വമ്പ് കാണിക്കാൻ കേരളം ഒറ്റക്കൊമ്പെന്റ നാട്ടിലേക്ക്; സന്തോഷ് ട്രോഫി ഫുട്ബാൾ മത്സരചിത്രം തെളിഞ്ഞു
text_fieldsസന്തോഷ് ട്രോഫി ഫുട്ബാളിന് മുന്നോടിയായി കണ്ണൂരിൽ നടക്കുന്ന കേരള ടീമിെന്റ പരിശീലന ക്യാമ്പ്
മലപ്പുറം: 79 ാമത് സന്തോഷ് ട്രോഫി ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് അസമിൽ പന്തുരുളാനിരിക്കെ ആവനാഴിയിൽ അസ്ത്രങ്ങൾ നിറച്ച് കേരളവും ഗോദയിലേക്ക്. കഴിഞ്ഞ വർഷത്തെ കലാശപോരാട്ടത്തിൽ ബംഗാളിനോട് പൊരുതി തോറ്റ് ഹൈദരാബാദിലെ പുൽത്തകിടിൽ വീണ കണ്ണീരിന് പ്രായശ്ചിത്തം ചെയ്യാനുറച്ചാണ് മല്ലൂസ് ഇത്തവണ വടക്കുകിഴക്കൻ മണ്ണിലേക്ക് വണ്ടി കയറുന്നത്. പോരാട്ടങ്ങളുടെ ഇരമ്പുന്ന സ്മരണകളുറങ്ങുന്ന കണ്ണൂരിന്റെ മണ്ണിൽ പടയാളികൾ അങ്കപ്പോരിന് ഒരുങ്ങിത്തുടങ്ങി. അസമിലെ മരംകോച്ചുന്ന തണുപ്പിനെ പോരാട്ടവീര്യത്താൽ കീഴ്പ്പെടുത്താനാവുമെന്ന ഉറച്ച് വിശ്വാസത്തിലാണവർ. മാമലകളും കുന്നുകളും നിബിഢ വനങ്ങളും നിറഞ്ഞ ഒറ്റക്കൊമ്പന്റെ നാട്ടിൽ മലയാള നാടിന്റെ പെരുമ വിളിച്ചോതാനുള്ള പടയും പടക്കോപ്പുകളും സർവസജ്ജരാണ്.
ഗ്രൂപ്പ് ഘട്ടം കടുപ്പമേറും
സന്തോഷ് ട്രോഫിക്കുള്ള ഗ്രൂപ്പ് പ്രഖ്യാപിച്ചപ്പോൾ കേരളം ഉൾപ്പെടുന്നത് ഗ്രൂപ്പ് ബിയിലാണ്. മുൻ ജേതാക്കളായ സർവീസസ്, പഞ്ചാബ്, റെയിൽവേസ് എന്നിവർക്കൊപ്പം ഒഡീഷ, മേഘാലയ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ കേരളത്തിന്റെ എതിരാളികൾ. അസം, വെസ്റ്റ് ബംഗാൾ, തമിഴ്നാട്, ഉത്തരാഖണ്ഡ്, നാഗാലാൻഡ്, രാജസ്ഥാൻ ടീമുകളാണ് ഗ്രൂപ്പ് എയിലുള്ളത്. കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പായതിനാൽ ഇത്തവണ കേരളത്തിന് യോഗ്യതമത്സരങ്ങൾ കളിക്കാതെ ഫൈനൽ റൗണ്ടിലേക്ക് നേരിട്ടാണ് പ്രവേശനം ലഭിച്ചത്.
കിക്കോഫ് 21ന്
അസമിലെ ധകുവാഖാന, സിലാപഥാർ എന്നിടങ്ങളിലാണ് ഇത്തവണ കളി. ജനുവരി 21 നാണ് കിക്കോഫ്. ഉത്തരാഖണ്ഡും രാജസ്ഥാനും ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും. കേരളത്തിന്റെ ആദ്യമത്സരം 22 ന് പഞ്ചാബുമായാണ്. 24 ന് റെയിൽവേസ്, 26 ന് ഒഡീഷ, 29 ന് മേഘാലയ, 31 ന് സർവീസസ് എന്നിവരുമായാണ് കേരളത്തിന്റെ മറ്റ് മത്സരങ്ങൾ. ഫെബ്രുവരി 2,3 തിയതികളിൽ ക്വാർട്ടർ ഫൈനലും ഫെബ്രുവരി 5 ന് സെമിഫൈനലും നടക്കും. ഫെബ്രുവരി 8 നാണ് ഫൈനൽ.
ഒരുക്കം തുടങ്ങി
കേരള ടീമിന്റെ ക്യാമ്പ് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ തുടങ്ങി. സംസ്ഥാന സീനിയേഴ്സ് ഫുട്ബാള്‍ കളിച്ച 35 പേര്‍ക്കും എസ്.എല്‍.കെ കളിച്ച 35 പേര്‍ക്കുമാണ് ക്യാമ്പിലേക്ക് വിളിയെത്തിയത്. മിക്ക താരങ്ങളും ക്യാമ്പിനൊപ്പം ചേർന്നു. പരിക്കേറ്റ ചിലർ ഫിറ്റ്നസ് വീണ്ടെടുത്ത് വൈകാതെ ടീമിനൊപ്പം ചേരും. അസമിലെ തണുപ്പേറിയ കാലാവസ്ഥ പരിഗണിച്ച് വയനാട്ടിലേക്കോ ഇടുക്കിയിലേക്കോ പരിശീലനം മാറ്റാനുള്ള ആലോചനകളുമുണ്ട്.
തന്ത്രങ്ങൾ മെനയാൻ ഇവർ
അറിവും അനുഭവസമ്പത്തും സമന്വയിച്ച കിടിലൻ സംഘത്തെ തന്നെയാണ് കളിയോതി കൊടുക്കാൻ കേരളം നിയോഗിച്ചിട്ടുള്ളത്. ഈ വർഷം മാത്രം മൂന്ന് കിരീടങ്ങൾ തന്റെ ഷെല്‍ഫിലേക്ക് എടുത്തുവെച്ച വയനാട്ടുകാരൻ ഷഫീഖ് ഹസന് മഠത്തിലാണ് മുഖ്യപരിശീലകൻ. സഹപരിശീലകരായി കൂടെയുള്ളത് തിരുവനന്തപുരത്തുകാരനായ എബിന് റോസാണ്. ഗോൾ കീപ്പർ കോച്ചായി മുൻ ഇന്ത്യൻ താരമായിരുന്ന കെ.ടി ചാക്കോ. കാസർകോട്ടുകാരനായ അഹ്മദ് നിഹാൽ റഷീദാണ് ടീമിന്റെ ഫിസിയോ.


