കനേഡിയൻ കനവുകൾ
text_fieldsവിവിധ രാജ്യങ്ങളിൽനിന്നുള്ളവർ കുടിയേറിപ്പാർക്കുന്ന കാനഡക്കാരും അവരുടെ ടീമിന്റെ ആരാധകരാണ്. 1986ലാണ് ആദ്യമായി ഇക്കൂട്ടർ ലോകകപ്പ് കളിച്ചത്. 35വർഷത്തിനുശേഷം യോഗ്യത മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഖത്തറിലേക്ക് ടിക്കറ്റെടുത്തത്. ജമൈക്കയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് കീഴടക്കിയുള്ള ഗംഭീര പ്രവേശനമാണെന്നതും പ്രത്യേകതയാണ്. ഗ്രൂപ് എഫിലാണ് കാനഡയുടെ സ്ഥാനം. 1986ൽ മെക്സികോ ആതിഥേയത്വം വഹിച്ചിരുന്ന ലോകകപ്പിലെ ഗ്രൂപ് ഘട്ടത്തിൽ ഹോണ്ടുറസിനെ എതിരില്ലാത്ത ഒരുഗോളിന് പരാജയപ്പെടുത്താനും ഇവർക്ക് കഴിഞ്ഞിരുന്നു. 1986ലെ പ്രകടനം വെച്ച് ഖത്തറിലേക്കെത്തുന്ന കനേഡിയൻ ടീമിനെ വിലയിരുത്താനുമാവില്ല.
പുതിയ അടവുകളും വിദ്യകളും പരിശീലിച്ചെടുത്ത പുതിയ ടീം തന്നെയാണ് ഖത്തറിലെ അങ്കത്തിനെത്തുന്നത്. 2003 മുതൽ ടീമിലുള്ള താരങ്ങളുടെ പരിചയസമ്പത്തും മുന്നേറ്റ താരങ്ങളുടെ മികവുമാണ് മൈതാനത്ത് മുതൽക്കൂട്ടാവുക. കാനഡ എങ്ങനെ കളി മാറ്റിമറിക്കുമെന്നതിൽ മറ്റു ടീമുകൾക്കും ആരാധകർക്കും ഒരുപോലെ ആകാംക്ഷയുമുണ്ടാവും. മധ്യനിരയിലും, പ്രതിരോധത്തിലും കരുത്തരായ താരങ്ങൾ ടീമിനുണ്ട്. യോഗ്യത മത്സരത്തിൽ ലഭിച്ച ഊർജവും ആവേശവും ഇരട്ടിപ്പിച്ചാൽ ഇത്തവണ മികച്ച നേട്ടം കൈവരിക്കാനാവുമെന്നത് തീർച്ചയാണ്. രണ്ടുതവണ ഗോൾഡ് കപ്പിൽ ചാമ്പ്യരായ വിശേഷവും ടീമിനുണ്ട്.
കുന്തമുന
ടോപ് സ്കോററായ സൈൽ ക്രിസ്റ്റഫർ ലാറിനിലും മറ്റു മുന്നേറ്റ താരങ്ങളിലും തന്നെയാണ് ടീമിന്റെ പ്രതീക്ഷയുള്ളത്. കാനഡയിലെ ഓന്റാരിയോ സ്വദേശിയായ ഇദ്ദേഹത്തെ തെറ്റായ രീതിയിൽ വാഹനമോടിച്ചതിന് ഹൈവേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പരിശോധനയിൽ രക്തത്തിൽ ആൽക്കഹോൾ ഉണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തെ ലീഗ് മത്സരങ്ങളിൽ സസ്പെൻഡ് ചെയ്യുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. പിന്നീട് 2021 ആഗസ്റ്റിലാണ് ലാറിൻ കനേഡിയൻ ക്ലബായ സിംകോ റോവേഴ്സിൽ ചേർന്നത്. 27 വയസ്സുള്ള ഇദ്ദേഹത്തിൽനിന്ന് മികച്ച പ്രകടനവും ഗോളുകളും ടീം പ്രതീക്ഷിക്കുന്നുണ്ട്. യുക്കോൻ ഹസ്കീസെന്ന കോളജ് ടീമിലൂടെയാണ് പ്രഫഷനൽ ഫുട്ബാളിലേക്കുള്ള അരങ്ങേറ്റം. കോളജ് ടീമിനായി 25 ഗോളുകൾ നേടിയിട്ടുണ്ട്. 2015ൽ അണ്ടർ 20 കാനഡ ടീമിൽ ചേർന്നു. 2014ൽ കാനഡ ദേശീയ ടീമിലെത്തിയതിൽ പിന്നെ പ്രധാന താരമായി മാറി. ഇതുവരെ 25 ഗോളുകളാണ് ഇദ്ദേഹം ദേശീയ ടീമിനായി നേടിയത്. 22 ഗോളുകൾ നേടിയിട്ടുള്ള 22കാരൻ ജോനാഥൻ ഡേവിഡും ടീമിന്റെ പ്രതീക്ഷയാണ്. മുന്നേറ്റതാരമായ ഇദ്ദേഹം ഗോളവസരം ഒരുക്കുന്നതിലും മിടുക്കനാണ്. ടീമിന്റെ നായകനും മിഡ് ഫീൽഡറുമായ അതിബ ഹച്ചിൻസനും കളിയുടെ ഗതി മാറ്റിമറിക്കാനായേക്കും. സഹതാരങ്ങളുടെ മികവും ദൗർബല്യവും ഇദ്ദേഹത്തിന് അറിയാമെന്നതും ഏറെ ഗുണം ചെയ്യും.
ക്രിസ്റ്റഫർ ലാറിൻ
ആശാൻ
ഇംഗ്ലണ്ടുകാരൻ ജോൺ ഹെർഡ്മാനാണ് കാനഡയുടെ ആശാൻ. കളിക്കുന്ന കാലം ഹിബിസ്കസ് കോസ്റ്റെന്ന ടീമിലായിരുന്നു. 2006ൽ ന്യൂസിലൻഡ് വിമൻസ് ടീമിനെ പരിശീലിപ്പിച്ചാണ് കോച്ചിങ് കരിയർ ആരംഭിച്ചത്. 2011 മുതൽ 2018വരെ കാനഡ വിമൻസ് ടീമിനെയും പരിശീലിപ്പിച്ചു. 2018മുതലാണ് പുരുഷ ടീമിന്റെ ചുമതല ഇദ്ദേഹം ഏറ്റെടുത്തത്. ജോണിന്റെ നേതൃത്വത്തിലുള്ള ടീം 2012 ലണ്ടൻ ഒളിമ്പിക്സിലും 2016ൽ റയോ ഡേ ജനീറോയിലും പന്ത് തട്ടിയിട്ടുണ്ട്. പാനമേരിക്കൻ ഗെയിംസിലും ജോണിന്റെ നേതൃത്വത്തിലുള്ള ടീം പന്തുതട്ടി.
ജോൺ ഹെർഡ്മാൻ