Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനൈക്കിയോട് വിടപറഞ്ഞ്...

നൈക്കിയോട് വിടപറഞ്ഞ് എംബാപ്പെ; ഇനി സ്വിസ് ബ്രാൻഡായ 'ഓണി'ന്റെ ഗ്ലോബൽ അംബാസഡർ

text_fields
bookmark_border
നൈക്കിയോട് വിടപറഞ്ഞ് എംബാപ്പെ; ഇനി സ്വിസ് ബ്രാൻഡായ ഓണിന്റെ ഗ്ലോബൽ അംബാസഡർ
cancel

മഡ്രിഡ്: പ്രമുഖ കായിക വസ്ത്ര നിർമ്മാതാക്കളായ നൈക്കിയുമായുള്ള ദീർഘകാല കരാർ അവസാനിപ്പിച്ച് റയൽ മഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ. സ്വിസ് സ്പോർട്സ് ബ്രാൻഡായ 'ഓൺ' ഫുട്ബാൾ ബൂട്ട് നിർമ്മാണ രംഗത്തേക്ക് ചുവടുവെക്കുന്നതിന്റെ ഭാഗമായാണ് പുതിയ ബ്രാൻഡിന്റെ ആഗോള അംബാസഡറായി എംബാപ്പെ മാറുന്നത്.

തന്റെ ഒമ്പതാം വയസ്സിൽ (2006) ആരംഭിച്ച നൈക്കിയുമായുള്ള 20 വർഷത്തോളം നീണ്ട ബന്ധമാണ് ഇരുപത്തേഴുകാരനായ എംബാപ്പെ ഇതോടെ അവസാനിപ്പിക്കുന്നത്. 'ഓണു'മായുള്ള പുതിയ കരാറിന്റെ സാമ്പത്തിക വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, കമ്പനിയിൽ താരത്തിന് ഓഹരി പങ്കാളിത്തം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫ്രഞ്ച് ഇതിഹാസ താരവും മുൻ ആഴ്സണൽ മുന്നേറ്റക്കാരനുമായ തിയറി ഹെൻറിയാണ് എംബാപ്പെയെ 'ഓണി'ലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്. 2025 മുതൽ 'ഓണി'ന്റെ ഡയറക്ടർ ഓഫ് ഫുട്ബാൾ ആയി രഹസ്യമായി പ്രവർത്തിച്ചുവരികയായിരുന്നു ഹെൻറി.

റണ്ണിങ്, ടെന്നീസ് ഷൂകളിലൂടെ കായികലോകത്ത് ശ്രദ്ധേയരായ 'ഓൺ', തങ്ങളുടെ 17 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ഫുട്ബോൾ മേഖലയിലേക്ക് കടക്കുന്നത്. 2019-ൽ നിക്ഷേപകനായി എത്തിയ ടെന്നീസ് ഇതിഹാസം റോജർ ഫെഡററാണ് ബ്രാൻഡിനെ ആഗോളതലത്തിൽ കൂടുതൽ ജനകീയമാക്കിയത്. അഡിഡാസ്, പ്യൂമ തുടങ്ങിയ വമ്പൻ ബ്രാൻഡുകളെ ഒഴിവാക്കിയാണ് എംബാപ്പെ സ്വിസ് ബ്രാൻഡിനൊപ്പം ചേർന്നത്. പുത്തൻ ആശയങ്ങളിലൂടെ ഫുട്ബോളിൽ പുതിയൊരു മാറ്റം കൊണ്ടുവരാനും അതിൽ പങ്കാളിയാകാനും ലഭിച്ച അവസരമാണ് തന്നെ 'ഓണി'ലേക്ക് ആകർഷിച്ചതെന്ന് എംബാപ്പെ വ്യക്തമാക്കി.

എംബാപ്പെയ്ക്കായി ഡിസൈൻ ചെയ്ത പ്രീമിയം 'ഓൺ' ബൂട്ടുകൾ 2027-ലാകും ഔദ്യോഗികമായി വിപണിയിലെത്തുക. എന്നാൽ വരും ആഴ്ചകളിൽ തന്നെ താരം പുതിയ ബൂട്ട് അണിഞ്ഞ് കളത്തിലിറങ്ങും. സെപ്റ്റംബർ 25-ന് പുറത്തിറങ്ങുന്ന ഇ.എ സ്പോർട്സ് എഫ്.സി 2027 വീഡിയോ ഗെയിമിലും 'ഓൺ' ബൂട്ട് ധരിച്ചാകും എംബാപ്പെ പ്രത്യക്ഷപ്പെടുക. എംബാപ്പെയ്ക്ക് പുറമെ സ്വിസ് വനിതാ താരവും ബാഴ്സലോണ പ്ലെയറുമായ സിഡ്നി ഷെർട്ടൻലെയ്ബുമായുള്ള പങ്കാളിത്തവും കമ്പനി വിപുലീകരിച്ചിട്ടുണ്ട്.

Show Full Article
TAGS:Kylian Mbappe nike new brand Real Madrid boot 
News Summary - Mbappe Leaves Nike, Joins 'On' Brand
Next Story