Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആ കളിക്കാരന് പി.എസ്.ജി...

ആ കളിക്കാരന് പി.എസ്.ജി ഓഫർ ചെയ്തത് 2100 കോടി രൂപ!, താരത്തെ വിൽക്കില്ലെന്ന് തുറന്നടിച്ച് ബാഴ്സലോണ

text_fields
bookmark_border
ആ കളിക്കാരന് പി.എസ്.ജി ഓഫർ ചെയ്തത് 2100 കോടി രൂപ!, താരത്തെ വിൽക്കില്ലെന്ന് തുറന്നടിച്ച് ബാഴ്സലോണ
cancel

ബാ​ഴ്സലോണ: ഏതു കളിക്കൂട്ടത്തെയും പ്രലോഭിപ്പിക്കുന്ന പണക്കൂമ്പാരം വെച്ചുനീട്ടിയ, കളിചരിത്രത്തിലെ അതിശയമാവുമായിരുന്ന ആ ട്രാൻസ്ഫർ നീക്കത്തിനുമുന്നിൽ വാതിൽ കൊട്ടിയടച്ച് ബാഴ്സ​ലോണ. ബാഴ്സലോണയുടെ അണിയിലെ പ്രധാന കളിക്കാരിൽ ഒരാളെയാണ് 250 മില്യൺ ഡോളറിന്റെ (ഏകദേശം 2,100കോടി രൂപ) വമ്പൻ ഓഫർ മുന്നോട്ടുവെച്ച് വിലക്കെടുക്കാൻ ഫ്രഞ്ചുക്ലബായ പാരിസ് സെന്റ് ജെർമെയ്ൻ അധികൃതർ ബന്ധപ്പെട്ടത്. എന്നാൽ, ആരെയും മോഹിപ്പിക്കു​ന്ന ​ആ കൈമാറ്റ കരാറിന്റെ പ്രലോഭനം മറികടന്ന ബാഴ്സ തങ്ങളുടെ സൂപ്പർതാരത്തെ വിൽക്കാതെ കാക്കുകയായിരുന്നു​.

തന്റെ സ്ഥാനം നിലനിർത്താനുള്ള പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായ ക്ലബ് പ്രസിഡന്റ് യോവാൻ ലാപോർട്ടയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പന്തടക്കംകൊണ്ട് കുഞ്ഞുന്നാൾ മുതൽ ലോകഫുട്ബാളിനെ അദ്ഭുതപ്പെടുത്തിയ, ബാഴ്സയുടെ സൂപ്പർതാരം ലാമിൻ യമാലാണ് ഈ ട്രാൻസ്ഫർ കഥയിലെ നായകൻ. ഒന്നരവർഷം മുമ്പ് യമാലിന് 17 വയസ്സുള്ളപ്പോഴാണ് പി.എസ്.ജി പണച്ചാക്കുമായി അവനെ വലവീശിപ്പിടിക്കാൻ ഇറങ്ങിയത്. ‘ദിസ് ഈസ് ഹൗ വീ സേവ്ഡ് ബാഴ്സ’ എന്ന തന്റെ പുസ്തകത്തിലാണ് ലാപോർട്ട ഇക്കാര്യം വ്യക്തമാക്കുന്നത്. ലാ ലീഗയിൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കടന്നുപോകുമ്പോഴും ഈ ഓഫർ ബാഴ്സലോണ നിരസിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

2024 ലെ സമ്മർ ട്രാൻസ്ഫർ കാലത്ത് തങ്ങളുടെ സൂപ്പർ സ്ട്രൈക്കറായ കിലിയൻ എംബാപ്പെയെ സ്പാനിഷ് ലീഗിലെ കരുത്തരും ബാഴ്സലോണയു​ടെ ചിരവൈരികളുമായ റയൽ മഡ്രിഡിന് കൈമാറിയ സമയത്താണ് പി.എസ്.ജി യമാലി​ൽ നോട്ടമിട്ടത്. എംബാപ്പെക്ക് പകരക്കാരനായി അവരുടെ പരിഗണനയിലുണ്ടായിരുന്നത് ​സ്​പെയിനിന്റെ ടീനേജ് സെൻസേഷനായ യമാലായിരുന്നു.

തങ്ങളുടെ ഭാവി സൂപ്പർഹീറോയായി വളരുന്ന കൗമാരതാരത്തെ വിൽക്കുന്നതിനെക്കുറിച്ച് ബാഴ്സ ചിന്തിച്ചിരുന്നില്ല. എന്നാൽ, ഇത്രയും തുക ഓഫർ ചെയ്തിട്ടും അവനെ കൈമാറിയില്ലെന്നത് ക്ലബ് ചെയ്ത മണ്ടത്തരമായി കരുതിയവരുമുണ്ടെന്ന് ലാപോർട്ട പറയുന്നു. പക്ഷേ, കഴിഞ്ഞ ഒന്നര വർഷത്തിനിടെ കളത്തിൽ ടീമിന്റെ മുന്നണിപ്പോരാളിയായി മാറിയ യമാൽ തകർത്തുകളിച്ചുകൊണ്ട് ബാഴ്സലോണയുടെ വിശ്വാസം കാക്കുകയായിരുന്നു. 18 വയസ്സു മാത്രമുള്ള ‘പയ്യൻ’ ഇനിയും കരുത്താർജിക്കുന്നതോടെ ലോകഫുട്ബാളിൽ അതിശയങ്ങൾ തീർക്കുമെന്ന് കരുതുന്നവർ ഏറെയാണ്.

Show Full Article
TAGS:PSG Barcelona player transfer Football News 
News Summary - PSG offered $250 million for that player; Barcelona said no
Next Story