തോറ്റവന്റെ കണ്ണീർച്ചിത്രങ്ങൾ
text_fieldsഇതിഹാസ തുല്യരായി മൈതാനങ്ങളെ ത്രസിപ്പിച്ചിട്ടും ലോക ഫുട്ബാളിന്റെ കൊടുമുടി കയറാനാകാതെപോയ ഒരുപിടി കളിക്കാരെ തിരഞ്ഞെടുത്ത് വായനക്കാരുടെ ഓർമയുടെ ഭാഗമാക്കുകയാണ് ഈ പുസ്തകം
ലോകകപ്പ് ഫുട്ബാളിൽ ഒരു രാജ്യത്തിന് നൽകിയ സ്വപ്നങ്ങളെല്ലാം ഒറ്റ നിമിഷത്തെ പിഴവിൽ വഴുതിവീണപ്പോൾ എല്ലാം നഷ്ടപ്പെട്ടവനെ പോലെ തല കുനിച്ചുനിൽക്കുന്ന റോബർട്ടോ ബാജിയോ. കാലമെത്ര കഴിഞ്ഞിട്ടും ആ ദുരന്തനിമിഷം ആരാധകഹൃദയങ്ങളെ കൊളുത്തിവലിക്കാറുണ്ട്. നായകനിൽനിന്ന് പ്രതിനായകനിലേക്ക് കൂപ്പുകുത്തിയ ആ നോവാർന്ന നിമിഷമാണ് 'തോറ്റവന്റെ ഡ്രിബ്ലിങ്' എന്ന പുസ്തകത്തിന്റെ കവറിലുള്ളത്.
തോൽവിയുടെ കുരിശ് സ്വയം ചുമന്ന് ഏറെ നാൾ വിഷാദരോഗിയായി മാറിയ ബാജിയോ. മൈതാനങ്ങളിൽ വീണവന്റെ കണ്ണീർനിമിഷങ്ങളാണ് അകത്തെ പേജുകളിലുമുള്ളത്. ഓരോ കാലത്തും ആരാധകരെ പന്തുകൾ കൊണ്ട് ഉന്മാദിയാക്കിയിട്ടും വിശ്വവിജയിയാകാതെ മൈതാനങ്ങളിൽ നിന്ന് മാഞ്ഞ മഹാരഥന്മാരുടെ കളിയഴകും സങ്കടക്കാഴ്ചകളും.
പുൽമൈതാനങ്ങളുടെ പച്ചയിൽ ഓറഞ്ചു വിസ്മയം പൊഴിച്ചിട്ടും പരിക്കിന്റെ പിടിയിലായി അകാലത്തിൽ ബൂട്ടഴിച്ച മാർക്കോ വാൻ ബാസ്റ്റന്റെ വേദന അത്രയേറെ ആർദ്രമായാണ് വരികളായി വിരിഞ്ഞത്. ഒരുകാലത്ത് ബ്രസീലിന്റെ മന്ത്രധ്വനിയായിട്ടും ലോക കിരീടത്തിന്റെ വരൾച്ചയിൽ വെന്ത സീക്കോയെ മറക്കുന്നതെങ്ങനെ.
സുന്ദര ഫുട്ബാളിന്റെ പന്താട്ടം പകർന്നിട്ടും ദുഃഖചിത്രമായി മാറിയ അർജന്റീനയുടെ റിക്വൽമി, ആവോളം പ്രതിഭയുണ്ടായിട്ടും ലഹരിയുടെ നീർച്ചുഴിയിൽ നീന്തിയ ജോർജ് ബെസ്റ്റ്, പ്രതിരോധത്തിലെ ഉരുക്കുകോട്ടയായിട്ടും ലോക കിരീടം ചോർന്ന പാവ്‌ലോ മാൽദീനി, വന്മതിലു പോലെ ഗോൾമുഖം കാത്തിട്ടും ഫൈനലിൽ വേദനയോടെ പോസ്റ്റും ചാരി ഇരുന്ന ജർമനിയുടെ ഇതിഹാസ താരം ഒലിവർ ഖാൻ, സെൽഫ് ഗോളിന്റെ പിഴവിൽ മെഡലിനിലെ ചോരത്തുള്ളിയായി അസ്തമിച്ച ആന്ദ്രേ എസ്കോബാർ... മൈതാനങ്ങളിൽ ഇറ്റുവീണ ഒത്തിരി കണ്ണീർത്തുള്ളികളാണ് മാധ്യമപ്രവർത്തകയും കളിയെഴുത്തുകാരിയുമായ എ.പി. സജിഷ ഹൃദ്യമായ വരികളിൽ കോറിയിട്ടത്. ഈ കാലഘട്ടത്തിലെ മഹാഗോപുരങ്ങളായ ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ജീവിതവും ഒഴുക്കോടെ വായിക്കാം.
ഇതിഹാസ തുല്യരായി മൈതാനങ്ങളെ ത്രസിപ്പിച്ചിട്ടും ലോക ഫുട്ബാളിന്റെ കൊടുമുടി കയറാനാകാതെപോയ ഒരുപിടി കളിക്കാരെ തിരഞ്ഞെടുത്ത് വായനക്കാരുടെ ഓർമയുടെ ഭാഗമാക്കുകയാണ് പുസ്തകം. അവരുടെ ജീവിതം, പ്രതിഭയുടെ മിന്നലാട്ടങ്ങൾ, ഒടുവിൽ നഷ്ടവസന്തം പോലെ ലോക കിരീടത്തിന്റെ പൂക്കൾ വിരിയാതെ വാടി വീണവർ. കഥകൾ വർണിക്കുമ്പോൾ ഇത് ലോക ഫുട്ബാളിന്റെ ചരിത്രത്തിലേക്കും കൂടിയാണ് മിഴിതുറക്കുന്നത്. ഖത്തറിൽ പന്തുരുളാൻ ദിവസങ്ങൾ ബാക്കിയിരിക്കെ കാലത്തിന്റെ തിരശ്ശീലയിൽ മറയുന്ന മഹാപ്രതിഭകൾക്കുള്ള സ്നേഹാദരം. അകാലത്തിൽ പൊലിഞ്ഞ കളിയെഴുത്തുകാരൻ യു.എച്ച്. സിദ്ദീഖിനാണ് പുസ്തകം സമർപ്പിച്ചത്.
തോറ്റവന്റെ ഡ്രിബ്ലിങ്
ഫുട്ബാൾ
എ.പി. സജിഷ
റെഡ് ചെറി ബുക്സ്, കോഴിക്കോട്
പേജ്: 84 വില: 140