'ഡി'യിൽ മാർക്ക് കൂട്ടാൻ ഡെന്മാർക്ക്
text_fieldsഖത്തറിലെ ലോകകപ്പിന് ആരാധകർക്ക് സന്തോഷംപകരാൻ ഇത്തവണ ഡെന്മാർക്കുമുണ്ടാവും. ഒാസ്ട്രിയയെ ഒരു ഗോളിന് പരാജയപ്പെടുത്തിയതാണ് ലോകകപ്പ് സ്വന്തമാക്കാൻ വീണ്ടുമൊരു അവസരം ഡെന്മാർക്കിന് വന്നുചേർന്നത്. റോളിഗൻസ് എന്നാണ് ഡെന്മാർക്ക് ആരാധകരെ പൊതുവെ വിശേഷിപ്പിക്കാറുള്ളത്. റോളിഗൻസ് എന്നുവെച്ചാൽ ശാന്തത എന്നാണ് അർഥം. എന്തൊക്കെ പ്രകോപനങ്ങളുണ്ടായാലും ഡെന്മാർക്ക് ആരാധകർ ഗാലറിയിലും താരങ്ങൾ മൈതാനത്തും ശാന്തരായിരിക്കും. വടക്കെ അമേരിക്കയിലെ സ്കാൻഡിനേവിയൻ രാജ്യമായ ഡെന്മാർക്ക് ലോകത്തിലെതന്നെ ഏറ്റവും സന്തോഷമുള്ളതും ആളുകൾ ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്ന രാജ്യമാണെന്നാണ് യുനെസ്കോയുടെ കണ്ടെത്തൽ. ഗ്രൗണ്ടിലെ കളിയുടെ പ്രത്യേകതയും ആളുകളെ ഏറെ വിസ്മയിപ്പിക്കും. ലോകത്തിലെ ഏറ്റവും പഴക്കമേറിയ പതാകയിൽ ചുംബിച്ച് റോളിഗൻസിന്റെ സ്വന്തം താരങ്ങൾ ഇത്തവണ ഖത്തറിലെത്തുന്നത് വലിയ വിജയവുമായിട്ടാണ്. യോഗ്യത മത്സരങ്ങളിലെല്ലാം ഒട്ടും മോശമല്ലാത്ത പ്രകടനങ്ങൾ ടീം നടത്തിയിരുന്നു.
വഴങ്ങിയ ഗോളുകളുടെ എണ്ണവും കുറവാണ്. സെന്റർ ബാക്കിലും പ്രതിരോധത്തിലും മികച്ച താരങ്ങളുണ്ടെന്നതാണ് ടീമിന്റെ വലിയ ശക്തി. എന്തുതന്നെ സംഭവിച്ചാലും അസ്വസ്ഥരാവാതെ കളിക്കാനുള്ള ഊർജവും താരങ്ങൾക്കുണ്ട്. 1986ലാണ് ആദ്യമായി ലോകകപ്പ് യോഗ്യത നേടിയത്. ആറുതവണ കളിച്ചതിൽ വെച്ച് 1998ൽ ക്വാർട്ടർ ഫൈനൽവരെ ടീം അനായാസം ജയിച്ചുകയറിയിരുന്നു. ലോകകപ്പിനെത്തുന്ന വമ്പൻ ടീമുകളോട് പൊരുതിനിൽക്കാനാവുമെന്നത് വിവിധ മത്സരങ്ങളിൽ ടീം തെളിയിച്ചിട്ടുണ്ട്. യൂറോപ്യൻ ചാമ്പ്യൻഷിപ്, ഫിഫ കോൺഫെഡറേഷൻ കപ്പ് എന്നിവയിൽ ചാമ്പ്യന്മാരായിരുന്നു. ഇത്തവണ ഫിനിഷിങ്ങിൽ മികവ് പുലർത്തിയാൽ വലിയ വിജയം നേടാനാവുമെന്നതാണ് പ്രതീക്ഷ. ഗ്രൂപ്പ് ഡിയിൽ ആദ്യമത്സരം തുനീഷ്യയോടാണ്. രണ്ടാം മത്സരത്തിൽ കരുത്തരായ ഫ്രാൻസിനെ പരാജയപ്പെടുത്താനായാൽ മൂന്നാം മത്സരത്തിൽ ആസ്ട്രേലിയയെ അനായാസം തകർക്കാനായേക്കും.
കുന്തമുന
ഡെന്മാർക്കിലെ ഹോഴ്സൻസ് സ്വദേശിയായ സൈമൺ ക്യാറാണ് ടീമിന്റെ നായകസ്ഥാനത്തുള്ളത്. എ.സി മിലൻ ക്ലബിനായി പന്ത് തട്ടുന്ന സൈമൺ സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന താരമാണ്. ഡെന്മാർക്കിനായി ഏതാണ്ട് 120 മത്സരങ്ങൾ കളിച്ചിട്ടുള്ളതിനാൽ ടീമിന്റെ ശക്തിയും ദൗർബല്യവും നന്നായിത്തന്നെ ഇദ്ദേഹത്തിനറിയാം. അണ്ടർ18 തൊട്ട് ടീമിൽ പന്ത് തട്ടുന്ന ഇദ്ദേഹം 2009ലാണ് ഡെന്മാർക്ക് ദേശീയ ടീമിനൊപ്പം ചേർന്നത്. ഗോളുകൾ നേടിയ കണക്കുകൾ എണ്ണത്തിൽ കുറവാണെങ്കിലും തന്റെ സഹകളിക്കാർക്ക് അവസരങ്ങൾ സൃഷ്ടിക്കാൻ സൈമണിനാവും.
മുമ്പ് ലോകകപ്പ് കളിച്ചപ്പോഴുണ്ടായ തങ്ങളുടെ വീഴ്ചകളെയെല്ലാം തിരുത്തിയായിരിക്കും ഇത്തവണത്തെ ലോകകപ്പിനിറങ്ങുക. ഗ്രൂപ് ഡിയിൽ ഫ്രാൻസൊഴിച്ചാൽ മറ്റു ടീമുകളെയെല്ലാം എളുപ്പം പരാജയപ്പെടുത്താനുള്ള തന്ത്രങ്ങൾ സൈമണിനറിയാം. ഡാനിഷ് ആരാധകർ തരുന്ന സപ്പോർട്ടും ഏറെ ഗുണംചെയ്യും. 2009ലെ ഡാനിഷ് ടാലന്റ് ഒാഫ് ദ ഇയറായും 2021ലെ യു.ഇഫ്.എ പ്രസിഡന്റ് അവാർഡും സൈമൺ കരസ്ഥമാക്കിയിട്ടുണ്ട്.
സൈമൺ ക്യാർ
ആശാൻ
സ്വന്തം രാജ്യത്തുനിന്നുള്ള കാസ്പർ ജ്വൽമൻഡാണ് ടീമിന്റെ പരിശീലകൻ. ഡെന്മാർക്കിന്റെ സവിശേഷതകളിൽ ജീവിക്കുന്ന ഇദ്ദേഹത്തിന് തന്റെ ടീമിനെ പരിശീലിപ്പിച്ചെടുക്കുകയെന്നത് എളുപ്പമുള്ള കാര്യമാണ്. 1998 മുതൽ പരിശീലന രംഗത്തുണ്ടെങ്കിലും ഡെന്മാർക്കിന് വേണ്ടിയുള്ള ഈ ലോകകപ്പ് പരിശീലനം കാസ്പറിനെ സംബന്ധിച്ചും നിർണായകമാണ്. 2020 മുതലാണ് കാസ്പർ ടീമിന്റെ പരിശീലനച്ചുമതലയേറ്റെടുത്തത്. ആ വർഷം നടന്ന യു.ഇ.എഫ്.എ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ വിജയിക്കാനായില്ലെങ്കിലും മികച്ച പ്രകടനം ഡെന്മാർക്ക് നടത്തിയിരുന്നു. പ്രതിരോധ നിരയിൽ കളിച്ച് ശീലിച്ച ഇദ്ദേഹം കോളജ്കാലം തൊട്ടേ പ്രഫഷനൽ ഫുട്ബാൾ രംഗത്തുണ്ട്. കോളജിലെ ടീമിനായി കളിച്ചതിൽ ആറ് ഗോളുകൾ കാസ്പറിന്റേതായിരുന്നു. 1998 വരെ സീനിയർ ടീമിലടക്കം നന്നായി കളിച്ച പരിചയവുമായാണ് ഡെന്മാർക്കിന്റെ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുത്തത്. എട്ടു ടീമുകളെ പരിശീലിപ്പിച്ച പരിചയ സമ്പത്തും ഏറെ ഗുണം ചെയ്യും. പ്രതിരോധനിരയെ കൂടുതൽ ശക്തിപ്പെടുത്താനും മൈതാനത്ത് സാഹചര്യങ്ങൾക്കൊത്ത് മികച്ച തീരുമാനങ്ങളെടുക്കുന്നതിലും കാസ്പർ മികവ് കാണിക്കുമെന്നതാണ് റോളിഗൻസിന്റെ പ്രതീക്ഷ.
കാസ്പർ ജ്വൽമൻഡ്