കൊമ്പ് കുലുക്കാൻ ഘാന
text_fieldsആഫ്രിക്കയിൽ നിന്നും ഖത്തറിൽ പന്ത് തട്ടാനെത്തുന്ന ഘാനക്കാരും ചില്ലറക്കാരല്ല. ടീമിന്റെ ഗതിയും ശൈലിയുമെല്ലാം മാറ്റിയുള്ള അങ്കമാണ് കളത്തിൽ പ്രതീക്ഷിക്കേണ്ടത്. ഇവർക്ക് പഴയകാല ലോകകപ്പ് കഥകളൊന്നും തന്നെ പറയാനില്ല. പക്ഷേ 2006 മുതൽ ലോകകപ്പിന് യോഗ്യത നേടിയതിൽ പിന്നെ തുടർച്ചയായി ലോകകപ്പ് വേദികളിൽ ഈ സംഘം പ്രത്യക്ഷപ്പെടുന്നുണ്ട്. 2010ൽ മികച്ച പ്രകടനം കാഴ്ചവെച്ച് ക്വാർട്ടർ ഫൈനൽ വരെ എത്തുകയും ചെയ്തു. ഖത്തറിൽ പുതു ചരിത്രം തീർക്കാൻ തന്നെയാവും ഇവരുടെ വരവ്. ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ ഇതുവരെ നാല് തവണ ചാമ്പ്യന്മാരുമായിട്ടുണ്ട്. യോഗ്യത റൗണ്ടിൽ നൈജീരിയയെ മറികടന്നാണ് ഖത്തറിലേക്കുള്ള വരവ്.
കുന്തമുന
ഫ്രാൻസുകാരൻ ആന്ദ്രെ അയു ടീമിന്റെ നായകനും വിങ്ങർ പൊസിഷനിൽ കളിക്കുന്ന താരവുമാണ്. ഈ 32കാരൻ ദേശീയ ടീമിനായി ഇതുവരെ 23 ഗോളുകൾ നേടിയിട്ടുണ്ട്. അണ്ടർ 20 ൽ കളിച്ചിരുന്ന ഇദ്ദേഹം 2007 മുതലാണ് ദേശീയ ടീമിൽ പന്തുതട്ടി തുടങ്ങിയത്. 2009ലെ അണ്ടർ 20 ലോകകപ്പിൽ ആന്ദ്രെയുടെ നേതൃത്വത്തിൽ ടീം കിരീടം നേടിയിരുന്നു. മിഡ് ഫീൽഡർ തോമസ് പാർട്ടെയ്, മുന്നേറ്റത്തിലും മധ്യനിരയിലും തിളങ്ങുന്ന ജോർഡൻ അയു തുടങ്ങിയവരായിരിക്കും മൈതാനത്ത് സഹതാരങ്ങൾക്ക് ഊർജം പകരുക.
ആന്ദ്രെ ആയു
ആശാൻ
വെസ്റ്റ് ജർമനിക്കാരൻ ഒട്ടോ അഡ്ഡോയാണ് ആശാൻ. ആക്രമണശൈലിയിലും വിങ്ങർ പൊസിഷനിലുമുള്ള ഇദ്ദേഹത്തിന്റെ മികവ് ടീമിന് ഏറെ ഗുണം ചെയ്തേക്കും.
1999 മുതൽ 2006വരെ ഘാന ദേശീയ ടീമിൽ ഇദ്ദേഹം പന്ത് തട്ടിയിരുന്നു. ഇതുവരെ ഒമ്പതോളം ടീമുകളെ പരിശീലിപ്പിച്ചു. ഘാനയുടെ അസിസ്റ്റന്റായി തുടങ്ങിയ ഇദ്ദേഹം 2022ലാണ് മുഖ്യ പരിശീലകനായത്.
ഒട്ടോ അഡ്ഡോയാ