മറഡോണ, ലോകത്തിെൻറ സുഹൃത്ത്
text_fieldsഎം.എ ബേബി ഡീഗോ മറഡോണക്കൊപ്പം
മറഡോണ നമ്മുടെ ബോധത്തിൽ അസാധാരണമായ സ്വാധീനം ചെലുത്തിയിരുന്നയാളാണ്. ലോകമെങ്ങുമുള്ള മനുഷ്യരെ കാൽപ്പന്തിൽ കുരുക്കിയിട്ട മഹാപ്രതിഭ. 1994 ലെ അമേരിക്കൻ ലോക കപ്പ് ഞാനും പത്തു വയസ്സുകാരൻ മകനും ഒന്നിച്ചിരുന്നാണ് കണ്ടത്. ഉത്തേജക ഔഷധം ഉപയോഗിച്ചതിന് മറഡോണ പുറത്താക്കപ്പെട്ടു എന്ന വാർത്ത വരുമ്പോൾ അത് കുടുംബത്തിലുണ്ടായ ഒരു ദുരന്തമായി തോന്നി. മറഡോണയെ സ്നേഹിച്ച ലോകമെങ്ങുമുള്ളവരുടെ സ്വകാര്യദുഃഖം കൂടിയായിരുന്നുവല്ലോ ആ ദുരന്തം. അമേരിക്കക്കെതിരായി കടുത്ത നിലപാടുകൾ പ്രഖ്യാപിച്ചയാളാണ് മറഡോണ. ഉത്തേജക വിവാദം പോലും ആ നിലപാടിെൻറ ഫലമാണോ എന്നുവരെ സംശയിച്ചിട്ടുണ്ട്.
നെരൂദ കവിതയെഴുതുന്നതുപോലെ, മൊസാർട്ടിനെയും ത്യാഗരാജനെയും പോലുള്ളവർ സംഗീതമേകുന്നതുപോലെ കളിക്കളത്തിൽ മറഡോണ കാഴ്ചവെച്ച ദൃശ്യഭംഗികൾ എത്രയോ അവിശ്വസനീയവും വശ്യവുമായിരുന്നു. ഒരു പന്തിനുമേൽ ഇത്രയും അതിശയങ്ങൾ സാധ്യമാകുമെന്ന് അയാൾ തെളിയിച്ചു. അതികഠിനമായ പരിശീലനത്തിെൻറ തികവുണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിസ്മയ പ്രകടനത്തിനുപിന്നിൽ. പക്ഷേ, മറഡോണയിൽ അത് നൈസർഗികമായ സിദ്ധിയായിരുന്നു. കളിക്കാനായി മാത്രം ജനിച്ചൊരാൾ.
എന്നെങ്കിലും ഒരിക്കൽ ഈ മനുഷ്യനെ നേരിൽ കാണണമെന്ന് ആഗ്രഹം കലശലായിരുന്നു. അതിയായി ആഗ്രഹിച്ചാൽ പ്രപഞ്ചം നമുക്കായി ഗൂഢാലോചന നടത്തി അത് സാധിച്ചുതരുമെന്ന് പൗലോ കൊയ്ലോ പറയുന്നതുപോലെ 2008ൽ അതിന് അവസരമുണ്ടായി. അദ്ദേഹം കൊൽക്കത്തയിൽ വന്നപ്പോഴായിരുന്നു അത്. ജ്യോതിബസു സജീവരാഷ്ട്രീയം വിട്ട് ആരോഗ്യപ്രശ്നങ്ങളുമായി സാൾട്ട്ലേക്കിലെ വസതിയിൽ കഴിയുന്ന സമയം. മറഡോണയെ കാണാൻ ജ്യോതിബസു ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിലെ വലിയ കമ്യൂണിസ്റ്റ് നേതാവാണെന്നു മനസ്സിലാക്കിയ മറഡോണ നേരിട്ട് അദ്ദേഹത്തിെൻറ വീട്ടിലെത്തി. വിരുന്നു മുറിയിലേക്ക് അദ്ദേഹം കടന്നുവന്നു.
ജ്യോതിബസുവിനൊപ്പം അടുത്ത കസേരയിൽ മറഡോണയുമിരുന്നു. സുഭാഷ് ചക്രവർത്തിയും ഞാനുമൊക്കെ ചുറ്റിനും നിന്നു. അദ്ദേഹം എങ്ങനെ പെരുമാറുമെന്ന് ആശങ്കയുണ്ടായിരുന്നു. ചിലപ്പോൾ സന്ദർശനം ഏതാനും നിമിഷങ്ങൾകൊണ്ട് അവസാനിപ്പിച്ചുകളയുമോയെന്ന ആശങ്കയുമുണ്ടായിരുന്നു. എന്നാൽ, വളരെ സൗഹാർദപൂർവം 12-15 മിനിറ്റുകൾ മറഡോണ ഞങ്ങളൊത്ത് ഉണ്ടായി. ജ്യോതിബസുവും കാസ്ട്രോയുമൊന്നിച്ചുള്ള ആൽബം അവിടെയുണ്ടായിരുന്നു. അതിലെ ചിത്രങ്ങൾ കണ്ട ശേഷം അദ്ദേഹം ജ്യോതിബസുവിനോട് പറഞ്ഞു 'നിങ്ങൾ ഫിദലിെൻറ സുഹൃത്താണ്. ഞാനും ഫിദലിെൻറ സുഹൃത്താണ്. അതുകൊണ്ട് നിങ്ങളും എെൻറ സുഹൃത്താണ്...'
ക്യൂബയിലെ അമിതാഭ് ബച്ചൻ എന്നു വിശേഷിപ്പിക്കാവുന്ന സെർജി കോറിയേറി എന്ന ചലച്ചിത്ര നടൻ മറഡോണയുടെ സുഹൃത്തായിരുന്നു. പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി അംഗം കൂടിയായ സെർജി എെൻറയും സുഹൃത്താണ്. അദ്ദേഹം എനിക്കൊരു വാച്ച് സമ്മാനമായി നൽകിയിരുന്നു. ചുവന്ന നിറത്തിൽ ചെറിയൊരു ചെഗുവേര ചിത്രം ആലേഖനം ചെയ്ത വാച്ച്. അദ്ദേഹത്തിെൻറ പേരുപറഞ്ഞ് ഞാൻ ആ വാച്ച് മറഡോണയെ കാണിച്ചു. ലാറ്റിനമേരിക്കക്കാരെൻറ ശൈലിയിൽ അദ്ദേഹം 'ചെഗുവേരാ... ചെഗുവേരാ...' എന്ന് ആഹ്ലാദം പുറപ്പെടുവിച്ചു. ആ സന്തോഷത്തിൽ ചുമലിൽ പച്ചകുത്തിയ ചെഗുവേരയെ അദ്ദേഹം കാണിച്ചിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചിരുന്നു. ആ വീട്ടിലെ കൊച്ചുകുട്ടികൾക്കൊപ്പം പോലും നിന്ന് ഫോട്ടോയെടുത്താണ് മറഡോണ മടങ്ങിയത്.