ലുസൈലിൽ കിരീടമോഹവുമായി എംബാപ്പെ
text_fieldsദോഹ: രണ്ടുവർഷം മുമ്പ് ലോക ഫുട്ബാളിന്റെ കനക കിരീടത്തിൽ ലയണൽ മെസ്സിയും അർജന്റീനയും മുത്തമിട്ട അതേ മണ്ണിൽ ഇന്ന് വീണ്ടും കളിയാരവം. 2022 ഖത്തർ ലോകകപ്പ് ഫുട്ബാൾ ഫൈനലിന്റെ രണ്ടാം വാർഷികദിനമായ ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിലെ പച്ചപ്പിൽ റയൽ മഡ്രിഡും മെക്സികൻ ക്ലബായ പചൂകയും മാറ്റുരക്കുന്ന ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ കിരീടപ്പോരാട്ടം. യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായാണ് റയൽ മഡ്രിഡ് വരുന്നതെങ്കിൽ, കോൺകകാഫ് മേഖലാതല ജേതാക്കളാണ് പചൂക. രണ്ടാം റൗണ്ടിൽ തെക്കനമേരിക്കൻ ജേതാക്കളായ ബ്രസീലിയൻ ക്ലബ് ബോട്ടഫോഗോയെയും പ്ലേ ഓഫിൽ ഈജിപ്ഷ്യൻ ക്ലബ് അൽ അഹ്‍ലിയെയും വീഴ്ത്തിയാണ് പചൂകയുടെ ഫൈനൽ പ്രവേശം. യൂറോപ്യൻ ജേതാക്കളായ റയൽ മഡ്രിഡ് നേരിട്ട് ഫൈനലിൽ ഇടം പിടിക്കുകയായിരുന്നു.
ക്ലബ് ലോകകപ്പിന് പകരം അവതരിപ്പിച്ച ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ ആദ്യ പതിപ്പിനാണ് ഖത്തർ വേദിയാകുന്നത്. എല്ലാ വർഷങ്ങളിലുമായി നടന്ന ഫിഫ ക്ലബ് വേൾഡ് കപ്പ് കൂടുതൽ മാറ്റങ്ങളോടെ നാലുവർഷത്തിൽ ഒരിക്കലാക്കി പരിഷ്കരിച്ചതോടെയാണ് മേഖലാതലത്തിലെ ചാമ്പ്യൻ ക്ലബുകൾക്കായി ഇന്റർകോണ്ടിനെന്റൽ കപ്പിന് രൂപം നൽകിയത്.
ബുധനാഴ്ച ഖത്തർ സമയം രാത്രി എട്ടിനാണ് (ഇന്ത്യൻ സമയം രാത്രി 10.30) കിക്കോഫ്. രണ്ടുവർഷം മുമ്പ് ഇതേദിനം ഫ്രഞ്ച് കുപ്പായത്തിൽ അർജന്റീനക്കെതിരെ ഉജ്ജ്വല പോരാട്ടം കാഴ്ചവെച്ച മണ്ണിലേക്ക് മറ്റൊരു കിരീട പ്രതീക്ഷയവുമായി കിലിയൻ എംബാപ്പെയുടെ വരവാണ് മത്സരത്തെ സവിശേഷമാക്കി മാറ്റുന്നത്. രണ്ടുതവണ ലീഡ് പിടിച്ച അർജന്റീനക്കെതിരെ ഉജ്ജ്വല പോരാട്ടവീര്യത്തിലൂടെ ഹാട്രിക് ഗോളുമായാണ് എംബാപ്പെ ഫ്രാൻസിനെ കളിയിലേക്ക് തിരികെയെത്തിച്ചത്. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു അർജന്റീന ജയം.
സൂപ്പർ താരം ക്ലബ് ടീമിനൊപ്പം വീണ്ടും ലുസൈലിലെത്തുമ്പോൾ ആരാധക ഓർമകളിൽ ലോകകപ്പ് അങ്കം തന്നെയാണുള്ളത്. പത്തുദിവസം മുമ്പേറ്റ പരിക്കിൽനിന്ന് മോചിതനായ താരം കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷ. സൂപ്പർതാരങ്ങളായ വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, ലൂകാ മേഡ്രിച്, ബെല്ലിങ്ഹാം ഉൾപ്പെടെ താരനിരയും റയലിനൊപ്പമുണ്ട്.