വയനാട്ടു പോരിൽ കേരള
text_fieldsഗോൾ നേടിയ കേരള യുനൈറ്റഡ് എഫ്.സി താരം ഒറോയുടെ ആഹ്ലാദം
കൽപറ്റ: മരവയൽ ജില്ല സ്റ്റേഡിയത്തിൽ ആരംഭിച്ച സ്കോർലൈൻ കേരള പ്രീമിയർ ലീഗിന്റെ ആദ്യപാദ സെമി ഫൈനലിൽ കേരള യുനൈറ്റഡ് എഫ്.സിക്ക് ജയം. എതിരില്ലാത്ത മൂന്നു ഗോളിനാണ് ആതിഥേയരായ വയനാട് യുനൈറ്റഡ് എഫ്.സിയെ പരാജയപ്പെടുത്തിയത്. നൈജീരിയൻ താരം എസക്കിൽ ഓറെ, പ്രതിരോധതാരം മനോജ്, വാൻലാൽ സൗമ എന്നിവർ സ്കോർ ചെയ്തു. രണ്ടാം പാദ സെമി ബുധനാഴ്ച നടക്കും. ചൊവ്വാഴ്ച വൈകീട്ട് ഏഴിന് ഗോകുലം കേരളയും കോവളം എഫ്.സിയും തമ്മിൽ ആദ്യ പാദ സെമി ഫൈനൽ മത്സരം അരങ്ങേറും.
വയനാടിനെതിരെ ആദ്യ പകുതിയുടെ 13ാം മിനിറ്റിൽ നൈജീരിയൻ താരം എസക്കിൽ ഓറെ ത്രോയിൽനിന്ന് ലഭിച്ച പന്ത് പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് തിരിച്ചുവിട്ടാണ് കേരള യുനൈറ്റഡിനെ മുന്നിലെത്തിച്ചത്. പിന്നാലെ വയനാട് ഒപ്പമെത്താൻ നിരന്തര ശ്രമങ്ങൾ നടത്തി. എന്നാൽ, ഗോളെന്നുറച്ച മൂന്നിലധികം അവസരങ്ങൾ സന്ദർശകരുടെ ഗോൾകീപ്പർ പ്രതീഷ് തട്ടിയകറ്റി. ആക്രമണ പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും മുന്നേറ്റം കടുപ്പിച്ചെങ്കിലും ആദ്യ പകുതിയിൽ ഗോളൊഴിഞ്ഞുനിന്നു.
രണ്ടാം പകുതിയുടെ തുടക്കം മുതൽ ഒപ്പമെത്താനുള്ള ശ്രമങ്ങളിലായിരുന്നു വയനാട്. ആക്രമണങ്ങൾ കനപ്പിക്കുന്നതിനിടെ കളിയുടെ 71ാം മിനിറ്റിൽ കേരള യുനൈറ്റഡ് വീണ്ടും ഞെട്ടിച്ചു. ഫ്രീകിക്കിൽനിന്ന് ലഭിച്ച പന്ത് പ്രതിരോധതാരം മനോജ് പോസ്റ്റിന്റെ വലതുമൂലയിലേക്ക് ഹെഡ് ചെയ്തിടുകയായിരുന്നു. കളിയുടെ അവസാന നിമിഷമാണ് വാൻ ലാൽ വനലൈസാമ (90+3) മൂന്നാം ഗോൾ നേടിയത്.