ഇന്ത്യൻ വനിത ലീഗ്:ഗോകുലത്തിന് സമനിലത്തുടക്കം
text_fieldsകോഴിക്കോട്: ഇന്ത്യൻ വനിത ഫുട്‌ബാൾ ലീഗിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരളക്ക് സമനില. നിലവിലെ ജേതാക്കളായ ഒഡിഷ എഫ്.സിയുമായുള്ള മത്സരം 1-1ന് തുല്യനിലയിലായി. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒത്തിണക്കത്തിന്റെ അഭാവവും ഫിനിഷിങ് പോരായ്മയും ഗോകുലത്തിന്റെ അവസരങ്ങളെല്ലാം തുടക്കംമുതലേ പാഴാക്കി. കളിയിലുടനീളം ആധിപത്യം പുലർത്തിയെങ്കിലും ആദ്യ പാതിയിൽ ഗോൾപട്ടികയിൽ എണ്ണം തീർക്കാൻ ഗോകുലത്തിന് കഴിഞ്ഞില്ല. ആദ്യ 15 മിനിറ്റിനുള്ളിൽ ഗോകുലത്തിന് അര ഡസനോളം അവസരങ്ങളാണ് ലഭിച്ചത്.
ഫോർവേഡുകളായ ഫാസില ഇക്വാപുട്ടും കാതറിന അറിംഗോയും മസ്കാൻ ശുഭയും രത്നബാല ദേവിയുമെല്ലാം കിണഞ്ഞു ശ്രമിച്ചിട്ടും ഒഡിഷ ഗോൾകീപ്പർ ശ്രേയ ഹൂഡയുടെയും പ്രതിരോധക്കാരായ ജൂക്ക് ഇബ്രാഹിമിന്റെയും കാജലിന്റെയും ബോഡോലയുടെയും നിഷ്ക പ്രകാശിന്റെയും ഉരുക്കുകോട്ടകളെ ഭേദിക്കാൻ മലബാറിയൻസിനു കഴിഞ്ഞില്ല. ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചെങ്കിലും 61ാം മിനിറ്റിൽ ഒഡിഷയുടെ മുന്നേറ്റക്കാരി ലിൻഡ കോമിന്റെ മികച്ച പ്രകടനത്തിലൂടെ ഗോകുലം ഗോൾകീപ്പർ പായൽ ബസൂഡെയെ മറികടന്ന് ആദ്യ ഗോൾ പിറന്നു. ഗോകുലം കേരള പ്രതിരോധക്കാരായ ഹേമം ഷിൽക്കി ദേവിയെയും മോർട്ടിനയെയും റോജ ദേവിയെയും നിഷ്പ്രഭമാക്കിയാണ് ഗോൾ വീണത്. ഇതോടെ നിലവിലെ ചാമ്പ്യൻമാരായ ഒഡിഷ 1-0ത്തിന്റെ മുന്നിലെത്തി. ഒരു ഗോൾ നേടിയതോടെ ഒഡിഷ ആക്രമണം തുരുതുരാ നടത്തിയെങ്കിലും ഗോകുലം പ്രതിരോധം ശക്തമാക്കി. തുടർന്ന് പ്രതിരോധവും ആക്രമണവും ഒരുമിച്ചുള്ള ശൈലി ഗോകുലം തിരഞ്ഞെടുത്തു. എന്നാൽ, ഗോകുലം മുന്നേറ്റങ്ങളെ പ്രതിരോധിക്കുക എന്ന തന്ത്രമായിരുന്നു ഒഡിഷ നടപ്പാക്കിയത്. ഇടക്കെല്ലാം വീണുകിട്ടിയ അവസരത്തിൽ ഗോകുലം ഗോൾമുഖം വിറപ്പിക്കാനും ഒഡിഷ ശ്രമം നടത്തി. വിദേശ താരം മറിയമായിരുന്നു ഗോകുലത്തിന്റെ മുന്നേറ്റങ്ങൾക്കെല്ലാം ഏറെയും പൂട്ടിട്ടത്. മധ്യനിരയിൽ രത്തൻ ബാലയും ഷിൽക്കി ദേവിയും ഒഡിഷയുടെ മുന്നേറ്റത്തെ തടയിട്ടതോടെ പൂർണമായും കളി ഗോകുലത്തിന്റെ പക്കലായി. ജയത്തിനായി പൊരുതിയ ഗോകുലം ഒടുവിൽ സമനില ഗോൾ നേടി. 87ാം മിനിറ്റിൽ ഷിൽക്കി ദേവിയായിരുന്നു മലബാറിയൻസിന്റെ സമനില ഗോൾ നേടിയത്. പിന്നീട് ലീഡ് നേടാനായി അവസരങ്ങൾ ലഭിച്ചെങ്കിലും അത് മുതലെടുക്കാൻ മലബാറിയൻസിനു കഴിഞ്ഞില്ല.
15ന് ബംഗളൂരുവിനെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. ലീഗിൽ മൂന്നു പോയന്റുമായി ഈസ്റ്റ് ബംഗാൾ എഫ്.സിയാണ് പട്ടികയിൽ ഒന്നാമത്. ഗോകുലത്തിനും ഒഡിഷക്കും ഒരു പോയന്റ് വീതമാണുള്ളത്.