മലയാളി ഗോളുകളിൽ കേരളത്തെ പുറത്താക്കി പട്ടാളം
text_fieldsഫുട്ബാളിൽ കേരളം-സർവിസസ് സെമി ഫൈനൽ മത്സരത്തിൽനിന്ന്
പനാജി (ഗോവ): ദേശീയ ഗെയിംസ് പുരുഷ ഫുട്ബാളിൽ കേരളം പുറത്ത്. സെമി ഫൈനലിൽ സർവിസസിനു മുന്നിൽ 2-4നാണ് കാലിടറിയത്. മലയാളിയായ സർവിസസിന്റെ മധ്യനിര താരം രാഹുൽ രാമകൃഷ്ണന്റെ ഇരട്ട ഗോൾ കേരളത്തിന്റെ ഫൈനൽ പ്രതീക്ഷകൾ തകർക്കുകയായിരുന്നു. ഫട്ടോർഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരളം ആദ്യം ലീഡ് സ്വന്തമാക്കിയെങ്കിലും സർവിസസിന്റെ കളിമികവിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല.
കേരളം 27ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ലീഡ് സ്വന്തമാക്കുകയായിരുന്നു. മിഡ്ഫീൽഡർ നിജോ ഗിൽബർട്ടാണ് വല കുലുക്കിയത് (1-0). സർവിസസ് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ രാഹുൽ രാമകൃഷ്ണനിലൂടെ സമനില പിടിച്ചു (1-1). 50ാം മിനിറ്റിൽ ഇവർ ലീഡ് നേടി. പാലക്കാട്ടുകാരൻ രാഹുൽ രാമകൃഷ്ണന്റേതായിരുന്നു രണ്ടാം ഗോൾ (1-2). മിനിറ്റുകൾക്കുള്ളിൽ ഇവർ വീണ്ടും ലീഡുയർത്തി. 54ാം മിനിറ്റിൽ പി. ക്രിസ്റ്റഫറാണ് പെനാൽറ്റിയിലൂടെ കേരളത്തിന്റെ ഗോൾ വലകുലുക്കിയത് (1-3).
73ാം മിനിറ്റിൽ കേരളം നടത്തിയ അപ്രതീക്ഷിത നീക്കം പെനാൽറ്റിയിൽ കലാശിച്ചു. ഇത് കേരള ക്യാപ്റ്റൻ ജി. സഞ്ജു പട്ടാള വലയിലെത്തിച്ചു (2-3). പിന്നാലെ സമനിലക്കായി കേരളം പൊരുതിയെങ്കിലും 84ാം മിനിറ്റിൽ ബികാഷ് താപ്പയിലൂടെ അവസാന ഗോളും സർവിസസ് കണ്ടെത്തി (4-2). പഞ്ചാബിനെ തോൽപിച്ച് മണിപ്പൂരും (2-1) ഫൈനലിലെത്തി. ബുധനാഴ്ച രാവിലെ ഒമ്പതിന് വെങ്കലമെഡൽ ലക്ഷ്യമിട്ട് കേരളം പഞ്ചാബുമായി ഏറ്റുമുട്ടും.