‘മെസ്സി എന്നേക്കാൾ കേമനാണെന്നോ? ഞാനത് അംഗീകരിക്കില്ല’; പതിവുവാദവുമായി വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ
text_fieldsഅർജന്റീനയുടെ ലോകജേതാവായ നായകൻ ലയണൽ മെസ്സിയേക്കാൾ കേമനാണ് താനെന്ന വാദവുമായി പോർചുഗലിന്റെ സ്റ്റാർ സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ. മെസ്സി തന്നേക്കാൾ കേമനാണെന്ന വാദം ഒരിക്കലും അംഗീകരിക്കില്ലെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗനുമായുള്ള പുതിയ അഭിമുഖത്തിൽ അൽ നസ്ർ താരം പറയുന്നു.
‘ആളുകൾ പറയുന്നത് മെസ്സി നിങ്ങളേക്കാൾ കേമനാണെന്നാണ്. നിങ്ങളെന്തു പറയുന്നു?’ എന്നായിരുന്നു മോർഗന്റെ ചോദ്യം. ‘മെസ്സി എന്നേക്കാൾ കേമനാണെന്നോ? ആ അഭിപ്രായം ഞാൻ ഒരിക്കലും അംഗീകരിക്കില്ല. അത്ര വിനയാന്വിതനാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല’-എന്നായിരുന്നു ഇതിന് ക്രിസ്റ്റ്യാനോയുടെ മറുപടി. നേരത്തേയും മെസ്സിയെക്കുറിച്ച ചോദ്യങ്ങൾക്ക് നിഷേധാത്മകമായി മറുപടി പറയുന്ന റൊണാൾഡോ, അർജൈന്റൻ താരത്തിന്റെ അധീശത്വം ഒരിക്കലും അംഗീകരിച്ചിട്ടില്ല.
പോർചുഗീസുകാരനൊപ്പം മാഞ്ചസ്റ്റർ യുനൈറ്റഡിൽ ഒന്നിച്ച് ബൂട്ടണിഞ്ഞ ഇംഗ്ലണ്ടിന്റെ വിഖ്യാത താരം വെയ്ൻ റൂണിയുടെ അഭിപ്രായവും അഭിമുഖത്തിൽ ചർച്ചയായി. റൊണാൾഡോയേക്കാൾ മികച്ച കളിക്കാരൻ മെസ്സിയാണെന്ന് റൂണി പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. അത് ചൂണ്ടിക്കാട്ടിയപ്പോൾ ‘അത് എന്നെ അലോസരപ്പെടുത്തുന്നില്ല’ എന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ മറുപടി.
ലോകത്തെ ശതകോടീശ്വരനായ ആദ്യ കായികതാരമെന്ന നിങ്ങൾ ഈയിടെ സ്വന്തമാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേക്കുറിച്ച് എന്തു പറയുന്നു? എന്ന ചോദ്യത്തിന് രസകരമായിരുന്നു താരത്തിന്റെ മറുപടി. ‘ഈ പറഞ്ഞത് ശരിയല്ല. ഞാൻ വർഷങ്ങൾക്കുമുമ്പേ ശതകോടീശ്വരൻ ആയിട്ടുണ്ട്’. നവംബർ നാലിനാണ് അഭിമുഖത്തിന്റെ പൂർണരൂപം പിയേഴ്സ് മോർഗന്റെ യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്യുന്നത്.


