ഒമർ മർമോഷ്: പ്രീമിയർ ലീഗിലേക്ക് മറ്റൊരു ഈജിപ്ഷ്യൻ വണ്ടർ
text_fieldsലിവർപൂളിന് വേണ്ടി പന്ത് തട്ടി തുടങ്ങിയ മുഹമ്മദ് സലാഹിനെ വൺ സീസൺ വണ്ടറെന്നാണ് ആദ്യ സീസണിൽ വിളിച്ചിരുന്നത്. ആ വിസ്മയം ഇന്നും തുടർന്ന് കൊണ്ടിരിക്കുമ്പോഴാണ് പ്രീമിയർ ലീഗിൽ ഈജിപ്തുകാരനായ മറ്റൊരു ഇരുപത്തിയാറുകാരൻ വരവറിയിച്ചിരിക്കുന്നത്. ലീഗിൽ കിതച്ച് തുടങ്ങിയ മാഞ്ചസ്റ്റർ സിറ്റിയുടെ നിർണായക മത്സരത്തിൽ ഹാട്രിക് ഗോൾ നേടിയാണ് ഒമർ മർമോഷെന്ന മുന്നേറ്റ താരം ആരാധക ഹൃദയം കവർന്നത്.
ലീഗിലെ തന്റെ മൂന്നാം മത്സരത്തിൽ 14 മിനിറ്റിനിടെയിൽ മൂന്ന് തവണയാണ് താരം എതിരാളികളുടെ ഗോൾ വല കുലുക്കിയത്. അതും ടേബിളിൽ തങ്ങൾക്ക് നിരന്തരം തലവേദന സൃഷ്ടിച്ചിരുന്ന ന്യൂകാസിൽ യുണൈറ്റഡിനെതിരെ. വിങ്ങുകളിലൂടെയുള്ള ആക്രമണ ശൈലിയും കൃത്യതയാർന്ന ഫിനിഷിങ് പാടവവും കൊണ്ട് എന്ത് കൊണ്ടും സിറ്റിക്കും കോച്ച് പെപ് ഗ്വാർഡിയോളക്കും താൻ അനുയോജ്യനാണെന്ന് താരം തെളിയിച്ച് കഴിഞ്ഞു. കഴിഞ്ഞ ആഗസ്റ്റിൽ സിറ്റി വിട്ട് അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് പോയ അർജന്റീനയുടെ ജൂലിയൻ അൽവാരസിന് മാർമോഷ് ഒരു മികച്ച പകരക്കാരനായേക്കും.
ഈജിപ്തിൽനിന്നും ജർമൻ ലീഗ് വഴിയാണ് മർമോഷ് ഇംഗ്ലീഷ് ലീഗിലെത്തുന്നത്. ബുണ്ടസ് ലീഗ് ക്ലബായ ഫ്രാങ്ക്ഫർട്ടിന് വേണ്ടി പുറത്തെടുത്ത അസാമാന്യ പ്രകടനം മർമോഷിനെ ഇംഗ്ലീഷ് വമ്പൻമാർ കൂടാരത്തിലെത്തിക്കാൻ കാരണമായി.
ഈ സീസണിൽ ജർമ്മൻ ലീഗിലെ ടോപ് സ്കോറർമാരുടെ പട്ടികയിൽ ബയേൺ മ്യൂണിക്കിന്റെ ഹാരി കെയ്‌നിന് പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു മാർമോഷ്, ഫ്രാങ്ക്ഫർട്ടിനായി 17 മത്സരങ്ങളിൽ നിന്ന് 15 ഗോളുകളാണ് താരം നേടിയത്.
കഴിഞ്ഞ ജനുവരി 23 ന് 73 മില്യൺ ഡോളറിനാണ് സിറ്റി താരത്തെ തങ്ങളുടെ കൂടാരത്തിൽ എത്തിച്ചത്. സീസണിൽ സിറ്റിയുടെ തിരിച്ച് വരവിന് കാത്തിരിക്കുന്ന തങ്ങളുടെ ആരാധകർക്ക് മർമോഷെന്ന താരത്തിന്റെ ഉദയം നൽകുന്ന പ്രതീക്ഷകൾ ചെറുതല്ല.