കളിക്കളം അടക്കിവാണ കാൽപന്തുകളിക്കാരൻ...
text_fields1970 ൽ ശിവരാജനുൾപ്പെട്ട വാസ്കോ ഗോവ ടീം മെഡൽ നേടിയപ്പോൾ (മധ്യനിരയിൽ ഇടത്തുനിന്ന് ആദ്യത്തെയാൾ)
കണ്ണൂർ: അതിവേഗത്തിൽ പന്തുമായി കളം നിറഞ്ഞു കളിച്ച ഒരു കളിക്കാരനുണ്ടായിരുന്നു കണ്ണൂരിൽ. പഴയ തലമുറക്ക് അത്രമേൽ ആവേശമായിരുന്നു ആ താരം. കഴിഞ്ഞ ദിവസം അന്തരിച്ച സി.എം. ശിവരാജനായിരുന്നു കാൽ പന്തുകളിയിൽ കണ്ണൂരിന്റെ പേര് നാടിനു പുറത്തെത്തിച്ചത്.
കളിക്കളങ്ങളിൽ അതിവേഗതയിൽ പന്തെടുത്ത് ലക്ഷ്യസ്ഥാനത്ത് എത്തിച്ച് കൊടുത്തിരുന്ന ശിവരാജന്റെ പ്രകടനം കാണാൻ നാടിന്റെ പലഭാഗങ്ങളിൽ നിന്നുമായി ആളുകൾ കൂട്ടത്തോടെ എത്തിയിരുന്നതായി അന്നത്തെ ജൂനിയർ കളിക്കാരനായിരുന്ന കണ്ണൂരിലെ സെയ്ത് ഓർമിക്കുന്നു.
എസ്.എൻ കോളജിലെ പഠനകാലത്താണ് ശിവരാജൻ കായികരംഗത്തേക്ക് എത്തിയത്. യൂനിവേഴ്സിറ്റി തലങ്ങളിലെല്ലാം ഒട്ടേറെ കായികമത്സരങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടി. പിന്നാലെ കണ്ണൂർ ലക്കിസ്റ്റാർ ക്ലബിന്റെ കളിക്കാരനുമായി. കേരള സ്റ്റേറ്റ് ടീമിനു വേണ്ടിയും ഏറെക്കാലം പന്തുതട്ടി. അതിനിടെ ഫുട്ബാൾ മൈതാനങ്ങളിൽ നിറഞ്ഞാടിയ ശിവരാജനെപ്പറ്റിയറിഞ്ഞ് വാസ്കോ ഗോവ ടീം അധികൃതർ കണ്ണൂരിലെത്തുകയായിരുന്നു. പിന്നെ കളി അവർക്കൊപ്പമായി. മികച്ച മധ്യനിരക്കളിക്കാരനായ അദ്ദേഹം വാസ്കോ ഗോവക്കും വിജയരാജനാവുകയായിരുന്നു. പിന്നീട് കളിക്കളത്തിൽ നിന്നിറങ്ങിയ ശിവരാജൻ വിദേശത്തേക്ക് പോയി. വർഷങ്ങൾക്കുശേഷം തിരിച്ചെത്തിയ അദ്ദേഹം കണ്ണൂർ ജില്ല ഫുട്ബാൾ അസോസിയേഷന്റെ സെക്രട്ടറിയായും പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ചു.
ഫെഡറേഷൻ കപ്പ്, ശ്രീനാരായണ കപ്പ്, ലീഗ് ഫുട്ബോൾ, സിസേർസ് കപ്പ് തുടങ്ങിയവയെല്ലാം കണ്ണൂരിൽ സംഘടിപ്പിക്കുന്നതിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച ശിവരാജന്റെ വിയോഗം കനത്ത നഷ്ടമാണെന്ന് ആരാധകർ പറയുന്നു. എസ്.എൻ ട്രസ്റ്റ്, ഭക്തി സംവർധിനിയോഗം, ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ, ലയൺസ് ക്ലബ് തുടങ്ങിയവയുടെ ഭാരവാഹിയായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.