ദേശീയ ഗെയിംസ് ഫുട്ബാൾ: ചാമ്പ്യന്മാരെ തകർത്ത് കേരളം സെമിയിൽ
text_fieldsഹൽദ്വാനി: സന്തോഷ് ട്രോഫി ഫൈനൽ കളിച്ച താരങ്ങളെയെല്ലാം മാറ്റിനിർത്തി പുതുനിരയെ പരീക്ഷിച്ച കേരളത്തെ എഴുതിത്തള്ളിയവരുടെ വായടപ്പിച്ച് നിലവിലെ ചാമ്പ്യന്മാർക്കെതിരെ ആധികാരിക ജയവുമായി സെമി ഫൈനൽ പ്രവേശനം. അവസാന ഗ്രൂപ് മത്സരത്തിൽ സർവിസസിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് കേരളം തകർത്തെറിഞ്ഞത്. സെമിയിൽ നാളെ അസമിനെ നേരിടും. കഴിഞ്ഞ ഗെയിംസിൽ വെങ്കലമായിരുന്നു കേരളത്തിന്. പി ആദിൽ ഇരട്ടഗോളുമായി തിളങ്ങിയപ്പോൾ പകരക്കാരനായെത്തിയ ബേബിൾ സിവേറിയുടെ വകയായിരുന്നു മൂന്നാംഗോൾ. ഗോൾ കീപ്പർ ഗഗൻദീപ് സിങ് ചുവപ്പുകാർഡ് കണ്ട് പുറത്തായതിനാൽ പത്തുപേരുമായാണ് സർവിസസ് ഭൂരിഭാഗം സമയവും കളിച്ചത്.
സെമിയിൽ കടക്കാൻ ജയം അനിവാര്യമായിരുന്നു കേരളത്തിന്. സർവിസസിന് സമനില മതിയായിരുന്നു. ഹൽദ്വാനിയിലെ മിനി സ്‌റ്റേഡിയത്തിൽ കിക്കോഫ് വിസിലിന് പിന്നാലെ പട്ടാള ടീമിന്റെ വലയിൽ നിറയൊഴിച്ചു ആദിൽ. രണ്ടാംമിനിറ്റിലേക്ക് കടക്കവെ കേരളത്തിന്റെ പ്രത്യാക്രമണം സർവിസസ് ബോക്‌സിൽ തട്ടിത്തെറിച്ചു. പന്ത് ബോക്‌സിന് പുറത്ത് ആദിലിന്റെ കാലിൽ. ഗോൾ കീപ്പർ ഗഗൻദീപ് സ്ഥാനം തെറ്റിനിന്ന തക്കം നോക്കി കാസർകോട്ടുകാരന്റെ ഒന്നാന്തരം ഷോട്ട് വലയിൽ. പിന്നാലെ സർവിസസിന് മറ്റൊരു തിരിച്ചടി. കേരള സ്ട്രൈക്കർ മുഹമ്മദ് ഷാദിൽ ഒറ്റക്ക് ബോക്‌സിലേക്ക് കുതിക്കവെ ഗോളി ഗഗൻദീപ് മുന്നോട്ട് കയറി കൗമാരതാരത്തെ ചവിട്ടിവീഴ്‌ത്തി. റഫറി ഉടൻ ചുവപ്പുകാർഡ് കാണിച്ച് പറഞ്ഞുവിട്ടു.
ആർ. റോബിൻസണാണ് പകരം വലകാത്തത്. ഗോളും ഗോളിയുടെ മടക്കവും സർവിസസിനെ തീർത്തും പ്രതിസന്ധിയിലാക്കി. എങ്കിലും സമനിലക്കായി പൊരുതിക്കളിച്ചു. വാശിയോടെ പന്ത് തട്ടിയെങ്കിലും അജയ് അലെക്‌സും സച്ചിൻ സുനിലും സഫ്‌വാൻ മേമനയും ഉൾപ്പെട്ട പ്രതിരോധം ഉണർന്നുകളിച്ചു. രണ്ടാം പകുതിയിലും കേരളം മേധാവിത്വം തുടർന്നു. 51ാം മിനിറ്റിൽ ആദിൽ ഗോൾ രണ്ടാക്കി. വലതുപാർശ്വത്തിലൂടെ കുതിച്ചെത്തിയ ബിജേഷ് ടി ബാലൻ തൊടുത്ത ക്രോസ് വലയുടെ ഇടതുമൂലയിലേക്ക് ചാർത്തുകയായിരുന്നു ആദിൽ. കേരളം ജയം ഉറപ്പിച്ചിരിക്കെ 90ാം മിനിറ്റിലായിരുന്നു ബേബിളിന്റെ ഗോൾ.
ആദ്യ രണ്ട് കളിയും ജയിച്ച് ഗ്രൂപ്പിൽ നിന്ന് നേരത്തേ സെമിയിലെത്തിയ ഡൽഹിയെ മൂന്നാം മത്സരത്തിൽ മണിപ്പൂർ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ചു. ഡൽഹിക്കും കേരളത്തിനും ആറ് പോയന്റ് വീതമാണുള്ളത്. ഗോൾ വ്യത്യാസത്തിൽ കേരളമാണ് മുന്നിൽ. എന്നാൽ, നേർക്കുനേർ മത്സരത്തിൽ ജയിച്ച ആനുകൂല്യത്തിൽ ഡൽഹി ഗ്രൂപ് ജേതാക്കളായി. ഗ്രൂപ് എ ചാമ്പ്യന്മാരാണ് അസം.