വെല്‍കിൻസ് മെഡിക്കല്‍ സെന്റര്‍ പ്രവർത്തനമാരംഭിക്കുന്നു
text_fieldsദോഹ: ഖത്തറിന്റെ ആരോഗ്യ പരിചരണ രംഗത്ത് ശ്രദ്ധേയ കാൽവെപ്പായി ‘വെൽകിൻസ്’ മെഡിക്കൽ സെന്റർ പ്രവർത്തനമാരംഭിക്കുന്നു. ഖത്തറിലെ സ്വകാര്യ ആരോഗ്യമേഖലയിൽ ഏറെ പരിചിതനായ ഡോ. സമീർ മൂപ്പന്റെ നേതൃത്വത്തിൽ ‘വെൽകിൻസ്’ ഹെൽത്ത് കെയർ ബ്രാൻഡിനു കീഴിൽ പ്രവർത്തനമാരംഭിക്കുന്ന ആദ്യ മെഡിക്കൽ സെന്റർ 27ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ആരോഗ്യ മേഖലയിൽ അരനൂറ്റാണ്ടോളം പാരമ്പര്യവും 23 വർഷമായി ഖത്തറിലെ പ്രവര്‍ത്തന പരിചയത്തിന്റെയും കരുത്തുമായാണ് മെഡിക്കൽ സെന്റർ ആരംഭിക്കുന്നത്.
ദോഹ റമദാ സിഗ്നലില്‍ വെസ്റ്റിന് ഹോട്ടലിന് എതിര്‍വശത്ത് സല്‍വാ റോഡിലാണ് മെഡിക്കൽ സെന്റർ.
ജനറല്‍ മെഡിസിന്, ഇന്റേണല്‍ മെഡിസിന്, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഓര്‍ത്തോപീഡിക്സ്, ഇ.എന്‍.ടി, ഡെര്‍മറ്റോളജി, ഡെന്റല്‍ എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ കണ്‍സൽട്ടേഷനും ഒപ്പം റേഡിയോളജി, ലബോറട്ടറി, ഫാര്‍മസി സേവനങ്ങളും ആദ്യഘട്ടത്തിൽ ലഭ്യമാകുമെന്ന് വെല്‍ക്കിന്‍സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. സമീര്‍ മൂപ്പന് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്ട്രോ എന്ററോളജി തുടങ്ങിയ വിഭാഗങ്ങളിലെ സേവനം ഉടന്‍ ലഭ്യമാക്കും.
രണ്ടു വർഷത്തോളം നീണ്ട തയാറെടുപ്പുകൾക്കൊടുവിലാണ് പുതിയ ബ്രാൻഡിനു കീഴിൽ ഡോ. സമീർ മൂപ്പനും സംഘവും ആരോഗ്യമേഖലയിൽ പുതുകാൽവെപ്പിന് തുടക്കം കുറിക്കുന്നത്.
‘രണ്ടു വര്‍ഷത്തെ അധ്വാനത്തിന്റെ ഫലം പ്രാവര്‍ത്തികമാവുകയാണ്.
നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ചികിത്സയും പരിചരണവും നല്കാന് പ്രതിജ്ഞാബദ്ധരാണ്. ഒപ്പം ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ ക്ലിനിക്കുകള്‍ തുടങ്ങാനുള്ള പദ്ധതികളും ഉണ്ട്.
അൽഖോർ, ഇൻഡസ്ട്രിയൽ ഏരിയ ഉൾപ്പെടെ പുതിയ കേന്ദ്രങ്ങളിലേക്ക് ഉടന്‍ പ്രവര്‍ത്തനം വിപുലീകരിക്കുകയും ചെയ്യും’ -ഡോ. സമീര്‍ മൂപ്പന് പറഞ്ഞു.ഉദ്ഘാടന ഭാഗമായി പ്രിവിലേജ് കാര്‍ഡിനും തുടക്കം കുറിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. 100 ഖത്തര്‍ റിയാലിന് ഒരു വര്‍ഷത്തേക്ക് പരിധിയില്ലാതെ ഏത് വിഭാഗത്തിലെ ഡോക്ടര്‍മാരുടെ കണ്‍സൽട്ടേഷനും ലഭ്യമാകുന്നതാണ് പാക്കേജ്.
കൂടാതെ ഫാര്‍മസി ഒഴികെയുള്ള മുഴുവന്‍ സേവനങ്ങള്‍ക്കും 30 ശതമാനം ഡിസ്കൗണ്ടും ലഭിക്കും. പൊതുജനങ്ങള്‍ക്ക് ഒക്ടോബര്‍ 31നുള്ളിലായി പ്രിവിലേജ് കാര്‍ഡ് വാങ്ങിക്കാനുള്ള അവസരം ലഭിക്കുമെന്നും ഡോ. സമീര്‍ കൂട്ടിച്ചേര്‍ത്തു.
സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍പെട്ടവര്‍ക്കും വളരെ എളുപ്പത്തില്‍ മികച്ച സേവനം ലഭ്യമാക്കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള നൂതനസാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ‘വെൽകിൻസ്’ ചികിത്സ മേഖലയിൽ പ്രവേശിക്കുന്നതെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫിസറായ നിഖില്‍ ജോസഫ് പറഞ്ഞു.
വെല്‍കിന്‍സിന്റെ ഡിജിറ്റല്‍ ഹെല്‍ത്ത് ലോക്കറിലൂടെ ആളുകള്‍ക്ക് ലോകത്തില്‍ എവിടെനിന്നും തങ്ങളുടെ പ്രിസ്ക്രിപ്ഷനുകള്, ടെസ്റ്റ് റിസൽട്ടുകള്‍, അപ്പോയ്ന്റ്മെന്റുകളുടെ വിവരങ്ങള്‍ തുടങ്ങിയ വിവിധ സേവനങ്ങള്‍ വാട്സ്ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും ലഭ്യമാകും. ഒപ്പം പേപ്പറിന്റെ ഉപയോഗം കുറച്ച് പരിസ്ഥിതി സൗഹൃദമായ ക്ലിനിക്കൽ അന്തരീക്ഷമാണ് ലക്ഷ്യമിടുന്നതെന്നും നിഖില്ജോസഫ്പറഞ്ഞു.
കുറഞ്ഞ ചെലവില്‍ എല്ലാ പ്രായത്തില്‍ ഉള്ളവര്‍ക്കുമുള്ള ഡോക്ടര്‍ കണ്‍സൽട്ടേഷനുകള്‍, ഹെല്‍ത്ത് ചെക്കപ്പുകള്‍, വിവിധ മേഖലകളില്‍ ജോലി സംബന്ധമായി ആവശ്യമായ പരിശോധനകള്‍, വാക്സിനേഷന്, പല്ലിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട പരിശോധനകളും ചികിത്സയും, കോസ്മെറ്റോളജി വിഭാഗങ്ങളിലെ സേവനങ്ങളും വെല്‍കിന്‍സ് മെഡിക്കല്‍ സെന്ററില്‍ ലഭ്യമാകുമെന്ന് മെഡിക്കല്‍ ഡയറക്ടർ ഡോ. ജേക്കബ് നീല്‍ പറഞ്ഞു. ക്രൗണ്‍പ്ലാസയില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ കോഫൗണ്ടറായ സെനില്‍ ജാഫറും പങ്കെടുത്തു.