംഗളൂരുവിലെയും മത്സരത്തിൽ കളിക്കാൻ കഴിയാത്തത് വളരെയധികം വിഷമമുണ്ടാക്കി. മാത്രമല്ല, കരാർ പുതുക്കാൻ ക്ലബ്ബ് താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. നിലനിൽപ്പില്ലാത്തിടത്ത് നിന്ന് പോയല്ലേ പറ്റൂ എന്ന സാഹചര്യത്തിലാണ് ടീം വിടാൻ സന്നദ്ധനായത്. എങ്കിലും അന്നും ഇന്നും എന്നും ഞാൻ കേരള ബ്ലാസ്റ്റേഴ്സിനെ സ്നേഹിക്കുന്ന ആളാണ്. ടീം എന്നും നന്നായി കളിക്കണം എന്ന് തന്നെയാണ് ആഗ്രഹം.
• കൂടെയുണ്ടായിരുന്ന ആരാധകരിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്.. ?
• സ്നേഹിക്കുന്നവരും അല്ലാത്തവരുമായ ഒരുപാട് പേരുണ്ടായിരുന്നു. നമ്മെ പിന്തുണക്കാനും സ്നേഹിക്കാനുമുള്ള പോലെ തന്നെ എത്ര നന്നായി കളിച്ചാലും കുറ്റം കണ്ടുപിടിക്കാനും എതിരഭിപ്രായം പറയാനും ആളുകൾ ഉണ്ടാവും. അത് എല്ലാവരും നേരിടുന്നതാണ്. ടീം മാറുമ്പോൾ സ്വാഭാവികമായും ആശങ്കകൾ ഉണ്ടാകുമല്ലോ, എങ്കിലും നമ്മൾ സ്നേഹിച്ചാൽ നമ്മോടൊപ്പം ആളുകൾ ഉണ്ടാകും. പുതിയ ടീമിന്റെ ആരാധകർ കൂടെയുണ്ടാകും എന്നാണ് വിശ്വാസം. ഒരു തീരുമാനമെടുക്കുമ്പോൾ അതിനൊപ്പമുള്ളതു കൂടി നാം നേരിടണമല്ലോ.. എല്ലാവരോടും സ്നേഹവും സന്തോഷവും മാത്രം.