ലീഡ്സിൽ സമനില തെറ്റി ലിവർപൂൾ; പരീക്ഷണങ്ങൾ പാളി കോച്ച് സ്ലോട്ട്; മൂന്ന് ഗോളടിച്ചിട്ടും സമനില
text_fieldsലീഡ്സിനെതിരായ മത്സര ശേഷം ലിവർപൂൾ കോച്ച് ആർനെ സ്ലോട്ട്
ലണ്ടൻ: ലിവർപൂളിന്റെ കഷ്ടകാലത്തിനു മേൽ, ഒന്നിനു പിന്നാലെ ഒന്നായി ഗോളുകൾ അടിച്ചുകയറ്റി ലീഡ്സിന്റെ ത്രില്ലർ സമനില. ഗോൾരഹിതമായ ഒന്നാം പകുതിക്കു ശേഷം, രണ്ടാം പകുതിയിൽ ഇരു ടീമുകളും ചേർന്ന് അടിച്ചു കൂട്ടിയത് ആറ് ഗോളുകൾ. രണ്ട് മിനിറ്റിനുള്ളിൽ ഇരട്ട ഗോൾ നേടിയ ഹ്യൂഗോ എകിടികെയിലൂടെ 2-0ത്തിന് ലിവർപൂൾ ലീഡ് നേടിയെങ്കിലും ലീഡ്സ് ശക്തമായി തന്നെ തിരിച്ചടിച്ചു. ഒടുവിൽ ഇഞ്ചുറി ടൈമിൽ ലോങ് വിസിലിന് രണ്ടു മിനിറ്റ് മാത്രം ബാക്കിനിൽക്കെ ജപ്പാൻ താരം ഒ തനാകയുടെ ഗോളിലൂടെ മത്സരം 3-3ന് സമനിലയിൽ അവസാനിപ്പിച്ചു.
തുടർ തോൽവികൾക്കൊടുവിൽ ഒരാഴ്ച മുമ്പ് വെസ്റ്റ് ഹാം യുനൈറ്റഡിനെതിരെ ജയിച്ച് വിലപ്പെട്ട പോയന്റ് നേടിയ ലിവർപൂളിന്, പക്ഷേ, ഡിസംബറിൽ തുടർച്ചയായ രണ്ടാം സമനിലയാണ് കുരുങ്ങിയത്.
മൂന്നാം മത്സരത്തിലും മുഹമ്മദ് സലാഹിനെ ബെഞ്ചിലിരുത്തിയാണ് കോച്ച് ആർനെ സ്ലോട്ട് ടീമിനെ ഇറക്കിയത്. അലക്സാണ്ടർ ഇസാകിനു പകരം ഹ്യൂഗെ എകിടികെ, മക് അലിസ്റ്ററിനു പകരെ കർടിസ് ജോൺസ്, ഗോഡി ഗാക്പോ, പ്രതിരോധത്തിൽ കൊണോർ ബ്രാഡ്‍ലി എന്നിവരും െപ്ലയിങ് ഇലവനിൽ ഇടം നേടി. റെഡ്സിന്റെ ആക്രമണത്തെ പ്രതിരോധിച്ചും, വിങ്ങുകൾ ചടുലമാക്കി പന്തിനെ എത്തിച്ചുമായിരുന്നു ലീഡ്സ് മറു തന്ത്രം മെനഞ്ഞത്.
എന്നാൽ, ആദ്യ പകുതിയിൽ ഗോൾ പിറന്നില്ലെങ്കിലും റെഡ്സിനു തന്നെയായിരുന്നു മേധാവിത്വം.
രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ ലിവർപൂൾ ടൈ ബ്രേക്ക് ചെയ്തു. 48ാം മിനിറ്റിൽ ലീഡ്സ് പ്രതിരോധത്തെ കീഴടക്കികൊണ്ട് എകിടികെ ആദ്യം സ്കോർ ചെയ്തു. ആ ഗോൾ ആവേശം അടങ്ങും മുമ്പേ 50ാം മിനിറ്റിൽ ബ്രാഡ്ലി നീട്ടി നൽകിയ ക്രോസ് ലീഡ് ഗോളിയുടെ കൈകളിൽ തൊടും മുമ്പേ എകിടികെ വലയിലേക്ക് നിറച്ചു.
രണ്ട് ഗോൾ ലീഡിന്റെ ആവേശം അധികം നീണ്ടു നിന്നില്ല. മറ്റൊരു രണ്ട് മിനിറ്റ് ഇടവേളയിൽ ലീഡ്സ് തിരിച്ചടിച്ചു. 73ാം മിനിറ്റിൽ പെനാൽറ്റിയാണ് വഴിതിരിച്ചത്. കിക്കെടുത്ത ഡൊമിനിക് കാൾവെർട്ട്, ലക്ഷ്യത്തിലെത്തിച്ചു. 75ാം മിനിറ്റിൽ ലിവർപൂൾ പ്രതിരോധം പൊളിച്ച് ആന്റൺ സ്റ്റാച്ച് സമനില ഗോൾ നേടി. ലോങ് വിസിലിന് സമയം ഇനിയും ബാക്കിനിൽക്കെ വിജയ ഗോളിനായുള്ള ശ്രമമായി. 80ാം മിനിറ്റിൽ ഉജ്വലമായൊരു ഫിനിഷിലൂടെ ഡൊമിനിക് സൊബോസ്‍ലായ് മൂന്നാം ഗോൾ നേടിയെങ്കിലും 96ാം മിനിറ്റിൽ ലീഡ്സ് വീണ്ടും സമനില നേടി.
കോച്ച് ആർനെ സ്ലോട്ടിന്റെ കണക്കുകൂട്ടലുകൾ തുടർച്ചയായി പിഴക്കുമ്പോൾ ആരാധക രോഷവും ടീമിനെതിരെ ഉയരുകയാണ്. നിലവിൽ 15 കളിയിൽ 23 പോയന്റുമായി എട്ടാം സ്ഥാനത്താണ് ലിവർപൂൾ. ആക്രമണ നിര താളം വീണ്ടെടുക്കുമ്പോൾ, വെർജിൽ വാൻഡൈകും, ഇബ്രഹിമ കൊനാറ്റെയും ഉൾപ്പെടെ പ്രതിരോധ നിര തീർത്തും ദുർബലമാവുന്നതാണ് ഗോൾ വഴങ്ങാൻ കാരണമായി മാറിയത്. അവസാന മിനിറ്റുകളിൽ അലക്സാണ്ടർ ഇസാകിനെയും വതാരു എൻഡോയെയും കളത്തിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. മുഹമ്മദ് സലാഹിനെ തീരെ ഉപയോഗപ്പെടുത്തിയുമില്ല.


