ഇന്ത്യൻ ഫുട്ബാൾ ടീം പരിശീലകൻ; അപേക്ഷിച്ചവരിൽ ലിവർപൂൾ ഇതിഹാസങ്ങളും, മുൻഗണന ഇന്ത്യക്കാരന്...
text_fieldsന്യൂഡൽഹി: ഇന്ത്യൻ ദേശീയ ഫുട്ബാൾ ടീമിന്‍റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചവരിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബിന്‍റെ മുൻ ഇതിഹാസ താരങ്ങളായ റോബി ഫൗളറും ഹാരി കെവെലും.
മൊത്തം 170 അപേക്ഷകളാണ് അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന് (എ.ഐ.എഫ്.എഫ്) ലഭിച്ചത്. സ്പെയിൻകാരൻ മനോലോ മാർക്കേസ് പരിശീലക സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് പുതിയ പരിശീലകനെ തേടി എ.ഐ.എഫ്.എഫ് ഈ മാസം നാലിന് പരസ്യം നൽകിയത്. കഴിഞ്ഞവർഷം 291 അപേക്ഷകൾ ലഭിച്ചിരുന്നു. ഇന്ത്യയുടെ മുൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്‍റൈൻ വീണ്ടും അപേക്ഷ സമർപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
അപേക്ഷകരുടെ പേരുകൾ ഫേഡറേഷൻ പുറത്തുവിട്ടിട്ടില്ല. റോബി ഫൗളർ, ഹാരി കെവെൽ എന്നിവരാണ് അപേക്ഷിച്ചവരിൽ പ്രമുഖർ എന്നാണ് പുറത്തുവരുന്ന വിവരം. ക്യൂൻസ് ലാൻഡിലെ പ്രമുഖ ഫുട്ബാൾ ക്ലബ് ബ്രിസ്ബേൻ റോറിനെയും ഈസ്റ്റ് ബംഗാളിനെയും പരിശീലിപ്പിച്ച അനുഭവം ഫൗളറിനുണ്ട്. പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒമ്പതാമത്തെ ഗോൾ സ്കോററാണ് സ്ട്രൈക്കറായിരുന്നു ഫൗളർ. 1993 മുതൽ 2001 വരെയുള്ള ലിവർപൂൾ കരിയറിൽ 183 ഗോളുകളാണ് താരം നേടിയത്. ആൻഫീൽഡിലെ ആരാധകർ ‘ദൈവം’ എന്ന വിളിപ്പേരാണ് താരത്തിന് ചാർത്തി നൽകിയത്. പിന്നാലെ ലീഡ്സ് യുനൈറ്റഡിലും മാഞ്ചസ്റ്റർ സിറ്റിയിലും കളിച്ച ഫൗളർ 2006ൽ വീണ്ടും ലിവർപൂളിലെത്തി.
ഇംഗ്ലണ്ട് ദേശീയ ടീമിനുവേണ്ടി 26 മത്സരങ്ങളിൽനിന്ന് ഏഴു ഗോളുകൾ നേടി. ഇംഗ്ലണ്ടിന്‍റെ 1996, 2000 യൂറോ ടീമിലും 2002 ഫിഫ ലോകകപ്പ് ടീമിലും ഇടംനേടിയിരുന്നു. ആസ്ട്രേലിയൻ പരിശീലകനായ കെവെൽ ലീഡ്സ് യുനൈറ്റഡ്, ലിവർപൂൾ, ഗലറ്റ്സാറെ, മെൽബൺ വിക്ടറി ക്ലബുകൾക്കുവേണ്ടി കളിച്ചിട്ടുണ്ട്. ഓസീസ് ദേശീയ ടീമിനുവേണ്ടി 58 മത്സരങ്ങളിൽനിന്ന് 17 തവണ വലകുലുക്കി. ഇംഗ്ലീഷ് ഫുട്ബാളിലെ ലോവർ ഡിവിഷനിലുള്ള ക്ലബുകളുടെ പരിശീലകനായി പേരെടുത്തിട്ടുണ്ട് കെവെൽ. കൂടാതെ, മോഹൻ ബഗാൻ മുൻ പരിശീലകൻ സാൻജോയ് സെൻ, ജംഷഡ്പുർ എഫ്.സി പരിശീലകൻ ഖാലിദ് ജമീൽ എന്നീ ഇന്ത്യക്കാരും സ്പെയിനിൽ നിന്നുള്ള ആന്‍റോണിയോ ലോപ്പസ് ഹബാസും അപേക്ഷകരുടെ കൂട്ടത്തിലുണ്ട്.
സാമ്പത്തിക പ്രതിസന്ധി കാരണം ഇന്ത്യയിൽ നിന്നുള്ളവർക്കാണു എ.ഐ.എഫ്.എഫ് മുൻഗണന നൽകുന്നതെന്ന് വിവരമുണ്ട്.
ഈസ്റ്റ് ബംഗാൾ, നോർത്ത് ഈസ്റ്റ് യുനൈറ്റഡ്, മോഹൻ ബഗാൻ ക്ലബുകളുടെ പരിശീലകനായിരുന്ന 48കാരൻ ഖാലിദ് ജമീലിനെ ഫെഡറേഷന് ഏറെ താൽപര്യമുണ്ടെന്നാണു വിവരം. ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിൽ ഒക്ടോബർ ഒമ്പതിന് സിംഗപ്പൂരിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.