31 കളികളിൽ 23 ഗോൾ; കൂക്കിവിളിച്ചവരെ കൊണ്ട് ആർപ്പുവിളിപ്പിച്ച റഫീഞ്ഞ 2.0
text_fieldsകഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അത്‌ലറ്റിക് ബിൽബാവോയുടെ സ്പാനിഷ് താരം നിക്കോ വില്യംസണെ ബാഴ്സലോണ നോട്ടമിട്ട സമയം. കാറ്റാലൻ ക്ലബിന് വേണ്ടി പ്രതീക്ഷക്കൊത്ത് ഉയരാൻ കഴിയാതെ ബ്രസീലിയൻ താരം റഫീഞ്ഞ മോശം ഫോമിലൂടെ കടന്നു പോവുകയാണ്. നിക്കോയുടെ വരവിനായി മുറവിളി കൂട്ടിയ നൂകാമ്പിലെ ആരാധകർ റഫീഞ്ഞയുടെ ജഴ്സി നമ്പറായ 11ൽ നിക്കോയുടെ പേരെഴുതി മൈതാനത്തെത്തി.
അന്ന് അവിടെ അതേ ജേഴ്സിയിൽ കളിക്കാനെത്തിയ റഫീഞ്ഞയുടെ മാനസികാവസ്ഥ അപ്പോൾ എന്തായിരിക്കും? ടീമിലുള്ള തനിക്ക് പകരം ടീമിൽ ഇല്ലാത്തൊരാളെ മനസ്സിൽ പ്രതിഷ്ഠിക്കുന്ന ആരാധകരുടെ മുമ്പിൽ പന്ത് തട്ടാനിറങ്ങിയ അദ്ദേഹം നേരിട്ട മാനസിക സംഘർഷങ്ങൾ ഏതളവിലാകും? കരിയറിലെ ഏറ്റവും മോശം കാലത്തിലൂടെ കടന്നുപോയ, ഓർക്കാൻ ഇഷ്ടപ്പെടാത്ത നാളുകൾ.
കഴിഞ്ഞ സീസണില്‍ ഏതുവിധേനയും ടീമിൽനിന്ന് ഒഴിവാക്കണമെന്ന് ആരാധകര്‍ പോലും ഗാലറിയില്‍ പരസ്യമായി മാനേജ്‌മെന്റിനോട് ആവശ്യപ്പെടുന്നത് കേട്ട് തലകുനിച്ച് നാണംകെട്ടു മടങ്ങുന്ന റഫീഞ്ഞയെ ആരും മറന്നിട്ടുണ്ടാകില്ല. അവഗണനകൾക്കും പരിഹാസങ്ങൾക്കും നടുവിൽനിന്നും ടീമിനെ വിജയത്തിലേക്ക് നയിക്കുന്ന കപ്പിത്താനായി മാറിയ കഥയാണ് പുതിയ സീസണിലെ റഫീഞ്ഞ.
റഫീഞ്ഞ 2.0
കടുത്ത ബാഴ്‌സലോണ ആരാധകരെ പോലും അമ്പരിപ്പിച്ച മാറ്റമാണ് ബ്രസീലിയന്‍ വെറ്ററന്‍ താരത്തിന്റേത്. കഴിഞ്ഞ സീസണിൽ കൂകിവിളിച്ച റഫീഞ്ഞയ്ക്ക് വേണ്ടി കൈയടിക്കാന്‍ നൂകാമ്പിലെ ഗാലറി ഒന്നടങ്കം എഴുന്നേറ്റ് നില്‍ക്കുന്നതിലേക്ക് കാര്യങ്ങള്‍ മാറിമറിഞ്ഞു. തിങ്കളാഴ്ച പുലർച്ചെ നടന്ന ബാഴ്സലോണ-വലൻസിയ മത്സരത്തിൽ ഒന്നിനെതിരെ ഏഴു ഗോളുകൾക്കാണ് ബാഴ്സ വിജയിച്ചത്. കളിയുടെ പതിനാലാം മിനിറ്റിൽ മൈതാനത്തിന്റെ മധ്യത്തിൽ നിന്നും ഫെർമിൻ ലോപ്പസ് വെച്ച് നീട്ടിയ ത്രൂ പാസ് തളികയിലെന്നോണം സ്വീകരിച്ച് രണ്ടു പ്രതിരോധ താരങ്ങളെയും മുന്നിലേക്ക് കയറിവന്ന ഗോളിയെയും വെട്ടിച്ച് മനോഹരമായൊരു വലംകാലൻ ഷോട്ടിലൂടെ റഫീഞ്ഞ മൂന്നാമതും വലൻസിയുടെ വല കുലുക്കി.
ഇതോടെ ഈ സീസണിൽ ബാഴ്സലോണക്ക് വേണ്ടി 31 കളികളിൽ നിന്നായി 23-ാമത്തെ ഗോളും അദ്ദേഹം നേടിക്കഴിഞ്ഞു. ചടുലമായ നീക്കങ്ങളോടെ എതിർ ടീമിന്റെ ഗോൾ വലക്ക് മുമ്പിൽ നിരന്തരം ഭീതി സൃഷ്ടിക്കുന്ന താരം എതിരാളികളുടെ പേടിസ്വപ്നമായി മാറയിരിക്കുകയാണിപ്പോൾ. വിങ്ങുകളിലൂടെയുള്ള ആക്രമണങ്ങൾ മനോഹരമായൊരു നൃത്തം പോലെയും.
ഗോളടിച്ചും അടിപ്പിച്ചും
സീസണിൽ ലാലീഗയിൽൽ 12, ചാമ്പ്യൻസ് ലീഗിൽ എട്ട്, സൂപ്പർ കോപ്പയിൽ രണ്ട്, കോപ്പ ഡെൽ റേയിൽ ഒന്ന് എന്നിങ്ങനെയാണ് ഇതുവരെയുള്ള ഗോൾവേട്ട. ലാലിഗയിൽ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ റോബർട്ടോ ലെവന്‍ഡോവ്‌സ്‌കിക്കും കിലിയൻ എംബാപ്പക്കും പിന്നില്‍ മൂന്നാമനാണ് ഇപ്പോള്‍ ബ്രസീലുകാരൻ. ഗോളടിക്കാൻ മാത്രമല്ല ഗോളടിപ്പിക്കുന്നതിലും റഫീഞ്ഞ ഏറെ മുന്നിലാണ്. ലാലിഗയിൽ ആറ് അസിസ്റ്റുകളുമായി പട്ടികയിൽ ലാമിൻ യമാലിന് പിന്നിൽ രണ്ടാമത്. ചാമ്പ്യൻസ് ലീഗിൽ രണ്ട്, സൂപ്പർ കോപ്പ രണ്ട് എന്നിങ്ങനെയാണ് മറ്റു ടൂർണമെന്റിലെ ഗോൾകണക്കുകൾ.
ഫ്ലിക്കിന്റെ വിശ്വസ്ഥൻ
പുതിയ കോച്ചായെത്തിയ ഹാൻസി ഫ്ലിക്ക് റഫീഞ്ഞയിൽ പൂർണമായും വിശ്വസിച്ചു. സ്ഥാനമേറ്റയുടന്‍ താരത്തിന്റെ ഫിറ്റ്‌നസ് ശരിയാക്കാനാണ് ഫ്ലിക്ക് ശ്രദ്ധയൂന്നിയത്. ശാരീരികമായി റെഡിയായെന്നു കണ്ടതോടെ അടുത്ത നീക്കം. അതാണ് റഫീഞ്ഞയെ മാറ്റിമറിച്ചത്. മറ്റു പരിശീലകരും ആരാധകരും തഴഞ്ഞിടത്തുനിന്ന് റഫീഞ്ഞയെ ടീമിന്റെ മുന്നണിപ്പോരാളികളില്‍ ഒരാളാക്കി. കൂടാതെ മൈതാനത്ത് റഫറിയോട് ടീമിനു വേണ്ടി സംസാരിക്കാന്‍ ചുമതലപ്പെട്ടവനുമാക്കി. ഇത് താരത്തിന്റെ ആത്മാഭിമാനം ഉയര്‍ത്തിയെന്ന് വ്യക്തം. ഒപ്പം, അതിരില്ലാത്ത ആത്മവിശ്വാസത്തിലേക്ക് നിരന്തരം വലകുലുങ്ങാൻ തുടങ്ങിയതോടെ പുതിയ റഫീഞ്ഞയുടെ പിറവിയായിരുന്നു ഫലം.