ഇനി ഏഴ് കളികൾ; കയറുമോ ബ്ലാസ്റ്റേഴ്സ് പ്ലേഓഫിൽ?
text_fieldsകൊച്ചി: കേരളത്തിന്‍റെ സ്വന്തം ബ്ലാസ്റ്റേഴ്സിന് ഐ.എസ്.എല്ലിന്‍റെ പുതിയ സീസണിൽ പ്ലേഓഫിൽ കയറിക്കൂടാനാവുമോ?, കപ്പിലേക്കുള്ള ദൂരം കുറയുമോ...? ആരാധകരുടെ ഉള്ളിൽ ചോദ്യങ്ങൾ ആധിയായി നിറയുകയാണ്. ഇനി ഏഴ് കളികളാണ് സീസണിൽ പ്ലേഓഫ് വരുന്നതിനു മുമ്പ് ബ്ലാസ്റ്റേഴ്സിനു മുന്നിൽ അവശേഷിക്കുന്നത്. അതുകൊണ്ടുതന്നെ പോയൻറ് പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് ഇനിവരുന്ന ഓരോ കളിയും നിർണായകമാവും. 17 മത്സരങ്ങളിൽ 21 പോയന്‍റ് മാത്രമാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ജയത്തേക്കാളേറെ തോൽവിയുണ്ട് കൂട്ടിന്. ആറ് മത്സരങ്ങളിൽ വിജയം കൈവരിച്ച ടീം എട്ടിനങ്ങളിലാണ് തോൽവി ഏറ്റുവാങ്ങിയത്. ഒടുവിലത്തെ കളിയിലുൾപ്പെടെ ഇതിനകം മൂന്ന് സമനിലയും വഴങ്ങി.
നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സിക്കെതിരെ ശനിയാഴ്ച നടന്ന മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് വീരോചിത സമനില പിടിച്ചത്. കളി തുടങ്ങി 30ാം മിനിറ്റിൽ പ്രതിരോധ താരം ഐബൻ ഡോഹ്ലിങ് ഒറ്റയടിക്ക് ചുവപ്പു കാർഡ് കണ്ട് പുറത്തായതോടെ ടീം പത്തായി ചുരുങ്ങി. എന്നാൽ, ആളു കുറഞ്ഞെങ്കിലും ആവേശത്തിന് പുൽമൈതാനത്ത് ഒട്ടും കുറവുണ്ടായിരുന്നില്ല.
ഇരുപക്ഷത്തിനും ഗോളടിക്കാനുള്ള അവസരങ്ങൾകൊണ്ട് സമ്പന്നമായിരുന്ന മത്സരത്തിൽ, തങ്ങൾക്കെതിരെ ഗോളടിപ്പിക്കാതിരിക്കാനുള്ള രണ്ടു ടീമുകളുടെയും ശ്രമങ്ങൾ അവസാന നിമിഷംവരെ വിജയകരമായി തുടർന്നു. അവസാന നിമിഷത്തിലെങ്കിലും ഒരു ഗോളടിക്കുമെന്ന പ്രതീതി ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചിരുന്നു. ജനുവരി അഞ്ചിന് പഞ്ചാബിനോടുള്ള എവേ മത്സരത്തിൽ 74ാം മിനിറ്റുമുതൽ ഒമ്പതുപേരുമായി മരണക്കളി കളിച്ചാണ് ബ്ലാസ്റ്റേഴ്സ് വിജയകിരീടം ചൂടിയത്.
ടീമിലെ മുൻനിര താരങ്ങളായിരുന്ന ഡിഫൻഡർ പ്രീതം കോട്ടാൽ, മലയാളി ഫോർവേഡ് കെ.പി. രാഹുൽ, മധ്യനിര താരം അലക്സാണ്ട്രേ കൊയഫ്, ജോഷ്വാ സൊറ്റിരിയോ തുടങ്ങി ഒരുപിടി താരങ്ങൾ ടീംവിട്ട കാലംകൂടിയാണിത്. പ്രീതം, രാഹുൽ തുടങ്ങിയവരെല്ലാം സ്ഥിരമായി പ്ലേയിങ് ഇലവനിലുള്ളവരായിരുന്നു. ഇതുകൂടാതെ ലോണിൽ പോയ പ്രബീർ ദാസ്, ബ്രൈസ് മിറാൻഡ തുടങ്ങിയവരുടെ അസാന്നിധ്യവും നിർണായകമാവും. പുതുതായി ടീമിലെത്തിയ മോണ്ടിനെഗ്രിൻ ഡിഫൻസിവ് മിഡ്ഫീൽഡർ ദൂസാൻ ലഗാറ്റോർ, ചെന്നൈയിൻ എഫ്.സിയുടെ പ്രതിരോധ താരം യുംനം ബികാഷ് എന്നിവർക്ക് ടീമിന്‍റെ കളിരീതികളുമായും മറ്റും ഇണങ്ങിവരാനും സമയമെടുക്കും.
16 മത്സരത്തിൽ 36 പോയന്‍റോടെ മോഹൻബഗാനാണ് പട്ടികയിൽ മുന്നിൽ. ആദ്യ ആറിൽ വരാനായി ഇനി മഞ്ഞപ്പടക്ക് ഏഴുകളികളിലെ മികവുറ്റ പ്രകടനം ഉറപ്പാക്കേണ്ടിവരും. കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാൾ എഫ്.സിക്കെതിരെ 24നാണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം. ഫെബ്രുവരി 15ന് മോഹൻ ബഗാൻ സൂപ്പർ ജയന്‍റിനെതിരെ ഹോം ഗ്രൗണ്ടിലും ഏറ്റുമുട്ടും.