Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right‘നന്ദി ബ്രസീൽ’, നെയ്മർ...

‘നന്ദി ബ്രസീൽ’, നെയ്മർ റിട്ടേൺസ്; ലോകകപ്പ് ടീം പ്രഖ്യാപനത്തിനിടെ പൊട്ടിക്കരയുന്ന വിഡിയോ വൈറൽ

text_fields
bookmark_border
‘നന്ദി ബ്രസീൽ’, നെയ്മർ റിട്ടേൺസ്; ലോകകപ്പ് ടീം പ്രഖ്യാപനത്തിനിടെ പൊട്ടിക്കരയുന്ന വിഡിയോ വൈറൽ
cancel

ലണ്ടൻ: യൂറോപ്യൻ ലീഗുകളിൽ പലതും ചാമ്പ്യന്മാരെ പ്രഖ്യാപിച്ച് സീസൺ അവസാനിപ്പിക്കുമ്പോൾ, നീണ്ട 22 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആഴ്സണൽ പ്രീമിയർ ലീഗ് കിരീടം ചൂടിയ ആവേശത്തിലാണ് ഫുട്ബോൾ ലോകം. ലോകകപ്പിനുള്ള ടീമുകളെ പ്രഖ്യാപിക്കുന്ന തിരക്കിലാണ് ഇപ്പോൾ വിവിധ രാജ്യങ്ങൾ. ഇതിൽ ഫുട്ബോൾ ആരാധകരെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചതും എന്നാൽ മുൻ ഫുട്ബോൾ താരങ്ങളും പ്രാദേശിക വിശകലന വിദഗ്ധരും അസാധ്യമെന്ന് കരുതിയിരുന്നതുമായ ഒരു പ്രഖ്യാപനം ബ്രസീൽ ക്യാമ്പിൽ നിന്നുണ്ടായിരിക്കുകയാണ്. സൂപ്പർ താരം നെയ്മർ ബ്രസീലിന്റെ ലോകകപ്പ് ടീമിൽ ഇടം നേടി.

അടുത്തിടെ നടന്ന സൗഹൃദ മത്സരങ്ങളിൽ നിന്നെല്ലാം നെയ്മർ വിട്ടുനിന്നിരുന്നു. കൂടാതെ കഴിഞ്ഞ കുറച്ചുകാലങ്ങളായി തുടരുന്ന പരിക്കിന്റെ ആശങ്കകളും താരത്തിന്റെ കരിയറിന് മേൽ നിഴൽ വീഴ്ത്തിയിരുന്നു. എന്നാൽ എല്ലാ അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ടുകൊണ്ട് പ്രഖ്യാപിച്ച 26 അംഗ അന്തിമ ടീമിൽ നെയ്മർ ഇടംപിടിച്ചതോടെ കാനറപ്പടയുടെ ആരാധകർ ആശ്വാസത്തിലാണ്.

ഈ സെലക്ഷനിൽ മറ്റാരേക്കാളും കൂടുതൽ സന്തോഷിച്ചതും വൈകാരികനായതും നെയ്മർ തന്നെയാണ്. താരം ലോകകപ്പ് ടീമിൽ ഇടം നേടിയ വിവരം അറിഞ്ഞ നിമിഷത്തിന്റെ വിഡിയോ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗമായി മാറിക്കഴിഞ്ഞു. തന്റെ പങ്കാളി ബ്രൂണ ബിയാൻകാർഡിക്കൊപ്പം വീട്ടിലിരുന്ന് ടെലിവിഷനിലൂടെ ലോകകപ്പ് ടീം പ്രഖ്യാപനം തത്സമയം കാണുന്ന നെയ്മറാണ് വിഡിയോയിലുള്ളത്. പിന്നിലായി സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇരിക്കുന്നുണ്ടായിരുന്നു. ലിസ്റ്റിൽ തന്റെ പേര് വിളിച്ചതും സന്തോഷം അടക്കാനാവാതെ നെയ്മർ പൊട്ടിക്കരയുകയായിരുന്നു. തൊട്ടുപിന്നാലെ മുറിയിലുണ്ടായിരുന്നവർ കൈയടികളോടെയും ആർപ്പുവിളികളോടെയും താരത്തെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു.

പങ്കാളി ബ്രൂണയും താരത്തെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്യുന്നത് വിഡിയോയിലുണ്ട്. പിന്നീട് ഈ വിഡിയോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ച നെയ്മർ കുറിച്ചതിങ്ങനെയായിരുന്നു. ‘എന്റെ ജീവിതത്തിലെ ഏറ്റവും ആവേശകരവും സന്തോഷം നിറഞ്ഞതുമായ ഒരു ദിവസത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകൾ ഇപ്പോൾ എന്റെ യൂട്യൂബ് ചാനലിൽ ലഭ്യമാണ്. നന്ദി ബ്രസീൽ’. ഇൻസ്റ്റാഗ്രാമിൽ മാത്രം ഈ വിഡിയോ ഇതിനകം 195 ദശലക്ഷത്തിലധികം ആളുകൾ കാണുകയും 18 ദശലക്ഷത്തിലധികം ലൈക്കുകൾ നേടുകയും ചെയ്തു.

ബാസ്കറ്റ്ബോൾ താരം യാനിസ് അന്ററ്റോകൗൺപോ ഉൾപ്പെടെ നിരവധി പ്രമുഖരും ആരാധകരും പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയിട്ടുണ്ട്. ‘ബ്രസീൽ ഒരു നിമിഷം നിശ്ചലമായി, ഒപ്പം ഞങ്ങളുടെ ഹൃദയമിടിപ്പും. നമുക്ക് ഒന്നിച്ച് നമ്മുടെ നാടിനായി ആറാം ലോകകപ്പ് കിരീടം സ്വന്തമാക്കാം, ലവ് യു ബ്രദർ’ എന്നാണ് ഒരു ആരാധകൻ കുറിച്ചത്.

34കാരനായ നെയ്മർ 79 അന്താരാഷ്ട്ര ഗോളുകളുമായി നിലവിൽ ബ്രസീലിന്റെ എക്കാലത്തെയും മികച്ച ടോപ്പ് സ്കോററാണ്. എന്നാൽ 2023 ഒക്ടോബറിലേറ്റ ഗുരുതരമായ എ.സി.എൽ പരിക്കിന് ശേഷം ഫിറ്റ്നസ് വീണ്ടെടുക്കാൻ താരം ഏറെ ബുദ്ധിമുട്ടിയിരുന്നു. ബ്രസീലിന്റെ മുഖ്യ പരിശീലകൻ കാർലോ ആൻസലോട്ടിയാണ് ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. നെയ്മർക്കൊപ്പം വിനീഷ്യസ് ജൂനിയർ, റാഫിന്യ തുടങ്ങിയ പ്രമുഖ താരങ്ങളും കാനറിപ്പടയുടെ 26 അംഗ സ്ക്വാഡിൽ ഇടംപിടിച്ചിട്ടുണ്ട്.

Show Full Article
TAGS:Neymar Jr FIFA World Cup social media viral football 
News Summary - Neymar breaks down in tears after making FIFA World Cup 2026 squad
Next Story