ഇന്ത്യൻ ഫുട്ബാൾ ക്യാമ്പിലേക്ക് താരങ്ങളെ വിട്ടുനൽകാൻ വിസമ്മതിച്ച് മോഹൻ ബഗാൻ മാനേജ്മെന്റ്
text_fieldsഖാലിദ് ജമീൽ
ബംഗളൂരു: ഖാലിദ് ജമീൽ പരിശീലകനായി ചുമതലയേറ്റശേഷം ആദ്യമായി നടക്കുന്ന ഇന്ത്യൻ ഫുട്ബാൾ ക്യാമ്പിലേക്ക് താരങ്ങളെ വിട്ടുനൽകാൻ വിസമ്മതിച്ച് മോഹൻ ബഗാൻ മാനേജ്മെന്റ്. വെള്ളിയാഴ്ച ബംഗളൂരുവിലെ പ്രകാശ് പദുക്കോൺ അക്കാദമിയിൽ ആരംഭിച്ച ക്യാമ്പിലേക്ക് മലയാളി മധ്യനിര താരം സഹൽ അബ്ദുൽ സമദ് അടക്കം ഏഴു പ്രധാന താരങ്ങളാണ് ബഗാനിൽനിന്ന് എത്തിച്ചേരാനുള്ളത്.
ഡ്യൂറൻഡ് കപ്പ് മത്സരങ്ങൾ നടക്കുന്നതിനാൽ ബഗാൻ താരങ്ങൾ വൈകി ക്യാമ്പിലെത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, ഞായറാഴ്ച ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെതിരെ തോൽവി വഴങ്ങിയ ബഗാൻ ഡ്യൂറൻഡ് കപ്പിൽനിന്ന് പുറത്തായി. പിന്നാലെയാണ് തങ്ങളുടെ ടീമംഗങ്ങളെ ദേശീയ ക്യാമ്പിനയക്കാൻ താൽപര്യമില്ലെന്ന ബഗാൻ മാനേജ്മെന്റിന്റെ പ്രതികരണം വരുന്നത്. ബഗാൻ താരങ്ങളെ കൂടാതെ മറ്റു ആറു താരങ്ങൾകൂടി ക്യാമ്പിൽ ചേരാനുണ്ട്.
ദേശീയ ടീമിൽനിന്ന് വിരമിച്ചിട്ടും മുൻ കോച്ച് മനോലോ മാർക്വേസ് ടീമിലേക്ക് തിരിച്ചെത്തിച്ച സുനിൽ ഛേത്രിയെ ഒഴിവാക്കിയാണ് പുതിയ കോച്ച് ഖാലിദ് ജമീൽ ഈമാസം 29ന് ആരംഭിക്കാനിരിക്കുന്ന കാഫ നാഷൻസ് കപ്പ് ഫുട്ബാളിനുള്ള ദേശീയ ക്യാമ്പിന്റെ 35 അംഗ സാധ്യത പട്ടിക ഒരുക്കിയത്. ഛേത്രിയെ ഒഴിവാക്കിയത് സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് ജമീൽതന്നെ കഴിഞ്ഞ ദിവസം പ്രതികരണം നൽകിയിരുന്നു. ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്റിനുള്ള മുന്നൊരുക്ക മത്സരം മാത്രമായാണ് കാഫ നാഷൻസ് കപ്പിനെ കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഛേത്രിക്ക് പകരം മറ്റുതാരങ്ങളെ പരീക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ഛേത്രിക്കായി എപ്പോഴും ടീമിന്റെ വാതിൽ തുറന്നിട്ടതായും ജമീൽ പറഞ്ഞു.
ദേശീയ ടീമിലായിരിക്കെ താരങ്ങൾക്കേൽക്കുന്ന പരിക്കിനെ എ.ഐ.എഫ്.എഫ് വകവെക്കുന്നില്ലെന്നാണ് ബഗാന്റെ പരാതി. കഴിഞ്ഞ മാർച്ചിൽ ബംഗ്ലാദേശിനെതിരെ നടന്ന ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ പരിക്കേറ്റ ബഗാന്റെ ക്യാപ്റ്റൻ കൂടിയായ സുഭാഷിഷ് ബോസ് ഇപ്പോഴും ചികിത്സയിലാണ്. എല്ലാ സമയവും തങ്ങളുടെ താരങ്ങളെ ദേശീയ ടീമിലേക്കെടുക്കുകയും മൂന്നോ നാലോ താരങ്ങളെ പരിക്കുമായി തിരിച്ചുനൽകുകയും ചെയ്യുന്നുവെന്ന് ബഗാൻ മാനേജ്മെന്റ് ചൂണ്ടിക്കാട്ടുന്നു.
ഫിഫയുടെ അന്താരാഷ്ട്ര വിൻഡോയിൽ ഉൾപ്പെട്ട മത്സരമല്ലാത്തതിനാൽ കാഫ നാഷൻസ് കപ്പിന് താരങ്ങളെ വിട്ടുനൽകൽ നിർബന്ധമല്ലെന്നും ബഗാൻ വാദിക്കുന്നു. ഐ.എസ്.എൽ കപ്പും ഷീൽഡും നേടിയ ബഗാന് സെപ്റ്റംബറിൽ എ.എഫ്.സി ചാമ്പ്യൻസ് ലീഗ് മത്സരം കാത്തിരിക്കുകയാണ്. സെപ്റ്റംബർ 16ന് ആദ്യ മത്സരത്തിൽ ഇറാനിയൻ ക്ലബായ സെപഹാൻ എസ്.സിയാണ് എതിരാളികൾ.
ദേശീയ ക്യാമ്പിൽനിന്നുള്ള ബഗാൻ താരങ്ങളുടെ പിന്മാറ്റം ജമീലിന് തുടക്കത്തിലേ ഏൽക്കുന്ന തിരിച്ചടിയാണ്. എല്ലാ പൊസിഷനിലെയും മുൻനിര താരങ്ങളാണ് ബഗാനിലുള്ളത്. വിശാൽ കെയ്ത്ത്, ലാലങ്മാവിയ (അപൂയ), അനിരുദ്ധ് താപ്പ, സഹൽ അബ്ദുൽ സമദ്, ദീപക് താങ്റി, മൻവീർ സിങ്, ലിസ്റ്റൺ കൊളാസോ എന്നിവരാണ് ക്യാമ്പിലിടം പിടിച്ചവർ. എല്ലാവരും മുമ്പ് ദേശീയ ടീമിൽ കളിച്ചവർ. ഛേത്രിക്ക് പുറമെ, ഈ താരങ്ങളെക്കൂടി ഒഴിച്ചുനിർത്തി ആദ്യ ഇലവൻ ഒരുക്കുക എന്നത് ഖാലിദ് ജമീലിന് വെല്ലുവിളിയാവും.
സർപ്രൈസായി സുനിൽ ബെഞ്ചമിൻ; ഫിറോസ് ശരീഫ് ഗോൾ കീപ്പിങ് കോച്ച്
ഖാലിദ് ജമീൽ ക്യാമ്പിനായി പ്രഖ്യാപിച്ച 35 അംഗ സാധ്യത ടീമിൽ ആറു മലയാളി താരങ്ങളാണ് ഉൾപ്പെട്ടത്. കഴിഞ്ഞ സീസണിൽ ഹൈദരാബാദ് എഫ്.സിക്കായി ക്യാപ്റ്റന്റെ ആം ബാൻഡണിഞ്ഞ് പ്രതിരോധക്കോട്ട നയിച്ച വയനാട്ടുകാരൻ അലക്സ് സജി, നോർത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ ഗോളടിമേളത്തിൽ അലാവുദ്ദീൻ അജാരിയുടെ വലംകൈയായി നിന്ന ജിതിൻ എം.എസ്, ഇംഗ്ലീഷ് ക്ലബ് വെസ്റ്റ് ഹാം യുനൈറ്റഡിൽ ചേക്കേറിയ മുൻ ബ്ലാസ്റ്റേഴ്സ് താരം രാഹുൽ കെ.പി, ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമായ ആഷിഖ് കുരുണിയൻ, സഹൽ അബ്ദുൽ സമദ് എന്നിവർക്കു പുറമെ, മറ്റൊരു മലയാളി താരത്തിന്റെ സർപ്രൈസ് എൻട്രി കൂടിയുണ്ട്.
സുനിൽ ബെഞ്ചമിൻ, ഫിറോസ് ശരീഫ്
കൊൽക്കത്ത ലീഗിൽ ഡയമണ്ട് ഹാർബർ എഫ്.സിയുടെ പ്രതിരോധതാരമായ തിരുവനന്തപുരത്തുകാരൻ സുനിൽ ബെഞ്ചമിൻ. സന്തോഷ് ട്രോഫിയിൽ സർവിസസ് ടീമംഗമായിരുന്നു സുനിൽ. ക്യാമ്പിൽ ഗോൾകീപ്പിങ് പരിശീലക വേഷത്തിൽ മലയാളിയായ ഫിറോസ് ശരീഫും ചുമതലയേറ്റിട്ടുണ്ട്. മുൻ ഇന്ത്യൻ താരം കൂടിയായ ശരീഫ് പഴയ എസ്.ബി.ടി ടീമീന്റെ വിശ്വസ്ത കാവലാളായിരുന്നു. ജൂനിയർ ടീമുകളുടെ പരിശീലകനായ പരിചയസമ്പത്തിലാണ് സീനിയർ ടീമിന്റെ പരിശീലക കുപ്പായമണിയാൻ അവസരം ലഭിച്ചത്.