കിങ്ഡം ഉസ്മാനിയ
text_fieldsഒരുപാട് സന്തോഷം, അഭിമാനം, വികാരം. ഒരു സ്വപ്നസാക്ഷാത്കാരം. ഈ യാത്രയിലുടനീളം എന്നെ എപ്പോഴും പിന്തുണച്ച എല്ലാവർക്കും നന്ദി -ഉസ്മാൻ ഡെംബലെ
ഏത് പ്രതിരോധഭിത്തിയും പിളരുന്ന വേഗവും ഉന്നം പിഴക്കാത്ത ഇരുകാലുകളുമായി ഉസ്മാൻ ഡെംബലെയെന്ന ഫ്രഞ്ച് സൂപ്പർ താരം പാരിസിൽ ലോക ഫുട്ബാളർ പദമേറുമ്പോൾ രണ്ട് വൻകരകളൊന്നിച്ച് ആഘോഷത്തിലായിരുന്നു. സൂപ്പർ താരങ്ങൾ വാണ കാലത്ത് പാരിസ് ടീമിന് സഫലമാക്കാനാകാത്തത് അവരൊഴിഞ്ഞ കളത്തിൽ ഒറ്റയാനായി മുന്നിൽനിന്ന് വാങ്ങിക്കൊടുത്ത ഡെംബലെ ചുരുങ്ങിയത് മൂന്നു രാജ്യങ്ങളുടെ സുൽത്താനാണ്. എവ്റോയിലെ കുഞ്ഞുമൈതാനത്ത് പന്തുതട്ടി തുടങ്ങി ലോകത്തോളം വളർന്ന അവനൊപ്പം പുതിയ ആകാശങ്ങൾ തിരയുന്ന തിരക്കിലാണ് ഈ രാജ്യങ്ങളും.
ലോകത്തെ ഏറ്റവും ദരിദ്രമായ ആഫ്രിക്കൻ രാജ്യങ്ങളിലൊന്നായ മൗറിത്താനിയക്കാരി ഫാതിമാത സിയും മാലിക്കാരൻ ഉസ്മാൻ സീനിയറുമാണ് ഡെംബലെയുടെ മാതാപിതാക്കൾ. ഇരുവരും നാട്ടിലെ അരിഷ്ടതകളിൽനിന്ന് ഓടി യൂറോപ്പിലെത്തിയവർ. ഫ്രാൻസിലെ വെർമണിലായിരുന്നു ഡെംബലെയുടെ ജനനം. 13ാം വയസ്സിൽ മാതാപിതാക്കൾ ബ്രിട്ടാനിയിലേക്ക് താമസം മാറി. പന്തുതട്ടി തുടങ്ങിയത് മെഡ്ലിൻ എവ്റോയിലെ അക്കാദമിയിൽ. പിന്നീടെല്ലാം വെച്ചടി കയറ്റമായിരുന്നു.
കാലുകളിൽ മാന്ത്രികത ഒളിപ്പിച്ച കൊലുന്നനെയുള്ള പയ്യനെ അതിവേഗം ലോകം അറിഞ്ഞുതുടങ്ങി. 2015ൽ സീനിയർ ടീമിൽ ബൂട്ടുകെട്ടിയ താരം ക്ലബ് ഫുട്ബാളിൽ ലീഗ് വൺ ടീമായ റെനെ ടീമിലായിരുന്നു ആദ്യം വരവറിയിച്ചത്. 29 കളികളിൽ ജഴ്സിയണിഞ്ഞ താരത്തെ ബുണ്ടസ് ലിഗ ടീമായ ബൊറൂസിയ ഡോർട്മണ്ട് വാങ്ങി. കന്നി സീസണിൽതന്നെ ബൊറൂസിയ ജർമൻ കപ്പ് ചാമ്പ്യന്മാരായി. 2016/17 സീസണിൽ 49 കളികളിൽ 10 ഗോളും 22 അസിസ്റ്റുമായി ടീമിന്റെ നെടുംതൂണായി. ഇതോടെ, ഗ്ലാമർ ടീമുകൾ നോട്ടമെറിഞ്ഞ താരം ബാഴ്സലോണയിലേക്ക് ചേക്കേറി. 20കാരനെ അഞ്ചു വർഷ കരാറിൽ റെക്കോഡ് തുകക്കായിരുന്നു കൈമാറ്റം. 170 മത്സരങ്ങളിൽ കറ്റാലന്മാരുടെ ജഴ്സിയണിഞ്ഞ ഡെംബലെ 37 ഗോളും 41 അസിസ്റ്റുമായി നിറസാന്നിധ്യമായി.
2023ൽ പി.എസ്.ജിയിലെത്തിയ താരം കഴിഞ്ഞ സീസണിൽ പക്ഷേ, കോച്ച് എൻറിക്കിന്റെ അപ്രീതിയുമായി പലപ്പോഴും സൈഡ് ബെഞ്ചിലായി. എന്നാൽ, ഒമ്പതാം നമ്പർ ജഴ്സിയിൽ താരം രണ്ടാമതും അവതരിക്കുന്നത് അക്ഷരാർഥത്തിൽ പുതുജന്മവുമായിട്ടായിരുന്നു. പി.എസ്.ജി ഇതുവരെയും പാതിവഴിയിൽ വീണുപോയ ചാമ്പ്യൻസ് ലീഗിൽ കിരീടം തൊട്ടു. അതും കലാശപ്പോരിൽ കരുത്തരായ ഇന്റർ മിലാനെ എതിരില്ലാത്ത അഞ്ചു ഗോളിനാണ് മുക്കിയത്.
ഗോളടിച്ചും അടിപ്പിച്ചും ഡെംബലെ അതിലും അതിന് മുന്നേയും ഒന്നാമനായി. കഴിഞ്ഞ സീസണിൽ 53 കളികളിൽ 35 ഗോളാണ് താരം കുറിച്ചത്. 16 അസിസ്റ്റും താരത്തിന് സ്വന്തം. ചാമ്പ്യൻസ് ലീഗിൽ മാത്രം എട്ടു ഗോളും ആറ് അസിസ്റ്റും നേടി. പഴയ ബ്രസീലിയൻ ഇതിഹാസം റൊണാൾഡീഞ്ഞോയിൽനിന്ന് താരം ബാലൺ ഡിഓർ ഏറ്റുവാങ്ങുമ്പോൾ കണ്ഠമിടറി മാതാവിനെ വേദിയിലേക്ക് വിളിക്കുന്ന കാഴ്ച ഹൃദയഹാരിയായിരുന്നു.