ദേശീയ ഗെയിംസ് ഫുട്ബാൾ; കേരളത്തിന് സ്വർണം; നേട്ടം 27 വർഷത്തെ കാത്തിരിപ്പിനൊടുവിൽ
text_fieldsഹൽദ്വാനി: ഗോലാപാർ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ ഗാലറിയെ ഉൾക്കൊള്ളാനാവാതെ നിറഞ്ഞുകവിഞ്ഞ ഉത്തരാഖണ്ഡുകാരെ നിശ്ശബ്ദരാക്കി ദേശീയ ഗെയിംസ് ഫുട്ബാളിൽ സുവർണ ചരിത്രമെഴുതി കേരളം. വീറും വാശിക്കുമൊപ്പം ചുവപ്പ് കാർഡുകളും നാടകീയത സൃഷ്ടിച്ച ഫൈനലിൽ ആതിഥേയരെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപിച്ചത്. 53ാം മിനിറ്റിൽ എസ്. ഗോകുൽ വിജയ ഗോൾ നേടി. 73ാം മിനിറ്റിൽ കേരള ഡിഫൻഡർ സഫ് വാൻ മേമനയും 89ൽ ഉത്തരാഖണ്ഡ് സ്ട്രൈക്കർ ശൈലേന്ദ്ര സിങ് നേഗിയും ചുവപ്പ് കാർഡ് കണ്ടു. 27 വർഷത്തിന് ശേഷമാണ് ദേശീയ ഗെയിംസ് ഫുട്ബാളിൽ കേരളം സ്വർണം നേടുന്നത്.
തുടക്കം മുതൽ കേരളം മേധാവിത്വം പുലർത്തി. നാലാം മിനിറ്റിൽത്തന്നെ മികച്ച അവസരം. വലതുവിങ്ങിൽ നിന്ന് ഗോകുൽ നൽകിയ ക്രോസിൽ പി. ആദിൽ തലവെച്ചത് കൃത്യമായിരുന്നെങ്കിൽ കേരളം മുന്നിലെത്തിയേനെ. എട്ടാം മിനിറ്റിൽ ഉത്തരാഖണ്ഡ് അപകടം വിതച്ചപ്പോൾ ഗോൾകീപ്പർ അൽകേഷ് രാജ് അവസരത്തിനൊത്തുയർന്നു. 17ാം മിനിറ്റിൽ ജേക്കബിന്റെ ഉഗ്രനടി ആതിഥേയ ഗോളി വീരേന്ദ്ര പാണ്ഡെയുടെ കൈകളിൽ നിന്ന് വഴുതിയെങ്കിലും മുതലെടുക്കാനാരുമുണ്ടായില്ല. പിന്നാലെ മുഹമ്മദ് ഷാദിലും ബിജേഷ് ബാലനും നടത്തിയ ശ്രമങ്ങളും വിജയം കണ്ടില്ല. 27ാം മിനിറ്റിൽ ഉത്തരാഖണ്ഡിന്റെ ഊഴം. പ്രവേഷിന്റെ വൺ ടു വൺ അടി പക്ഷെ ദുർബലമായി. 37, 38 മിനിറ്റുകളിലും കേരളം എതിരാളികളുടെ ഗോൾമുഖത്തെത്തി. 43ാം മിനിറ്റിൽ ഗോകുലിന്റെ അടി പുറത്തേക്കായതോടെ ആദ്യ പകുതി ഗോൾ രഹിതം.രണ്ടാം പകുതിയിലും കണ്ടത് കേരളത്തിന്റെ മികച്ച നീക്കങ്ങൾ.
പന്തധീനതയിൽ വ്യക്തമായ മുൻതൂക്കം പുലർത്തിയ സന്ദർശക താരങ്ങളെ ചെറുക്കാൻ ഉത്തരാഖണ്ഡിന്റെ പ്രതിരോധനിര വിയർത്തു. 53ാം മിനിറ്റിൽ കേരളത്തിന്റെ ഗോൾ കാത്തിരിപ്പിന് ഗോകുൽ വിരാമമിട്ടു. ഉത്തരാഖണ്ഡ് ബോക്സിൽ പന്തുമായി കേരളം. രക്ഷപ്പെടുത്താൻ കിണഞ്ഞു ശ്രമിച്ച് എതിർ താരങ്ങളും. പിന്നെ കൂട്ടപ്പൊരിച്ചിലായി. ഇതിനിടെ ആദിലിന്റെ കാലിൽ പന്ത് ലഭിക്കുകയും രണ്ടാമതൊന്ന് ആലോചിക്കാതെ ഗോകുലിന് നൽകുകയുമായിരുന്നു. ഗോൾ വീണതോടെ ഗാലറിയുടെ ആരവവും നിലച്ചു. പരാജയം മണത്ത ഉത്തരാഖണ്ഡ് ഉണർന്നു. ഇതിനിടെ അവരുടെ മുന്നേറ്റത്തിന് ബോക്സിന് പുറത്ത് തടയിടാൻ ശ്രമിച്ച പ്രതിരോധ താരം സഫ് വാന് മഞ്ഞക്കാർഡ് നൽകി റഫറി. അസിസ്റ്റന്റ് റഫറിയുടെ നിർദേശത്തെത്തുടർന്ന് താരത്തെ ചുവപ്പ് കാർഡും കാണിച്ച് കളത്തിന് പുറത്താക്കി. പത്തുപേരായി ചുരുങ്ങിയതോടെ കേരളം പ്രതിരോധം മുറുക്കി. പിന്നാലെ ആതിഥേയ മുന്നേറ്റക്കാരൻ നേഗിക്ക് രണ്ടാം മഞ്ഞക്കാർഡ്. ഉത്തരാഖണ്ഡിന്റെ അംഗബലവും ഇതോടെ പത്തായി. കളി അവസാനത്തോടടുക്കവെ അവർ സമനിലക്കായി പൊരുതിയെങ്കിലും കാര്യമുണ്ടായില്ല. ഒടുവിൽ സന്ദർശകരുടെ ആവേശത്തിലേക്ക് ലോങ് വിസിൽ. 1997ലെ ബംഗളൂരു ഗെയിംസിലാണ് കേരളം അവസാനമായി സ്വർണം നേടിയത്.
കഴിഞ്ഞ ഗോവ ഗെയിംസിൽ വെങ്കലമായിരുന്നു. ഇതോടെ ഇക്കുറി ദേശീയ ഗെയിംസിലെ സ്വർണ സമ്പാദ്യം പത്തായി ഉയർന്നു. പത്ത് വെള്ളിയും ആറ് വെങ്കലവുമുണ്ട്. അതിനിടെ, യോഗ്യതയില്ലാത്ത നാല് താരങ്ങളെ ഉത്തരാഖണ്ഡ് ഫുട്ബാൾ ടീമിൽ ഉൾപ്പെടുത്തിയതിനെതിരെ കേരളത്തിന്റെ പരാതി. ബംഗാളിൽ നിന്നും ഡൽഹിയിൽ നിന്നുമുള്ള രണ്ട് താരങ്ങളെയാണ് ആതിഥേയ സംഘത്തിൽ തിരുകിക്കയറ്റിയത്.