Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗ്രൂപ് റൗണ്ട് പോലും...

ഗ്രൂപ് റൗണ്ട് പോലും കടക്കില്ലെന്ന് പറഞ്ഞ ടീം മടങ്ങുന്നത് സ്വർണമണിഞ്ഞ്! ഹീറോയായി ഷഫീഖാശാൻ...

text_fields
bookmark_border
ഗ്രൂപ് റൗണ്ട് പോലും കടക്കില്ലെന്ന് പറഞ്ഞ ടീം മടങ്ങുന്നത് സ്വർണമണിഞ്ഞ്! ഹീറോയായി ഷഫീഖാശാൻ...
cancel
camera_alt

കേരള താരങ്ങൾ പരിശീലകൻ ഷഫീഖ് ഹസനെ എടുത്തുയർത്തി ആഹ്ലാദം പങ്കിടുന്നു

ഹൽദ്വാനി: കേരള ഫുട്ബാൾ ടീം ഫൈനലിലേക്ക് യോഗ്യത നേടിയപ്പോൾ പരിശീലകൻ ഷഫീഖ് ഹസന്റെ വാക്കുകളിങ്ങനെ: ‘ഞങ്ങളുടെ കൈയിൽ അദ്ഭുത വടിയൊന്നുമില്ല. എട്ട് ദിവസത്തിനിടെ അഞ്ചാമത്തെ മത്സരമാണ് എന്റെ പിള്ളേർ കളിക്കാൻ പോവുന്നത്. അവരോട് നിർബന്ധിക്കുന്നതിന് പരിധിയുണ്ട്. എന്നിട്ടും ആവശ്യപ്പെടുന്നതിന്റെ 200 ശതമാനം കളിക്കാർ നൽകുന്നുവെന്നതാണ് ഈ ടീമിന്റെ വിജയം.'' ഗ്രൂപ് റൗണ്ട് പോലും കടക്കില്ലെന്ന് പറഞ്ഞ് മിക്കവരും എഴുതിത്തള്ളിയ സംഘത്തെയുംകൊണ്ട് ഉത്തരാഖണ്ഡിലേക്ക് പറന്ന ഷഫീഖ് മടങ്ങുന്നത് സ്വർണവുമായാണ്.

ഏറെ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു ടീം രൂപവത്ക്കരണം. ഒരു മാസം മുമ്പ് ഹൈദരാബാദിൽ അപരാജിത യാത്ര നടത്തി സന്തോഷ് ട്രോഫി ഫൈനൽ കളിച്ച് റണ്ണേഴ്സ് അപ്പായി മടങ്ങിയ സംഘത്തെയാകെ മാറ്റണമെന്നായിരുന്നു കേരള ഫുട്ബാൾ അസോസിയേഷന്റെ നിർദേശം. ക്യാമ്പിലേക്ക് വിളിച്ചത് രണ്ടാംനിരയെ. 31 പേരുടെ പട്ടിക തയ്യാറാക്കി ജനുവരി ഏഴിന് കല്‍പ്പറ്റയിൽ ക്യാമ്പ് തുടങ്ങി. ആദ്യ ഘട്ടം എത്തിയതാവട്ടെ 19 പേർ. ഇതിലൊരാള്‍ പിന്നീട് ക്യാമ്പ് വിട്ടതോടെ 18 ആയി ചുരുങ്ങി. തുടർന്ന് 12 പേരുടെ കൂടി പട്ടിക പുറത്തിറക്കിയെങ്കിലും അഞ്ചുപേരേ എത്തിയുള്ളൂ.15 പേരെ ഉൾപ്പെടുത്തിയുള്ള മൂന്നാം പട്ടികയും ചേർത്താണ് 22 അംഗ ടീമിനെ തെരഞ്ഞെടുത്തത്. ഡിഫൻഡർമാരായ ക്യാപ്റ്റൻ അജയ് അലക്സ്, സഫ്‌വാൻ മേമന, മിഡ്ഫീൽഡർ ബിജേഷ് ടി. ബാൻ എന്നിവർ മാത്രമാണ് സന്തോഷ് ട്രോഫി കളിച്ചവർ. സൂപ്പര്‍ ലീഗ് കേരളയിൽ കളിച്ച മൂന്നും കേരള പോലീസിലെ നാലും ഗോകുലം കേരളയിലെ മൂന്നും പേർ സംഘത്തിലുണ്ട്. കണ്ണൂർ വാരിയേഴ്സിന്റെ സഹപരിശീലകനായിരുന്നു ഷഫീഖ് ഹസൻ.

പരിശീലനത്തിന് മതിയായ ഗ്രൗണ്ടും പോലും ലഭിച്ചില്ല. എതിർ ടീമിന്റെ മത്സരങ്ങൾ നേരിട്ടും ഓൺലൈനായും കണ്ട് തന്ത്രങ്ങൾ രൂപപ്പെടുത്തി താരങ്ങളെ പറഞ്ഞു പഠിപ്പിക്കുക‍യായിരുന്നു കേരള ഫുട്‌ബാൾ അസോസിയേഷന്റെ കോച്ചിങ് ഇൻസ്ട്രക്‌റായ ഷഫീഖ് ഹസൻ. ഹൈദരാബാദിലെ ശ്രീനിധി എഫ്.സിയുടെ പരിശീലകനായിരുന്നു വയനാട് സ്വദേശി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പ്രൈമറി സ്റ്റാര്‍സ് എജുക്കേറ്ററായും ആള്‍ ഇന്ത്യ ഫുട്‌ബാള്‍ ഫെഡറേഷന്റെ സി ലൈസന്‍സ്ഡ് എജുക്കേറ്ററായും പ്രവര്‍ത്തിക്കുകയാണ് ഏഷ്യന്‍ ഫുട്‌ബാള്‍ അസോസിയേഷന്റെ എ ലൈസന്‍സ്ഡ് കോച്ചായ ഷഫീഖ് ഹസന്‍. മേപ്പാടി കാപ്പംകൊല്ലിയിലെ ഇബ്രാഹിം-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ജംഷീന. ദനീം, ഫിഡല്‍ എന്നിവര്‍ മക്കളാണ്.

Show Full Article
TAGS:national games Kerala Football Team 
News Summary - National Games: Kerala regains football gold after 27 years
Next Story