Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലോകത്തിന്‍റെ നെറുകയിൽ...

ലോകത്തിന്‍റെ നെറുകയിൽ അമർത്തി ചുംബിച്ചൊരാൾ

text_fields
bookmark_border
Lionel Messi
cancel
camera_alt

ലയണൽ മെസ്സി

‘ഹീസ് നോട്ട് ഹ്യൂമൻ..ഹീ ഈസ് ഫ്രം അനദർ പ്ലാനറ്റ്...’ രണ്ടു പതിറ്റാണ്ടിലേറെയായി ക്ലീഷേയായി മാറിക്കഴിഞ്ഞ ആ വാക്കുകൾ രണ്ടു ദിവസം മുമ്പ് വീണ്ടും കേട്ടു. ആപ്പിൾ ടി.വിയിലെ കമന്‍റേറ്റർ ഉച്ചത്തിലതു പറയുമ്പോൾ ലയണൽ ആന്ദ്രേസ് മെസ്സി എന്ന ആ ഇതിഹാസത്തിന് 39 വയസ്സിന്‍റെ പാകതയുണ്ട്. പറന്നുവീണ മോൺട്രിയൽ ഗോളി തോമസ് ഗിലിയർക്ക് പന്ത് ഒന്നു സ്പർശിക്കാൻ പോലും അവസരം നൽകിയില്ല. ബോക്സിന് തൊട്ടുപുറത്തുനിന്നുള്ള ഫ്രീകിക്ക് വലയുടെ ഇടതുമൂലയിലേക്ക് വളഞ്ഞുപുളഞ്ഞുകയറി. ആ തിരയിളക്കവും ചേർന്ന് മത്സരത്തിൽ അതയാളുടെ നാലാമത്തെ ഗോൾ. പറഞ്ഞുപഴകിയതെങ്കിലും ‘അമാനുഷൻ’ എന്നല്ലാതെ അയാളെ എന്തു വിളിക്കണം?

രണ്ടു നാളായിട്ടേയുള്ളൂ ആ കാഴ്ചകൾക്ക്. ഞായറാഴ്ച പുലർകാലത്തെഴുന്നേറ്റ് മോൺട്രിയലിനെതിരായ ഇന്‍റർ മയാമിയുടെ മത്സരം കണ്ടുതീരുമ്പോൾ ആലോചനകളിൽ മുഴുവൻ അതായിരുന്നു. ഈ മനുഷ്യന്‍റെ കളിയഴകിന് അസ്തമയവും വാർധക്യവുമൊന്നുമില്ലേ? ഇനിയുമൊരു ലോകകപ്പിൽ ബൂട്ടുകെട്ടിയാലും അയാളുടെ തട്ട് താണുതന്നെയിരിക്കും. പക്ഷേ..തൊട്ടു പിറ്റേന്ന്! അയാൾ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ബൂട്ടഴിച്ചു മടങ്ങുന്നു. വൈകാതെ ആ പ്രഖ്യാപനം ഉണ്ടാവുമെന്ന് ലോകം കണക്കുകൂട്ടിയിരിക്കുമ്പോഴും അത് അപ്രതീക്ഷിതവും ആകസ്മികവുമായി അനുഭവപ്പെടുന്നത് കരിയറിന്‍റെ സാന്ധ്യവേളയിലും ആ സ്വരം അത്രമേൽ നന്നായിരിക്കുന്നതുകൊണ്ടാണ്.

മുമ്പ് ഒരുതവണ ഇതുപോലൊരു പ്രഖ്യാപനമുണ്ടായിരുന്നു. അതുപക്ഷേ, അകാലത്തിലായിരുന്നു. പൊടുന്നനെയുള്ള വൈകാരികതയിൽനിന്നാണ് അതുണ്ടായത്. അതുകൊണ്ടുതന്നെ മെസ്സി തിരിച്ചുവരുമെന്നുമുള്ള പ്രതീക്ഷക്ക് അന്ന് ആധാരമുണ്ടായിരുന്നു. ഇന്നുപക്ഷേ, അതില്ല. അയാളുടെ മടക്കം ഉറപ്പിച്ചതുതന്നെയാണ്. കളിയുടെ കാൽപനികതയെ തൂവെള്ളയിലും ആകാശനീലയിലും രാഗാർദ്രമായി കോർത്തുകെട്ടിയ ആ അധ്യായം അവസാനിച്ചിരിക്കുന്നു. ഇനിയില്ലെന്ന് ഇന്നയാൾ പറയുമ്പോൾ പക്ഷേ, സ്വർണവർണമാർന്ന ലോകത്തിന്‍റെ നെറുകയിൽ അയാൾ അമർത്തിച്ചുംബിക്കുന്ന ആ മനോഹര ദൃശ്യം കളിചരിത്രത്തിന്‍റെ ഇടനെഞ്ചിലുണ്ട്. വീപ്പ പോലെ അയാൾ എടുത്തുയർത്തിയ കോപ്പകളുടെ കണ്ണഞ്ചും ചിത്രങ്ങളുണ്ട്. എല്ലാം നേടിയ ശേഷം ചരിത്രത്തിലെ ഏറ്റവും മിടുക്കനായി തിരിച്ചുനടക്കുമ്പോഴും ആ ചോദ്യം ഉള്ളാലെ ചോദിച്ചുപോകും. ലിയോ, കുറച്ചുകാലംകൂടി കളിക്കാമായിരുന്നില്ലേ നിങ്ങൾക്ക്?

അന്ന് 2016ൽ കരഞ്ഞുതളർന്ന് മടങ്ങാനൊരുങ്ങിയ ലിയോ ഇപ്പോൾ മനസ്സിലോടിയെത്തുന്നുണ്ട്. അന്ന് അയാളുടെ രാജ്യാന്തര കരിയറിൽ ഒന്നുമില്ലായിരുന്നു; 2008 ബെയ്ജിങ് ഒളിമ്പിക്സിൽ നേടിയ ആ സ്വർണമൊഴികെ. ‘നല്ല വ്യക്തിയാണ്, പക്ഷേ വ്യക്തിത്വമില്ല’ എന്ന് അന്ന് വിമർശിച്ചത് ജീവിതത്തിൽ മാതൃകയായിക്കണ്ട സാക്ഷാൽ ഡീഗോ മറഡോണ. ടീമിനെ നയിക്കാനുള്ള നേതൃഗുണമില്ലെന്നും ഡീഗോയുടെ കുറ്റപ്പെടുത്തൽ. തോൽവികൾ അയാളുടെ നെഞ്ചുലച്ചിരുന്നുവെന്നത് നേരാണ്. തീരെ ശീലമില്ലാത്തതുകൊണ്ടുകൂടിയാവണമത്. എന്നാൽ, അത് സംഭവിച്ചതൊക്കെയും വമ്പൻ സ്വപ്നസാക്ഷാത്കാരങ്ങളുടെ അവസാന നാഴികയിലായത് ഹൃദയഭേദകമായിരുന്നു. 2014ലെ ലോകകപ്പും 2007, 2015, 2016 കോപ്പ അമേരിക്കയും അങ്ങനെ കൈവിട്ടുപോയപ്പോൾ അയാൾ കരഞ്ഞു. കിരീടമില്ലാതെ കീഴടങ്ങേണ്ടിവരുന്ന പതിവുനിരാശകളിൽ കാണികളും കൊഞ്ഞനംകുത്തിയതോടെ 29ംാ വയസ്സിൽ ലോകത്തെ ഞെട്ടിച്ച പ്രഖ്യാപനം. അർജന്‍റീന പ്രസിഡന്‍റും ബ്വേനസ് അയേഴ്സ് മേയറുമടക്കം നാടൊട്ടുക്ക് കേണപേക്ഷിച്ചപ്പോൾ അയാൾ തിരിച്ചുവന്നു. പലതും മനസ്സിലുറപ്പിച്ചുകൊണ്ടുതന്നെ.

ലയണൽ സ്കലോണിയുടെ വരവ് ആ ശൗര്യത്തിന് വീര്യമേറ്റി. ഒപ്പമുള്ള ശരാശരിക്കാരെ അയാൾ പുതിയൊരു തലത്തിലേക്ക് പറഞ്ഞും പഠിപ്പിച്ചും എടുത്തുയർത്തി. തനിക്കൊത്ത പോരാളികളാക്കി മാറ്റി. ചോരത്തിളപ്പുള്ള പുത്തൻകൂറ്റുകാരെ പ്രതിഷ്ഠിച്ചു. പിന്നീടൊരു പടപ്പുറപ്പാടായിരുന്നു. വെറും മൂന്നുവർഷത്തെ തേരോട്ടം. തന്‍റെ രാശികളെയും വിധിവൈപരീത്യങ്ങളെയുമൊക്കെ അയാൾ വാശിയോടെ കീഴ്മേൽ മറിച്ചു. നേതൃഗുണമില്ലെന്ന വിമർശനത്തെ അത്യുജ്ജ്വല നായകനായി ഗോൾവര കടത്തി. ദിഗന്തങ്ങളെല്ലാം വാണരുളിയ ആ അക്ഷൗഹിണിപ്പടക്കു മുന്നിൽ എതിരാളികൾ നിരനിരയായി വീണു. 34 വയസ്സുവരെ അകന്നുനിന്ന കോപ്പയും ഫൈനലിസ്സിമയും ലോകകപ്പുമെല്ലാം ജയിച്ച് അയാൾ അനശ്വരനായി. അതിലേറെ ഇതിഹാസവും. ഒടുവിലിപ്പോൾ അയാൾ പടിയിറങ്ങുന്നത് ചരിത്രം കണ്ട എക്കാലത്തെയും മികച്ച താരമായിത്തന്നെയാണ്. അത് കണക്കുകളിലായാലും കളിയഴകിലായാലും.

Show Full Article
TAGS:Lionel Messi Argentina Football Team Sports News 
News Summary - Messi stepping down as one of the greatest stars ever witnessed by history
Next Story