നൂനസിന്‍റെ ഇൻജുറി ഷോക്ക്! വില്ല കടന്നുകയറി സിറ്റി; ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ
text_fieldsമാഞ്ചസ്റ്റർ: നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം കൈവിട്ടെങ്കിലും ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ വീണ്ടും സജീവമാക്കി. ആസ്റ്റൻ വില്ലക്കെതിരെ സമനില ഉറപ്പിച്ച കളിയിലെ ഇൻജുറി ടൈം ഗോളിൽ 2-1ന് ജയിച്ചതോടെ സിറ്റി പോയന്റ് പട്ടികയിൽ മൂന്നാംസ്ഥാനത്തേക്കും കയറി. നാല് മത്സരങ്ങൾ ബാക്കിനിൽക്കെ ആദ്യ നാലിൽ നിലനിന്നാൽ ഇവർക്ക് ചാമ്പ്യൻസ് ലീഗ് ടിക്കറ്റ് ഉറപ്പാണ്.
ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന കളിയുടെ ഏഴാം മിനിറ്റിൽതന്നെ സിറ്റി ലീഡ് പിടിച്ചു. ഉമർ മർമൂഷിന്റെ കട്ട് ബാക്കിൽനിന്ന് ലഭിച്ച പന്ത് ക്ലോസ് റേഞ്ചിൽ വലയിലേക്ക് തൊടുത്തു ബെർണാഡോ സിൽവ. എന്നാൽ, അധികം വൈകാതെ തിരിച്ചടി. ജേക്കബ് റാംസെയെ ബോക്സിൽ റൂബൻ ഡയസ് ഫൗൾ ചെയ്തു. വില്ല താരങ്ങളുടെ പെനാൽറ്റി അപ്പീൽ വാർ റിവ്യൂവിൽ അംഗീകരിക്കപ്പെട്ടു. മാഞ്ചസ്റ്റർ യുനൈറ്റഡിൽനിന്ന് വായ്പയിൽ വില്ലയിലെത്തിയ മാർകസ് റാഷ്ഫോർഡ് 18ാം മിനിറ്റിൽ പെനാൽറ്റി കിക്ക് ഗോളാക്കി സമനില പിടിച്ചു.
ഒന്നാംപകുതിയിലെ അതേ സ്കോറിൽ കളി സമാപനത്തിലേക്ക് നീങ്ങവെയാണ് മാത്യൂസ് നൂനസ് അവതരിക്കുന്നത്. ആഡ് ഓൺ ടൈമിന്റെ നാലാം മിനിറ്റിൽ ബോക്സിൽ ജെറെമി ഡോകുവിന്റെ ലോ ക്രോസ്. ടൈറ്റ് ആംഗിളിൽ വില്ല വലയിലേക്ക് നിറയൊഴിച്ച നൂനസ്. 34 മത്സരങ്ങളിൽ 61 പോയന്റാണ് സിറ്റിക്കുള്ളത്. നോട്ടിങ്ഹാം ഫോറസ്റ്റ് (60), ന്യൂകാസിൽ യുനൈറ്റഡ് (59), ചെൽസി (57), ആസ്റ്റൻ വില്ല (57) ടീമുകളാണ് നാലു മുതൽ ഏഴു വരെ സ്ഥാനങ്ങളിൽ. ഇവരിൽ വില്ലയൊഴിച്ച് മൂന്ന് ടീമിനും അഞ്ചു വീതം മത്സരങ്ങൾ ബാക്കിയുള്ളതിനാൽ സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് ബെർത്ത് ഒട്ടും സുരക്ഷിതമല്ല.