സമനില ഗുരുതരം
text_fieldsസിംഗപ്പൂർ ഇന്ത്യ മൽസരത്തിൽനിന്ന്
സിംഗപ്പൂർ: എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിലെ നിർണായക മത്സരത്തിൽ സിംഗപ്പൂരിനോട് തോൽവിയിൽനിന്ന് രക്ഷപ്പെട്ട ആശ്വാസത്തിൽ ഇന്ത്യ. ആദ്യ പകുതി തീരാനിരിക്കെ മുന്നിലെത്തിയ ആതിഥേയർക്കെതിരെ 90ാം മിനിറ്റിൽ റഹീം അലിയിലൂടെ സമനില പിടിക്കുകയായിരുന്നു ബ്ലൂ ടൈഗേഴ്സ്. 47ാം മിനിറ്റിൽ സ്റ്റാർ ഡിഫൻഡർ സന്ദേശ് ജിങ്കാൻ ചുവപ്പ് കാർഡ് കണ്ട് മടങ്ങിയതോടെ ബാക്കി സമയം പത്തുപേരുമായാണ് ഇന്ത്യ കളിച്ചത്. മൂന്ന് മത്സരങ്ങൾ കൂടി ബാക്കി നിൽക്കെ ടീമിന്റെ യോഗ്യത കടമ്പ കൂടുതൽ കടുക്കുകയാണ്. ഗ്രൂപ് സിയിൽ മൂന്ന് മത്സരങ്ങളിൽ രണ്ട് പോയന്റുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അഞ്ച് പോയന്റുമായി സിംഗപ്പൂർ ഒന്നാമതായി തുടരുന്നു. രണ്ട് മത്സരങ്ങളിൽ നാല് പോയന്റുമായി ഹോങ്കോങ് രണ്ടാമതുണ്ട്. ഗ്രൂപ് ജേതാക്കൾക്ക് മാത്രമാണ് ടിക്കറ്റ്.
ജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയുടെ ആദ്യ ഇലവനിൽ വെറ്ററൻ സൂപ്പർ താരം സുനിൽ ഛേത്രി ഇടംപിടിച്ചു. ഛേത്രിക്ക് കൂട്ടാളികളായി ലിസ്റ്റൻ കൊളാസോയെയും ഫാറൂഖ് ചൗധരിയെയും തുടക്കത്തിലേ പരീക്ഷിച്ചു ഖാലിദ് ജമീൽ. മലയാളി ഡിഫൻഡർ മുഹമ്മദ് ഉവൈസിന് ഇക്കുറിയും അവസരം നൽകി. മിഡ്ഫീൽഡർ സഹൽ അബ്ദുൽ സമദടക്കം ബെഞ്ചിലിരുന്നു. ഗുർപ്രീത് സിങ് സന്ധു ഗോൾ കീപ്പറുടെ ഗ്ലൗസും ക്യാപ്റ്റന്റെ ആംബാൻഡുമണിഞ്ഞു. തുടക്കത്തിൽ ഗോൾ അവസരങ്ങൾ അധികവും ലഭിച്ചത് സിംഗപ്പൂരിനായിരുന്നു. 14ാം മിനിറ്റിൽ കൊളാസോയുടെ ഫ്രീ കിക്കിൽ രാഹുൽ ഭേകെയുടെ ഹെഡ്ഡർ ലക്ഷ്യം കണ്ടില്ല. 20ാം മിനിറ്റിൽ ആതിഥേയ മുന്നേറ്റ താരം ഇഖ്സാൻ ഫൻദിയെ ഫൗൾ ചെയ്തതിന് ജിങ്കാന് മഞ്ഞക്കാർഡ്.
35, 39 മിനിറ്റുകളിലും സിംഗപ്പൂരിന് അവസരങ്ങൾ. ഫൻദിയുടെ തുടരെയുള്ള ശ്രമങ്ങൾക്ക് ഒന്നാം പകുതിയുടെ ആഡ് ഓൺ ടീമിൽ ഫലമുണ്ടായി. ഒന്നാം മിനിറ്റിൽ നായകനും മലയാളിയുമായ ഹാരിസ് ഹാറൂനും ശവ്വാൽ അൻവറും ഫാൻദിയും ചേർന്ന് നടത്തിയ ശ്രമം ഗോളിൽ കലാശിച്ചു.
രണ്ടാം പകുതി തുടങ്ങി അധികം കഴിയും മുമ്പ് ഫാൻദിയെ തടയവെ ജിങ്കാന് രണ്ടാം മഞ്ഞക്കാർഡ്. പ്രതിരോധത്തിലെ കരുത്തനെ നഷ്ടമായത് ഇന്ത്യയെ ബാധിച്ചു. ഇതോടെ, ഫോർവേഡ് ഫാറൂഖ് ചൗധരിയെ പിൻവലിച്ച് 53ാം മിനിറ്റിൽ വാൽപുയയെ ഇറക്കി. 57ാം മിനിറ്റിൽ ചാങ്തെയുടെ ഫ്രീകിക്ക് സിംഗപ്പൂർ ഗോളി മഹ്ബൂദിന്റെ കൈകളിൽനിന്ന് വഴുതിയെങ്കിലും സന്ദർശകർക്ക് സമയോചിതമായി ഇടപെടാനായില്ല. 68ാം മിനിറ്റിൽ സഹലിറങ്ങി.
ഇടക്ക് ഗുർപ്രീത് നടത്തിയ തകർപ്പൻ സേവുകൾ വലിയ പരിക്കിൽനിന്ന് ടീമിനെ രക്ഷിച്ചു. 90ാം മിനിറ്റിൽ കളിയുടെ ഗതിക്ക് വിപരീതമായി ഇന്ത്യയുടെ സമനില ഗോൾ. അഡ്വാൻസ് ചെയ്ത മഹ്ബൂദിനെ കാഴ്ചക്കാരനാക്കി ആളില്ലാ പോസ്റ്റിലേക്ക് റഹീം അലിയുടെ ആദ്യ അന്താരാഷ്ട്ര ഗോൾ കയറി. ഒക്ടോബർ 14നാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഗോവയിൽ നടക്കുന്ന ഹോം മാച്ചിൽ സിംഗപ്പൂരിനെ നേരിടും.