ഇവിടെയുണ്ട്, പെലെയുടെ തേര് തെളിച്ച മലയാളി
text_fieldsദുബൈ: മലപ്പുറത്തുകാർക്ക് സ്വന്തം നാട്ടുകാരനാണ് പെലെ. പേരിനൊപ്പം ‘പെലെ’ എന്ന് ചേർത്ത് അറിയപ്പെടുന്ന നിരവധിപേർ ഇവിടെയുണ്ട്. അവരേക്കാളെല്ലാം ഭാഗ്യം ലഭിച്ച മലയാളിയാണ് മലപ്പുറം കോട്ടക്കൽ പുതുപ്പറമ്പ് സ്വദേശി ഒ.ടി. സലാം.
പെലെ മൂന്ന് തവണ ദുബൈയിലെത്തിയപ്പോഴും അദ്ദേഹത്തിന്‍റെ കാറിന്‍റെ വളയം പിടിക്കാനുള്ള നിയോഗം സലാമിനായിരുന്നു. ഇതിഹാസത്തിനൊപ്പം ദിവസങ്ങളോളം ഹോട്ടലിൽ താമസിക്കാനും സ്നേഹവായ്പുകൾ ഏറ്റുവാങ്ങാനുമുള്ള ഭാഗ്യം ലഭിച്ചു. 2014 ലോകകപ്പ് സമയത്ത് എമിറേറ്റ്സിന്‍റെ ബ്രാൻഡ് അംബാസഡറായിരുന്നു പെലെ. എമിറേറ്റ്സിന്‍റെ ഷൂട്ടിങ്ങിനായാണ് അദ്ദേഹം ദുബൈയിൽ എത്തിയത്. മറുസീറ്റിലിരിക്കുന്നത് ഇതിഹാസമാണെന്ന ആശങ്കക്കൊപ്പം അത്ഭുതത്തോടെയാണ് സലാം തേര് തെളിച്ചത്.
ദുബൈയിലെ വിവിധ ഷൂട്ടിങ് സൈറ്റുകളിൽ അദ്ദേഹവുമായി പറന്നെത്തി. കിട്ടിയ അവസരങ്ങളിലൊക്കെ മലപ്പുറത്തിന്‍റെ കാൽപന്ത് പ്രണയം പറഞ്ഞറിയിച്ചു. ലോകകപ്പിനായി മലബാറിൽ ഉയർന്ന ഫ്ലക്സുകൾ അദ്ദേഹത്തെ കാണിച്ചുകൊടുത്തു. കേരളത്തിന്‍റെ ഫുട്ബാൾ പ്രണയം തനിക്കറിയാമെന്നായിരുന്നു പെലെയുടെ മറുപടി. നിരവധി കത്തുകൾ കേരളത്തിൽ നിന്ന് എത്താറുണ്ടത്രേ. ബ്രസീലിയൻ ഭാഷയിലാണ് കൂടുതലും സംസാരം. ഇംഗ്ലീഷും കൈകാര്യം ചെയ്യും. ഇതിഹാസമാണെന്ന അഹംഭാവമോ തലക്കനമോ ഇല്ലാത്ത താരമാണ് പെലെയെന്ന് സലാം സാക്ഷ്യപ്പെടുത്തുന്നു.
മാനേജർമാർ ഉൾപെടെയുള്ളവരോട് എത്ര സ്നേഹത്തോടെയാണ് പെരുമാറുന്നത്. തന്‍റെ സുഹൃത്തുക്കൾക്കൊപ്പവും ഫോട്ടോക്ക് പോസ് ചെയ്തു. ഇഷ്ടഭക്ഷണം മുറിയിലെത്തിച്ച് കഴിക്കും. അന്ന് തന്നെ അവശനായിരുന്നു എന്നും സലാം പറയുന്നു. സ്വന്തം കൈപട ചാർത്തിയ ബാളും ഷാളും ടി ഷർട്ടും സമ്മാനമായി നൽകിയാണ് പെലെ മടങ്ങിയത്. ഇതിഹാസം ഓർമയാകുമ്പോൾ ഇതെല്ലാം നെഞ്ചോടുചേർക്കുകയാണ് സലാം.