ഗോ...ഗോൾ...ഗോൾഡ്
text_fieldsകേരള ഫുട്ബാൾ താരങ്ങൾ പരിശീലനത്തിൽ
ദേശീയ ഗെയിംസിൽ കേരള പുരുഷ ഫുട്ബാൾ ടീം സ്ഥിരമായി പങ്കെടുക്കാറുണ്ടെങ്കിലും രണ്ടുതവണ മാത്രമാണ് സ്വർണം നേടാനായത്- 1987ലും 97ലും. 27 വർഷം മുമ്പായിരുന്നു രണ്ടാമത്തെയും അവസാനത്തെയും സ്വർണമെന്നർഥം. ഒരിക്കൽക്കൂടി കേരളം ഫൈനലിലെത്തിയിരിക്കുന്നു. ഗോലാപാർ ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച വൈകീട്ട് ആറിന് നടക്കുന്ന കലാശപ്പോരാട്ടത്തിൽ നേരിടാനുള്ളത് ആതിഥേയരായ ഉത്തരാഖണ്ഡിനെയാണ്. നാലിൽ മൂന്ന് മത്സരങ്ങളും ജയിച്ചാണ് കേരളത്തിന്റെ വരവ്. സെമി ഫൈനലിൽ ഡൽഹിയെ അട്ടിമറിച്ച് ഉത്തരാഖണ്ഡും കടന്നു.
ഇത്തവണ സന്തോഷ് ട്രോഫി ഫൈനൽ കളിച്ച ആരെയും ഉൾപ്പെടുത്താതെ രണ്ടാംനിരയുമായാണ് കേരളമെത്തിയത്. എന്നാൽ, ഷഫീഖ് ഹസൻ പരിശീലിപ്പിക്കുന്ന സംഘം നടത്തിയത് മിന്നുംപ്രകടനം. ഗ്രൂപ് ബിയിൽ ആദ്യ കളിയിൽ മണിപ്പൂരിനെ ഒരു ഗോളിന് വീഴ്ത്തി. പിന്നാലെ ഡൽഹിയോട് ഇതേ സ്കോറിന് തോറ്റെങ്കിലും നിലവിലെ ചാമ്പ്യന്മാരായ സർവിസസിനെതിരായ ജീവന്മരണ പോരാട്ടം മറുപടിയില്ലാത്ത മൂന്ന് ഗോളിന് ജയിച്ച് സെമിയിലെത്തി. സെമിയിൽ അസം കേരളത്തിന് തലവേദനയുണ്ടാക്കിയെങ്കിലും അവരെ ഗോൾരഹിത സമനിലയിൽ പിടിച്ചുകെട്ടി പെനാൽറ്റി ഷൂട്ടൗട്ട് ജയിച്ച് ഫൈനലിലേക്ക്. ഗോൾ കീപ്പർ അൽകേഷ് രാജ് ഷൂട്ടൗട്ടിൽ രണ്ട് സേവുകൾ നടത്തി ഹീറോയായി. നാല് മത്സരങ്ങളിൽ അൽകേഷ് വഴങ്ങിയത് ഒരേയൊരു ഗോളാണ്. മറ്റു മൂന്നിലും ക്ലീൻ ഷീറ്റ്. പ്രതിരോധത്തിൽ കേരള പൊലീസ് താരം സഫ്വാൻ മേമന, എസ്. സന്ദീപ്, സച്ചിൻ സുനിൽ തുടങ്ങിയവരും മധ്യനിരയിൽ പി. ആദിലും ബിജേഷ് ടി. ബാലനുമെല്ലാം തകർപ്പൻ ഫോമിലാണ്. മികച്ചൊരു സ്ട്രൈക്കറില്ലാത്തതാണ് കേരളത്തെ അലട്ടുന്ന പ്രധാന പ്രശ്നം.
മറുവശത്ത് സ്വന്തം കാണികളുടെ പിന്തുണയോടെ അത്ഭുതകരമായ മുന്നേറ്റം നടത്തിയാണ് ഉത്തരാഖണ്ഡ് ഫൈനലിലെത്തിയത്. 1-1 സമനിലയിൽ കലാശിച്ച സെമിയിൽ ഷൂട്ടൗട്ടിൽ ഇവർ ഡൽഹിയെ തോൽപിച്ചു. ഗ്രൂപ് എയിലെ ആദ്യ കളിയിൽ അസമിനോട് എതിരില്ലാത്ത ഒരു ഗോളിന് മുട്ടുമടക്കിയെങ്കിലും നിർണായക മത്സരങ്ങളിൽ മിസോറമിനെ 1-1ൽ തളക്കുകയും ഗോവയെ 4-1ന് തകർക്കുകയും ചെയ്തു. ഫൈനൽ കാണാൻ ഗാലറി നിറയുമെന്നുറപ്പ്. ഗാലറിയുടെ ആരവങ്ങളെക്കൂടി അതിജീവിച്ച് വേണം കേരളത്തിന് പൊന്നിൽ മുത്തമിടാൻ. 2022ലാണ് കേരളം അവസാനമായി ഫൈനലിലെത്തിയത്. ഗുജറാത്തിൽ ബംഗാളിനോട് തോറ്റു. തുടർന്ന് ഗോവയിൽ വെങ്കലവും നേടി.