ഗൾഫ് കപ്പിനുള്ള ഖത്തർ സ്ക്വാഡിൽ മലയാളി താരം തഹ്സിൻ മുഹമ്മദും
text_fieldsതഹ്സിൻ മുഹമ്മദ്
ദോഹ: സെപ്റ്റംബർ 23 മുതൽ സൗദി അറേബ്യയിൽ നടക്കുന്ന ഗൾഫ് കപ്പ് പോരാട്ടങ്ങൾക്കായുള്ള ഖത്തർ ദേശീയ ഫുട്ബാൾ ടീമിൽ മലയാളി താരം തഹ്സിൻ മുഹമ്മദ് ഇടംപിടിച്ചു. മുൻ സ്പാനിഷ് ദേശീയ ടീം പരിശീലകനായ ജൂലൻ ലോപ്റ്റെഗിയുടെ കീഴിൽ അണിനിരക്കുന്ന 26 അംഗ അന്നാബികളുടെ സംഘത്തിലാണ് ദോഹയിൽ കളിച്ചുവളർന്ന കണ്ണൂർ വളപട്ടണം സ്വദേശി തഹ്സിൻ ഇടം നേടിയത്.
നേരത്തേ, 2026 ഫിഫ ലോകകപ്പിനുള്ള ഖത്തർ സ്ക്വാഡിലേക്ക് തെരഞ്ഞെക്കപ്പെട്ടപ്പോഴും ജന്മനാട്ടിലും പ്രവാസി മലയാളി സമൂഹത്തിലും വലിയ ആവേശമാണുണ്ടായത്. തഹ്സിന് പിന്തുണയുമായി നാട്ടിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നു. മലയാളി താരം ലോകകപ്പിൽ പന്തുതട്ടുന്നത് സ്വപ്നം കണ്ട മലയാളികൾക്ക് പക്ഷെ, തഹ്സിൻ പകരക്കാരുടെ ബെഞ്ചിലിരിക്കുന്നത് കാണാനായിരുന്നു യോഗം. ഇത്തവണ ഗൾഫ് കപ്പിൽ ഖത്തറിനായി പന്തുതട്ടുമെന്ന പ്രതീക്ഷയിലാണ് ഫുട്ബാൾ ആരാധകർ. സീനിയർ താരങ്ങളും യുവനിരയും ഉൾപ്പെടുന്ന 26 അംഗ സംഘത്തെയാണ് ഖത്തർ ഫുട്ബാൾ അസോസിയേഷൻ പ്രഖ്യാപിച്ചത്.
ഖത്തർ സ്ക്വാഡ്: മഹ്മൂദ് അബുനാദ, സ്വലാഹ് സകരിയ്യ, മെഷാൽ ബർഷാം (ഗോൾ കീപ്പർമാർ). അക്രം അഫീഫ്, ഹസൻ അൽ ഹൈദോസ്, അൽ മുഈസ് അലി, അബ്ദുൽ അസീസ് ഹാതിം, ബൗആലം ഖൂഖി, കരീം ബൂദിയാഫ്, താരിഖ് സൽമാൻ, പെഡ്രോ മിഗ്വേൽ, സുൽത്താൻ അൽ ബ്രേക്ക്, അഹമ്മദ് അൽ ജനാഹി, അഹമ്മദ് അലാ, അഹമ്മദ് ഫത്ഹി, ആസിം മദിബോ, അയ്യൂബ് അൽ അലവി, എഡ്മിൽസൺ ജൂനിയർ, ഹാഷിം അലി, ഹമാം അൽ അമീൻ, ഇസ്സ ലായ്, ജാസിം ജാബർ, മുഹമ്മദ് മന്നായി, നായിഫ് അൽ ഹദ്റാമി, തഹ്സീൻ മുഹമ്മദ്, യൂസഫ് അബ്ദുൽറസാഖ്.


