വരവ് ഉജ്ജ്വലമാക്കി റാഷ്ഫോഡ്; ചാമ്പ്യൻസ് ലീഗിൽ ബാഴ്സക്ക് ജയം
text_fieldsബാഴ്സലോണയിലേക്കുള്ള വരവ് ഇംഗ്ലീഷ് താരം മാർക്കസ് റാഷ്ഫോഡ് ആഘോഷമാക്കിയപ്പോൾ ചാമ്പ്യൻസ് ലീഗിൽ സ്പാനിഷ് ക്ലബിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ബാഴ്സയുടെ ജയം. ബാഴ്സക്കായി രണ്ട് ഗോളുകളും നേടിയത് റാഷ്ഫോഡായിരുന്നു. ആദ്യപകുതിയിൽ ബാഴ്സലോണക്ക് നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. സ്വാഭാവികമായ കളി പുറത്തെടുക്കാൻ ടീമിന് കഴിഞ്ഞില്ല. മികച്ച ഗോളവസരങ്ങൾ തുറന്നെടുക്കുന്നതിൽ അവർക്ക് പ്രതിസന്ധിയുണ്ടായെങ്കിലും രണ്ടാം പകുതിയിൽ റാഷ്ഫോഡ് കളിമാറ്റി.
58ാം മിനിറ്റിലായിരുന്നു റാഷ്ഫോഡിന്റെ ആദ്യ ഗോൾ. ബോക്സിന് പുറത്ത് നിന്ന് റാഷ്ഫോഡ് തൊടുത്തൊരു ഷോട്ട് ഗോളിക്ക് ഒരവസരവും നൽകാതെ വലയിൽ പതിക്കുകയായിരുന്നു. ഒമ്പത് മിനിറ്റിനുള്ളിൽ റാഷ് ഫോഡിന്റെ രണ്ടാമത്തെ ഗോളും വന്നു. ഇതോടെ ഇംഗ്ലീഷ് മണ്ണിലേക്കുള്ള വരവ് റാഷ്ഫോഡ് അവിസ്മരണീയമാക്കി മാറ്റുകയും ചെയ്തു.
ഡി ബ്രുയിനും നാപോളിക്കും നിരാശ
10 വർഷം ജഴ്സിയണിഞ്ഞ മാഞ്ചസ്റ്റർ സിറ്റി വിട്ട് ഇറ്റാലിയൻ ടീമിലെത്തിയ കെവിൻ ഡി ബ്രുയിൻ എന്ന അതികായൻ കൊതിച്ച ദിനമായിരുന്നില്ല കഴിഞ്ഞ ദിവസത്തേത്. കളി തുടങ്ങി 20 മിനിറ്റ് പൂർത്തിയായ ഉടൻ നാപ്പോളി പ്രതിരോധം കാത്ത ക്യാപ്റ്റൻ ജിയോവാനി ഡി ലോറൻസോ ചുവപ്പു കാർഡ് വാങ്ങിയതോടെ നാപ്പോളി 10 പേരായി ചുരുങ്ങി. ഇതോടെ, പ്രതിരോധമുറപ്പിക്കാൻ ഡി ബ്രുയിനെ പിൻവലിക്കലായിരുന്നു കോച്ചിനു മുന്നിലെ വഴി. പിടിച്ചുനിന്ന് കളിച്ച സീരി എ വമ്പന്മാർ ഒരുക്കിയ കെട്ടുപൊട്ടിച്ച് മാഞ്ചസ്റ്റർ സിറ്റിക്കായി എർലിങ് ഹാലൻഡ് 56ാം മിനിറ്റിൽ ആദ്യ ഗോൾ നേടി.10 മിനിറ്റിനുള്ളിൽ ജെറമി ഡോകുവിലൂടെ ടീം ലീഡ് ഇരട്ടിയാക്കി.
10 പേരായി നേരത്തെ ചുരുങ്ങിയ ക്ഷീണം അവസാനം വരെയും വലച്ച നാപ്പോളി കൂടുതൽ ഗോൾ വീഴാതെ കാക്കുന്നതിന് ശ്രമിച്ചതോടെ കളി ഏകപക്ഷീയമാകുന്നതായിരുന്നു കാഴ്ച. 74 ശതമാനവും പന്ത് കാലിൽ വെച്ച് സിറ്റിക്കാർ മൈതാനത്തെ ത്രസിപ്പിച്ചപ്പോൾ നാപ്പോളിക്ക് ഗോളവസരങ്ങളും തീരെ കുറഞ്ഞു. എന്നിട്ടും തോൽവി രണ്ട് ഗോളിലൊതുക്കാനായത് മിച്ചം. മറ്റു മത്സരങ്ങളിൽ സ്പോർടിങ് ലിസ്ബൺ 4-1ന് കെയ്രാട്ടിനെയും അതേ സ്കോറിന് ക്ലബ് ബ്രൂഗേ മൊണാക്കൊയേയും തോൽപിച്ചു. ലെവർകൂസൻ- കോപൻഹാഗൻ കളി 2-2ന് സമനിലയിലായി.