
ഡീഗോ മറഡോണക്കൊപ്പം ഫ്രാൻസിസ് മാർപാപ്പ (ഫയൽ ചിത്രം)
‘ഇവരെന്റെ ഇഷ്ടതാരങ്ങൾ’, പന്തിനെ പ്രണയിച്ച പോപ്പിന്റെ മനം കവർന്നത് ഈ മൂന്നുപേർ...
text_fields‘മറഡോണ..അദ്ദേഹം കളിക്കാരനെന്ന നിലയിൽ മഹാനായിരുന്നു. വ്യക്തിയെന്ന നിലയിൽ പക്ഷേ, പരാജയപ്പെട്ടുപോയി. വാഴ്ത്തുമൊഴികളുമായി ഒരുപാടുപേർ ഡീഗോയ്ക്ക് ചുറ്റും ഉണ്ടായിരുന്നു. പക്ഷേ, അവരാരും അദ്ദേഹത്തെ സഹായിച്ചില്ല’-തനിക്കിഷ്ടപ്പെട്ട പന്തുകളിക്കാരനെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞ വാക്കുകളാണിത്. അർജന്റീനയിൽ പിറന്നുവീഴുന്ന ഏതൊരു കുഞ്ഞിനെയും പോലെ ഹോർഹെ മാരിയോ ബർഗോഗ്ലിയോയും കാൽപന്തുകളിയുടെ ആകർഷണവലയത്തിലേക്ക് ഡ്രിബ്ൾ ചെയ്ത് കയറിയെത്തിയത് സ്വഭാവികം.
ആത്മീയ വഴികളിലേക്ക് വെട്ടിയൊഴിഞ്ഞു കയറിയ ജീവിതത്തിൽ പക്ഷേ, കുഞ്ഞുന്നാളിലെ ഇഷ്ടങ്ങളെ പോപ്പ് കൈവിട്ടതേയില്ല. സാൻ ലോറൻസോ ക്ലബിനെ ഹൃദയത്തിൽ കുടിയിരുത്തിയ മാർപാപ്പ ജീവിതത്തിലുടനീളം തികഞ്ഞ ഫുട്ബാൾ ആരാധകനായി തുടർന്നു. ഐ.ഡി നമ്പർ 88,235ൽ സാൻ ലോറൻസോ ക്ലബിന്റെ മെമ്പർഷിപ്പുണ്ടായിരുന്നു അദ്ദേഹത്തിന്. ജീവിതത്തിന്റെ സങ്കീർത്തനമാണ് കളി എന്നായിരുന്നു മാർപാപ്പയുടെ അഭിപ്രായം.
വ്യക്തിപരമായ തിരക്കുകൾക്കിടയിലും കളിയെ അദ്ദേഹം അടുത്തുനിന്ന് നോക്കിക്കണ്ടു. അർജന്റീന ടീമിന്റെ ആകാശനീലിമക്കൊപ്പം എപ്പോഴും കണ്ണയച്ചു. കളിയെക്കുറിച്ച് പോപ്പിനുള്ള ആഴത്തിലുള്ള ജ്ഞാനം അതിശയിപ്പിക്കുന്നതായിരുന്നുവെന്ന് മാർക ദിനപത്രം ഒരിക്കൽ എഴുതി. ജീവിച്ചിരിക്കുന്ന പ്രമുഖ കളിക്കാരൊക്കെയും വത്തിക്കാനിലെത്തി അദ്ദേഹത്തെ കണ്ട് അനുഗൃഹീതരായി.
കളിചരിത്രത്തിൽ തനിക്കിഷ്ടപ്പെട്ട മൂന്നു മഹാരഥന്മാർ ആരൊക്കെയെന്ന് ഫ്രാൻസിസ് മാർപാപ്പ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ നാട്ടുകാരായ ഡീഗോ മറഡോണക്കും ലയണൽ മെസ്സിക്കും പുറമെ പെലെയാണ് അദ്ദേഹത്തിന്റെ മനം കവർന്ന മറ്റൊരാൾ.
‘ഈ മൂന്നുപേരിൽ പെലെയാണ് മഹാനായ ജെന്റിൽമാൻ. വിശാലമായ ഹൃദയത്തിന് ഉടമയാണ് അദ്ദേഹം. ബ്യൂണസ് അയേഴ്സിൽ വിമാനത്തിൽവെച്ച് ഒരിക്കൽ പെലെയുമായി ഞാൻ സംസാരിച്ചിട്ടുണ്ട്. ഒരുപാട് മനുഷ്യത്വം ഉള്ളിലുള്ളയാളാണ് പെലെ’ -ചോദ്യത്തിന് മറുപടിയായി പോപ് പറഞ്ഞതിങ്ങനെ. മറഡോണയെ ഏറെ ഇഷ്ടമായിരുന്ന പോപ്പിന് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളും അകാലവിയോഗവുമൊക്കെ നൊമ്പരം പകരുന്നതായിരുന്നു. പല അത്‍ലറ്റുകളുടെയും അവസാനം അതുപോലെയാണെന്നും പോപ്പ് സങ്കടപൂർവം ചൂണ്ടിക്കാട്ടിയിരുന്നു. മെസ്സിയും ഏറെ മാന്യനായ കളിക്കാരനെന്നായിരുന്നു പ്രതികരണം. മൂന്നുപേരും മഹാന്മാരായ കളിക്കാരാണ്. മൂവർക്കും അവരുടേതായ പ്രത്യേകതകളുണ്ട് എന്നായിരുന്നു പോപ്പിന്റെ വിലയിരുത്തൽ.
ഫുട്ബാൾ ആളുകളെ തമ്മിൽ ചേർത്തുനിർത്തുന്നുവെന്നത് ഫ്രാൻസിസ് മാർപാപ്പ എപ്പോഴും ഓർമിപ്പിച്ചുകൊണ്ടിരുന്നു. ‘കളത്തിൽ മാത്രമാണവർ ശത്രുക്കൾ, അതിനുപുറത്ത് അവർ ഒരിക്കലും ശത്രുക്കളല്ല, അടുത്ത കൂട്ടുകാരാണ്’. കൂട്ടായ്മയും സാഹോദര്യബോധവുമാണ് കളിയിലൂടെ അനുഭവവേദ്യമാകുന്നതെന്ന് മാർപാപ്പ എപ്പോഴും ഉണർത്തിയത് സ്വാനുഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു.
ഇറ്റാലിയൻ സ്പോർട്സ് ദിനപത്രമായ ലാ ഗസെറ്റ ഡെല്ല സ്പോർട്ട് 100 വർഷം തികയ്ക്കുന്ന വേളയിൽ നൽകിയ ആശംസാ സന്ദേശത്തിൽ പോപ് ചൂണ്ടിക്കാട്ടിയത് ഇതായിരുന്നു - ‘ഈ നൂറു വർഷം നിങ്ങൾ ഓടിത്തീർത്തത് മനോഹരമായൊരു മത്സരമാണ്’.