ആടിപ്പാടി 'ലാൽപ്പന്ത്' വൈറൽ
text_fieldsമോഹൻലാൽ
പനമ്പള്ളി നഗറിലെ സ്പോർട്സ് കൗൺസിൽ മൈതാനത്ത് ആൽബത്തിന് വേണ്ടിയുള്ള
ചിത്രീകരണത്തിൽ
അരീക്കോട്: ഖത്തർ ലോകകപ്പിനായി മലപ്പുറത്തിന്‍റെ ഫുട്ബാൾ ആവേശം നെഞ്ചേറ്റി മലയാളത്തിന്‍റെ പ്രിയ നടൻ മോഹൻലാൽ ഒരുക്കിയ 'കേരള ട്രിബ്യൂട്ട് ടു ഖത്തർ' മ്യൂസിക് വിഡിയോ ഏറ്റെടുത്ത് ഫുട്ബാൾ ആരാധകർ. ദോഹയിൽ ഞായറാഴ്ച രാത്രി ഒമ്പതോടെ നടന്ന പരിപാടിയിലാണ് ഗാനം റിലീസ് ചെയ്തത്.
ഗാനത്തിൽ ആടിയും പാടിയും ലോകകപ്പ് ഫുട്ബാൾ ആവേശത്തിൽ പങ്കുചേരുകയാണ് പ്രിയതാരം. കാൽപന്തുകളിയുടെ മാന്ത്രികസൗന്ദര്യം തങ്ങിനിൽക്കുന്ന മലപ്പുറം ജില്ലയിലെ ഗ്രാമങ്ങളിലെ ഒരു ദിവസത്തെ ഫുട്ബാളിനെ ആസ്പദമാക്കിയാണ് ആൽബം.
അരീക്കോട്, തെരട്ടമ്മൽ, മലപ്പുറം, കാടാമ്പുഴ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലായിരുന്നു ചിത്രീകരണം. മോഹൻലാൽ അഭിനയിക്കുന്ന ഭാഗങ്ങൾ കൊച്ചി പനമ്പള്ളി നഗറിലെ സ്പോർട്സ് കൗൺസിൽ മൈതാനത്താണ് ചിത്രീകരിച്ചത്.
മുൻ ഇന്ത്യൻ താരം യു. ഷറഫലി, എം.എസ്.പി അസിസ്റ്റൻറ് കമാൻഡന്‍റ് ഹബീബ് റഹ്‌മാൻ, ആസിഫ് സഹീർ, ഫ്രീ സ്റ്റൈൽ ഫുട്ബാൾ താരങ്ങളായ ഹാദിയ ഹകീം, ഷംലാൻ അബ്ദുസമദ്, മുഹമ്മദ് റിസ്‌വാൻ, മാസ്റ്റേഴ്സ് ഒളിമ്പിക്സ് താരം സമദ് മാസ്റ്റർ, സൂപ്പർ അഷ്റഫ്, സന്തോഷ് ട്രോഫി താരങ്ങൾ ഉൾപ്പെടെയുള്ളവർ ആൽബത്തിൽ മുഖം കാണിക്കുന്നുണ്ട്. യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാണ്.
ആശിർവാദ് സിനിമാസിന് വേണ്ടി ആന്‍റണി പെരുമ്പാവൂർ നിർമിച്ച ഗാനം ടികെ. രാജീവ് കുമാറാണ് സംവിധാനം ചെയ്തത്. ഹിഷാം അബ്ദുൽ വഹാബ് സംഗീതം നൽകിയ ഗാനത്തിന്റെ വരികൾ കൃഷ്ണദാസ് പങ്കിയുടേതാണ്. 'ഒരേയൊരു വികാരം, ചിന്ത, മതം' എന്ന കുറിപ്പോടെയാണ് മോഹൻലാൽ ആൽബം റിലീസ് ചെയ്തത്. ലോകകപ്പ് ഉദ്ഘാടന ചടങ്ങുകളിലേക്ക് പരിഗണിക്കാൻ ഗാനം ഖത്തർ സർക്കാറിന് ഔദ്യോഗികമായി സമർപ്പിച്ചിട്ടുണ്ട്.