ഗോളടിച്ചും അടിപ്പിച്ചും മെസ്സി; കണക്കു തീർത്ത് ഇന്റർ മയാമി
text_fieldsലയണൽ മെസ്സി
േഫ്ലാറിഡ: അമേരിക്കൻ എം.എൽ.എസ് ക്ലബായ ഇന്റർ മയാമിയിൽ ലയണൽ മെസ്സിയുടെ ആദ്യ കിരീടമെന്ന സ്വപ്നങ്ങൾ രണ്ടാഴ്ചമുമ്പ് തച്ചടുച്ച സിയാറ്റിൽ സൗണ്ടേഴ്സിനെതിരെ കണക്കു തീർത്ത് അർജന്റീന താരം.
ഗോളടിച്ചും അടിപ്പിച്ചും മെസ്സി കളം വാണപ്പോൾ എം.എൽ.എസിൽ ഇന്റർ മയാമി 3-1ന് സിയാറ്റിൽ സൗണ്ടേഴ്സിനെ തോൽപിച്ചു. കളിയുടെ 12ാം മിനിറ്റിൽ ജോർഡി ആൽബയിലൂടെയായിരുന്നു ഇന്റർ മയാമി ആദ്യം സ്കോർ ചെയ്തത്. മധ്യനിരയിൽ മെസ്സിയിലൂടെ തുടങ്ങിയ നീക്കമായിരുന്നു, എതിർ പ്രതിരോധത്തെയും മറികടന്നുകൊണ്ട് ബോക്സിനുള്ളിൽ ജോർഡി ആൽബയിലെത്തിയത്. ഇടതു വിങ്ങിൽ നിന്നും സവീകരിച്ച ആൽബ അനായാം സ്കോർ ചെയ്തു.
41ാം മിനിറ്റിൽ ലയണൽ മെസ്സി നേടിയ ഗോളിലേക്ക് ജോർഡി മറുപടി അസിസ്റ്റുമായി കടംവീട്ടി. അനായാസം പന്ത് തട്ടിയിട്ട് താരം രണ്ടാം ഗോൾ കുറിച്ചു. 52ാം മിനിറ്റിലായിരുന്നു ഇന്ററിന്റെ മൂന്നാം ഗോൾ പിറഞ്ഞത്. റോഡ്രിഗോ ഡി പോളിന്റെ കോർണർ കിക്കിനെ അമേരിക്കയുടെ ഇയാൻ ഫ്രെ ഹെഡ്ഡറിലൂടെ വലയിലാക്കി ഗോളെണ്ണം മൂന്നായി ഉയർത്തി. 69ാം മിനിറ്റിൽ മെക്സികൻ താരം ഒബെഡ് വർഗാസിന്റെ വകയായിരുന്നു സിയാറ്റിലിന്റെ ആശ്വാസ ഗോൾ.
സെപ്റ്റംബർ ഒന്നിനായിരുന്നു ലീഗ് കപ്പ് ഫൈനലിൽ സിയാറ്റിൽ മറുപടിയില്ലാത്ത മൂന്ന് ഗോളിന് ഇന്റർ മിയാമിയെ തോൽപിച്ച് കിരീടമണിഞ്ഞത്. ആ വേദനക്കാണ് ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ എം.എൽ.സിലൂടെ മറുപടി നൽകിയത്.
നിലവിൽ പോയന്റ് പട്ടികയിൽ ഇന്റർ മിയാമി 27 കളിയിൽ 49 പോയന്റുമായി ഒമ്പതാം സ്ഥാനത്താണുള്ളത്. 30 കളി പൂർത്തിയാക്കി 57 പോയന്റ് നേടിയ ഫിലാഡൽഫിയയാണ് ഒന്നാമത്.