സലാഹ് പോകുമ്പോൾ പകരക്കാരനായി ലിവർപൂൾ ഉന്നമിടുന്നത് ഈ ഏഷ്യൻ താരത്തെ...
text_fieldsമുഹമ്മദ് സലാഹ്
ലണ്ടൻ: ആധുനിക ഫുട്ബാളിലെ മിന്നുംതാരങ്ങളിൽ ഒരാളായ മുഹമ്മദ് സലാഹ് ഈ സീസണിനൊടുവിൽ ലിവർപൂൾ വിടുമെന്ന് ഏറക്കുറെ ഉറപ്പായി. ഏറെക്കാലമായി ലിവർപൂളിന്റെ മുന്നണിയിൽ ഗോളടിച്ചും അടിപ്പിച്ചും അപാരമായ പ്രഹരശേഷിയും കളിമിടുക്കും പുറത്തെടുത്ത പ്രതിഭാധനന് പകരംവെക്കാൻ ആരെന്ന ചർച്ചകളിലായിരുന്നു ലിവർപൂൾ. ഒത്ത പകരക്കാരനെ കണ്ടെത്താനാവാത്ത ക്ലബ് താരവുമായി പുതിയ കരാറിനുള്ള തീവ്രശ്രമവും ഇതിനിടയിൽ നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകളുമുണ്ട്.
32-ാം വയസ്സിലും തകർപ്പൻ പ്രകടനവുമായി ക്ലബിനെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നയിക്കുകയാണ് സലാഹ്. എന്നാൽ, സീസണിൽ കരാർ അവസാനിക്കുന്ന മുറയ്ക്ക് സൗദി ലീഗിലേക്ക് തട്ടകം മാറാനാണ് ഈജിപ്തുകാരൻ ആഗ്രഹിക്കുന്നത്. ക്ലബിനൊപ്പം വിശ്വസ്തനായി ഏറെക്കാലം പടനയിച്ച താരം കൂടുമാറിയേക്കാവുന്ന സാഹചര്യത്തിൽ, മുൻനിരയിലെ ഗോൾവേട്ടക്കാരന്റെ ഒഴിവിലേക്ക് പലരെയും പരിഗണിച്ച ലിവർപൂൾ ഒടുവിൽ ഒരു ഏഷ്യൻ താരത്തിലേക്ക് തങ്ങളുടെ ശ്രദ്ധയൂന്നുകയാണ്. സ്പാനിഷ് ലീഗിൽ റയൽ സൊസീഡാഡിന് കളിക്കുന്ന ജാപ്പനീസ് സ്ട്രൈക്കർ തകേഫുസ കുബോയാണ് സലാഹിന് പകരമായി ലിവർപൂൾ അണിയിലെത്തിക്കാൻ കൊതിക്കുന്ന താരം.
സീസണിൽ സൊസീഡാഡിന് വേണ്ടി ഏഴു ഗോളുകൾ നേടിയ കുബോ നാലു ഗോളുകൾക്ക് വഴിയൊരുക്കിയിട്ടുമുണ്ട്. 2022 മുതൽ സൊസീഡാഡ് നിരയിൽ ബൂട്ടുകെട്ടുന്ന 23കാരൻ 91 കളികളിൽ 21 ഗോളുകളാണ് നേടിയത്. എഫ്.സി ടോക്കിയോയിൽനിന്ന് 2019ൽ റയൽ മഡ്രിഡിലെത്തിയ കുബോ മൂന്നു സീസണുകളിൽ റയൽ മയ്യോർക്ക, വിയ്യാറയൽ, ഗെറ്റാഫെ ടീമുകൾക്കുവേണ്ടി വായ്പാടിസ്ഥാനത്തിൽ കളത്തിലിറങ്ങി. 2019 മുതൽ ജപ്പാൻ ജഴ്സിയിൽ കളിക്കുന്ന താരം 2022 ഖത്തർ ലോകകപ്പിൽ ഉൾപ്പെടെ ദേശീയ ടീമിനുവേണ്ടി 42 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്.
സലാഹിനുപുറമേ, ലിവർപൂൾ പ്രതിരോധത്തിലെ ശക്തി ദുർഗമായ ക്യാപ്റ്റൻ വിർജിൽ വാൻഡെയ്ക്കും സീസണിനൊടുവിൽ ക്ലബ് വിടുമെന്നാണ് സൂചനകൾ. നെതർലൻഡ്സുകാരനുമായുള്ള ക്ലബിന്റെ കരാർ ഈ സീസണോടെ അവസാനിക്കും. വാൻഡെയ്ക്ക് കൂടുമാറുന്നപക്ഷം ബാഴ്സലോണയുടെ ഉറുഗ്വെൻ ഡിഫൻഡർ റൊണാൾഡ് അറോയോയെ ടീമിലെത്തിക്കാനുള്ള ലിവർപൂൾ ഉന്നമിടുന്നത്.