പെലെയുടെ റെക്കോഡും മറികടന്നു ഈ മെസ്സി കാർഡ്... വില ചില്ലറയല്ല, കോടികൾ
text_fieldsമെസ്സിയുടെ 2004 ബാഴ്സലോണ ജഴ്സ്സിയിലെ പനീനി കാർഡ്
ലണ്ടൻ: ഗോളടിച്ചും കളിച്ചും കിരീടം ജയിച്ചുമെല്ലാം നേടുന്ന റെക്കോഡുകൾ ഫുട്ബാളിന്റെ കണക്കു പുസ്തകത്തിൽ പുതുമയല്ല. ഇങ്ങനെ റെക്കോഡ് കുറിക്കുന്നത് ഹരമാക്കിയ അർജന്റീന ഇതിഹാസം ലയണൽ മെസ്സിയുടെ കാര്യത്തിലാണെങ്കിൽ ഇതൊരു വാർത്തയുമല്ല.
എന്നാൽ, ഗോളും കളിയുമൊന്നുമല്ലാത്ത മറ്റൊന്നിലും റെക്കോഡ് കുറിച്ചിരിക്കുകയാണ് ലോകഫുട്ബാളിലെ സൂപ്പർതാരമായ മെസ്സി. ആ റെക്കോഡ് തിരുത്തിയതാകട്ടെ ലോകഫുട്ബാളിന്റെ രാജാവായി എക്കാലവും വാഴുന്ന സാക്ഷാൽ പെലെയുടെ പേരിലുള്ളതും. ഇനി ഫുട്ബാൾ മൈതാനത്തിനു പുറത്തെ ആ റെക്കോഡ് ഏതെന്ന് അറിയാം. കാൽപന്തിനെയും കളിക്കാരെയും പിന്തുടരുന്നവർക്ക് അതുപോലെ തന്നെ പരിചിതമാണ് പനീനി കാർഡുകളും. ഫുട്ബാൾ ഉൾപ്പെടെ കായിക താരങ്ങളുടെയും സെലബ്രിറ്റികളുടെയും ചിത്രവും വിശദാംശങ്ങളുമായി ആരാധകർക്കായി പുറത്തിറക്കിയ റൂകി കാർഡിന്റെ വിലയിലാണ് മെസ്സി സ്വന്തം പേരിൽ പുതിയ റെക്കോഡ് കുറിച്ചത്.
ഒരു കാർഡിന്റെ വിലയേ...
2004-05 സീസണിൽ ലയണൽ മെസ്സി ബാഴ്സലോണയിൽ കളിച്ച കാലത്ത് പുറത്തിറക്കിയ പനീനി മെഗാ ക്രാക് റൂകി കാർഡാണ് ഇപ്പോൾ റെക്കോഡ് തുക ലേലത്തിൽ വിറ്റഴിഞ്ഞത്. ആ തുക കേട്ടാൽ ആരുടെയും തലകറങ്ങിപ്പോകും. ആയിരവും പതിനായിരവും ലക്ഷവുമല്ല. ഡോളറിൽ കണക്കാക്കിയാൽ 15 ലക്ഷം.
ഇന്ത്യൻ രൂപയിലേക്ക് മാറ്റിയാൽ 13.17 കോടി രൂപ. മെസ്സിയുടെ ബാഴ്സലോണ കരിയറിന്റെ സജീവകാലത്ത് പനീനി പുറത്തിറക്കിയ പരിമിതമായി കാർഡുകളിൽ ഒന്നാണ് ഇപ്പോൾ റെക്കോഡ് വിലക്ക് ലേലത്തിൽ പോയത്. ലണ്ടനിലെ ഫനറ്റിക്സ് കളക്ട്സ് വഴിയാണ് മെസ്സിയുടെ കാർഡ് വൻ തുകക്ക് വിറ്റത്.
1958ൽ ബ്രസീൽ ലോകകപ്പ് നേടിയപ്പോൾ പെലെയുടെ പേരിൽ പുറത്തിറക്കിയ അലിഫബൊളഗെറ്റ് പെലെ കാർഡിന്റെ മൂല്യമാണ് മെസ്സിയുടെ കാർഡ് ഇത്തവണ തിരുത്തിയത്. 2022ൽ പെലെ കാർഡ് 13.3 ലക്ഷം ഡോളറിന് (11.68 കോടി രൂപ) ലേലത്തിൽ വിറ്റതായിരുന്നു ഇതുവരെയുള്ള റെക്കോഡ്. പ്രഫഷണൽ സ്പോർട്സ് ഓതന്റികേറ്റർ പെർഫക്സ് 10 ആയി മുദ്ര ചെയ്ത മെസ്സിയുടെ മറ്റൊരു കാർഡ് 11 ലക്ഷം ഡോളറിനാണ് ഏതാനും ആഴ്ച മുമ്പ് മറ്റൊരു കാർഡ് പ്രേമി സ്വന്തമാക്കിയത്. അതിനു തൊട്ടുപിന്നാലെയാണ് ഫനറ്റിക്സ് കളക്ട്സ് പ്രൈവറ്റ് സെയിൽ നെറ്റ്വർക് വഴി ലോകറെക്കോഡ് തുകക്ക് ഈ കാർഡ് വിൽപനയും നടന്നത്. ഉയർന്ന മൂല്യമുള്ള കാർഡുകൾ പൊതുവിൽപനയില്ലാതെയാണ് ഇടപാട് നടത്തുന്നത്. 10,000 ഡോളറിന് മുകളിലുള്ള ഇടപാടുകളാണ് ഈ ശൃംഖലവഴി നടത്തുന്നത്.
കളിഭ്രാന്തിന്റെ പനീനി കാർഡുകൾ
കായിക ഭ്രാന്തിന്റെ മറ്റൊരു അടയാളമാണ് പനീനി കാർഡും. കോടികളെറിഞ്ഞ് ഇഷ്‍ടതാരത്തിന്റെ കാർഡ് സ്വന്തമാക്കുന്നവരെ ഭ്രാന്തൻ എന്നല്ലാതെ എന്ത് വിളിക്കുമെന്നാവും ചോദ്യം. എന്നാൽ, ഇത് അരനൂറ്റാണ്ടിലേറെ കാലമായി തുടരുന്ന ഒരു ഭ്രാന്തൻ ഇടപാടാണെന്നതാണ് വസ്തുത. ഇറ്റലിയിലെ പനീനി കുടുംബമാണ് പൊന്നിനേക്കാൾ വിലയുള്ള ഈ സ്റ്റിക്കർ-കാർഡ് വിൽപനക്കാർ.
ലോകകപ്പ് ഫുട്ബാളും ലീഗുകളും മുതൽ എൻ.എഫ്.എൽ, എൻ.ബി.എ തുടങ്ങി വിവിധ കായിക സീസണിനോടനുബന്ധിച്ച് ലിമിറ്റഡ് എഡിഷൻ പനീനി കാർഡുകൾ പുറത്തിറക്കും. ആരാധകർക്ക് ഓർമചെപ്പ് പോലെ വാങ്ങി സൂക്ഷിക്കാനുള്ളതാണ് ഈ കാർഡ്.
ടൂർണമെന്റ് വേളയിൽ നിശ്ചിത തുകക്ക് സ്വന്തമാക്കാമെങ്കിലും, പിന്നീടാണ് ഇവയുടെ മൂല്യം ഉയരുന്നത്. ടൂർണമെന്റ് വേളകിൽ പാക്കറ്റുകളിലായി വിൽക്കുന്ന കാർഡുകൾ വാങ്ങിവേണം, ആ സീസണുകളിലെ മുഴുവൻ കളിക്കാരെയും സ്വന്തമാക്കാൻ. ഒരു പാക്കറ്റിൽ മുഴുവൻ കളിക്കാരെ ലഭ്യമാകില്ലെന്നത് മറ്റൊരു സത്യം. അപ്പോൾ, അധിക കാർഡുള്ളവരിൽ നിന്നും ട്രേഡ് ചെയ്താണ് പനീനി കാർഡ് ശേഖരണം ഹരമായി മാറുന്നത്.
ഇറ്റലിയിലെ പത്രം വിതരണക്കാരായിരുന്ന ഗിസെപ്പെ പനീനി, ബെനിറ്റോ പനീനി എന്നീ സഹോദരന്മാർ 1961ലാണ് പനീനി കമ്പനി സ്ഥാപിച്ചത്. 1970 ഫിഫ ലോകകപ്പ് മുതൽ ഔദ്യോഗിക സ്റ്റിക്കർ നിർമാണ അവകാശ അവർ സ്വന്തമാക്കി. ഇപ്പോൾ, എല്ലാ ലോകകപ്പിനും പന്തുരുളും മുമ്പേ, പനീനി കാർഡുകൾ വിപണിയിലെത്തുകയും, മാച്ച് ടിക്കറ്റ് വിൽപനയേക്കാൾ വാശിയോടെ കാർഡും വിറ്റഴിയും.
ടൂർണമെന്റ്, ലീഗ് സംഘാടകരിൽ നിന്നും വൻതുക നൽകിയാണ് പനീനി ഉൾപ്പെടെ കാർഡ്, സ്റ്റിക്കർ നിർമാതാക്കൾ ഇപ്പോൾ ലൈസൻസ് സ്വന്തമാക്കുന്നത്. ആമസോൺ, വാൾമാർട്ട് ഉൾപ്പെടെ വിവിധ ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിലും എക്സ്ക്ലൂസിവ് വെബ് സൈറ്റുകൾക്കും പുറമെ, കാർഡ് പ്രേമികളുടെ ട്രേഡിങ് നെറ്റ്‍വർക് വഴിയും ഇത് സ്വന്തമാക്കാം.