'ഹേ സനാനേ..'; ഐ.എസ്.എല്ലിൽ ജാംഷഡ്പുർ മുന്നേറ്റത്തിലെ കരുത്തുറ്റ താരമായി മലപ്പുറത്തുകാരൻ
text_fieldsജാംഷഡ്പുർ എഫ്.സിക്കുവേണ്ടി കളിക്കുന്ന മുഹമ്മദ് സനാൻ
മലപ്പുറം: ഐ.എസ്.എല്ലിൽ ജാംഷഡ്പുർ എഫ്.സിയും മുഹമ്മദൻസ് എഫ്.സിയും തമ്മിലെ വാശിയേറിയ പോരാട്ടം. ഗോൾരഹിത സമനിലയായ ആദ്യ പകുതിക്കുശേഷം 53ാം മിനിറ്റിൽ ഗ്രൗണ്ടിന്റെ ഇടതുഭാഗത്തുനിന്നൊരു ഷോട്ട് ജാംഷഡ്പുർ താരം മുഹമ്മദൻസിന്റെ ഗോൾകൂടാരം ലക്ഷ്യമാക്കി കുതിക്കുന്നു. സെക്കൻഡ് ബോക്സിന്റെ ഇടതുമൂലയിൽനിന്ന് ഗോൾ ബോക്സ് ലക്ഷ്യമാക്കിയൊരു വലംകാലൻ ഷോട്ട്. മഴവില്ലഴകിൽ പന്ത് ഗോൾവലയിലേക്ക് താഴ്ന്നിറങ്ങി. ആ ഒരൊറ്റ ഗോൾകൊണ്ട് മലയാളിയായ മുഹമ്മദ് സനാൻ കളി കണ്ട മുഴുവൻ പേരെയും തന്റെ ആരാധകരാക്കി മാറ്റിയിരുന്നു. കഴിഞ്ഞ വർഷം ജാംഷഡ്പുരിന്റെ തട്ടകത്തിലെത്തിയ 20കാരൻ ഇന്ന് ടീമിന്റെ മുന്നേറ്റത്തിലെ കരുത്തുറ്റ താരമാണ്. ഈ സീസണിലെ ടീം കളിച്ച ഒമ്പതു മത്സരങ്ങളിൽ മുഴുവനും സനാൻ ജാംഷഡ്പുരിനായി ബൂട്ടുകെട്ടി. ഹൃദയഹാരിയായ ഗോളിന് പുറമേ മികച്ചൊരു അസിസ്റ്റുംകൊണ്ട് ടീമിനെ തോളിലേറ്റി. രണ്ടു മത്സരങ്ങളിൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരവും സനാനെ തേടിയെത്തി.
മലേഷ്യയിലെ ക്വാലാലംപുരിൽ നടന്ന അണ്ടർ-23 സൗഹൃദ ഫുട്ബാൾ മത്സരത്തിൽ ഇന്ത്യക്കായി കളിക്കാനും സനാന് അവസരം ലഭിച്ചിരുന്നു. തൃക്കലങ്ങോട് സ്വദേശി മനോജ് മാഷിന്റെ നേതൃത്വത്തിലാണ് പരിശീലനം ആരംഭിച്ചത്. സെപ്റ്റ് അക്കാദമി, കാസ്കോ കാവനൂർ, ക്ലബ് ജൂനിയർ ക്ലബുകളുടെ നേതൃത്വത്തിൽ വിവിധ കോച്ചുമാരുടെ കീഴിലും പരിശീലിച്ചു. ഇതിനിടെയാണ് റിലയൻസ് ഫൗണ്ടേഷൻ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ചത്. റിലയൻസ് ഫൗണ്ടേഷൻ യങ് ചാമ്പ്സിൽനിന്നാണ് ഐ.എസ്.എല്ലിലേക്കെത്തുന്നത്. ടീമിനായി മുംബൈ ഡെവലപ്മെന്റ് ലീഗിൽ നടത്തിയ പ്രകടനമാണ് ജാംഷഡ്പുർ ടീമിലേക്കുള്ള വഴിയൊരുക്കിയത്. 12ാം വയസ്സിൽതന്നെ സ്പെയിനിൽ പരിശീലനം നടത്താൻ സനാന് അവസരം ലഭിച്ചിരുന്നു. റയൽ മഡ്രിഡ്, ലഗാനസ്, വലൻസിയ തുടങ്ങി ലാ ലിഗയിലെ പ്രമുഖ ടീമുകളുടെ യൂത്ത് ടീമുകളുമായി മത്സരിക്കാനും അവസരം ലഭിച്ചു. തൃക്കലങ്ങോട് പള്ളിപ്പടി കുണ്ടോയി ഷൗക്കത്തലി-റജീന ദമ്പതികളുടെ മകനാണ് സനാൻ. സുൽത്താന, ബേബി ഫർസാന, നൈഷാന എന്നിവർ സഹോദരങ്ങളാണ്.