സുബൈർ വാഴക്കാട് ഖത്തറിലേക്കില്ല, നാട്ടുകാർക്കൊപ്പം കളി കാണും
text_fieldsവാഴക്കാട്: ലോകകപ്പ് ഫുട്ബാൾ മത്സരവിജയികളെ പ്രവചിച്ച് ഇതിനോടകം പ്രശസ്തി നേടിയ വാഴക്കാട് സ്വദേശിയായ യുവകർഷകൻ സുബൈർ കളി കാണാൻ ഖത്തറിലേക്കില്ല. സുബൈറിനെ ടിക്കറ്റ് ഉൾപ്പെടെ എല്ലാ ചെലവുകളും വഹിച്ച് ഖത്തറിലേക്ക് കൊണ്ടുപോകാമെന്ന സുഹൃത്തുക്കളുടെ ക്ഷണം സന്തോഷപൂർവം നിരസിച്ച് ഇദ്ദേഹം വീണ്ടും മാധ്യമശ്രദ്ധ പിടിച്ചുപറ്റി. നാട്ടുകാർക്കൊപ്പം കളികാണാനുള്ള തീരുമാനത്തിലാണ് ഇദ്ദേഹം.
ചെറുവട്ടൂർ തടായിൽ കമ്മുവിന്റെ മകനായ സുബൈർ പ്രദേശത്തെ അറിയപ്പെടുന്ന വാഴ കൃഷിക്കാരനാണ്. ഒഴിവ് സമയങ്ങളിൽ നാളികേരം പൊതിക്കാനും പോകാറുണ്ട്. രാവിലെ ഒരു മണിക്കൂർ പത്രവായനക്കായി ഉപയോഗിക്കുന്നു. സ്കൂൾ വിദ്യാഭ്യാസം അധികമൊന്നും നേടിയില്ലെങ്കിലും ഒരു ബിരുദധാരിയേക്കാൾ ലോകപരിജ്ഞാനം സുബൈറിനുണ്ട്. രാഷ്ട്രീയവിഷയങ്ങളിൽ സുബൈറുമായി തർക്കിച്ച് ജയിക്കാനാകാതെ എല്ലാവരും പരാജയം സമ്മതിച്ച് പിൻവാങ്ങുന്നത് പതിവ് കാഴ്ചയാണ്.
1984ൽ മെക്സികോയിൽ നടന്ന കളിയിൽ ഡീഗോ മറഡോണയുടെ കളികണ്ടാണ് ഫുട്ബാളിനോട് സുബൈറിന് താൽപര്യം കൂടുന്നത്. പിന്നീടിങ്ങോട്ട് ലഭിക്കാവുന്ന പ്രസിദ്ധീകരണങ്ങളിലൂടെയൊക്കെ ഫുട്ബാളിനെ പറ്റി ഇദ്ദേഹം വായിച്ചറിയുകയായിരുന്നു. തികഞ്ഞ അർജന്റീന പക്ഷക്കാരനാണെങ്കിലും മറ്റ് ടീമുകളെപ്പറ്റിയും പ്രശസ്തരായ കളിക്കാരെപ്പറ്റിയും ഉന്നം തെറ്റാത്ത അറിവുണ്ട്.