സന്തോഷ് ട്രോഫി; കേരളം ഇന്ന് പഞ്ചാബിനെതിരെ
text_fieldsഗുവാഹതി: 79ാമത് സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ നിലവിലെ റണ്ണറപ്പായ കേരളത്തിന് വ്യാഴാഴ്ച ആദ്യ മത്സരം. സിലാപത്തർ ഫുട്ബാൾ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പതിന് തുടങ്ങുന്ന ഗ്രൂപ് ബി പോരാട്ടത്തിൽ പഞ്ചാബാണ് എതിരാളികൾ. എട്ടാം കിരീടം തേടിയിറങ്ങുന്ന കേരളത്തിന് കരുത്തരായ സർവിസസ്, റെയിൽവേസ്, മേഘാലയ, ഒഡിഷ ടീമുകളെയും നേരിടാനുണ്ട്. ആറ് ടീമുകളടങ്ങുന്ന ഗ്രൂപ്പിൽ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്നവർക്കാണ് നോക്കൗട്ട് പ്രവേശനം.
കഴിഞ്ഞ തവണ മികച്ച പ്രകടനം ഫൈനലിലെത്തിയ കേരളം ഇൻജുറി ടൈം ഗോളിൽ ബംഗാളിനോട് തോൽക്കുകയായിരുന്നു. 2022ലാണ് മലയാളിപ്പട അവസാനമായി കിരീടം നേടിയത്. ഇക്കുറി ഷഫീഖ് ഹസന്റെ ശിക്ഷണത്തിൽ ജി. സഞ്ജു നയിക്കുന്ന ടീമാണ് ഇറങ്ങുന്നത്. സൂപ്പർ ലീഗ് കേരളയിൽ തകർപ്പൻ പ്രകടനം നടത്തിയ താരങ്ങളാണ് മുതൽക്കൂട്ട്. 24ന് റെയിൽവേസ് 26ന് ഒഡിഷയും 29ന് മേഘലായയും 31ന് സർവിസസും എതിരാളികളായെത്തും. എട്ട് തവണ സന്തോഷ് ട്രോഫി ജേതാക്കളായ ടീമാണ് പഞ്ചാബ്.
ബംഗാളിനും തമിഴ്നാടിനും ജയം
സന്തോഷ് ട്രോഫി ഉദ്ഘാടന ദിവസം നടന്ന ഗ്രൂപ് എ മത്സരങ്ങളിൽ ബംഗാളിനും തമിഴ്നാടിനും രാജസ്ഥാനും ജയം. നിലവിലെ ചാമ്പ്യന്മാരായ ബംഗാൾ എതിരില്ലാത്ത നാല് ഗോളിന് നാഗാലാൻഡിനെയാണ് തോൽപിച്ചത്. തമിഴ്നാട് ഒറ്റ ഗോളിന് ആതിഥേയരായ അസമിനെ വീഴ്ത്തിയപ്പോൾ രാജസ്ഥാൻ 3-2ന് ഉത്തരാഖണ്ഡിനെ മറികടന്നു.


