ഉയിർത്തെഴുന്നേൽക്കൂ ബ്ലാസ്റ്റേഴ്സ്
text_fieldsകേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ നോഹ സദോയിയും അഡ്രിയാൻ ലൂണയും പരിശീലനത്തിൽ
ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റിന് ഞായറാഴ്ചത്തെ കേരള ബ്ലാസ്റ്റേഴ്സ്-ഈസ്റ്റ് ബംഗാൾ മത്സരത്തോടെ കിക്കോഫ്. ഇന്ത്യൻ സൂപ്പർ ലീഗിലെ 13ഉം ഐ ലീഗിലെ രണ്ടും ടീമുകളാണ് നോക്കൗട്ട് റൗണ്ടിൽ ഏറ്റുമുട്ടുന്നത്. ഐ ലീഗ് പോയന്റ് പട്ടികയിൽ നിലവിൽ ഒന്നാംസ്ഥാനക്കാരായ ചർച്ചിൽ ബ്രദേഴ്സ് സൂപ്പർ കപ്പിൽ നിന്ന് പിന്മാറിയിട്ടുണ്ട്. ഇതോടെ ഇന്ന് നടക്കേണ്ട മോഹൻ ബഗാൻ -ചർച്ചിൽ മത്സരം റദ്ദാക്കി. ബൈ ലഭിച്ച ബഗാൻ ക്വാർട്ടർ ഫൈനലിലുമെത്തി. രാത്രി എട്ടിന് കലിംഗ സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്സ്-ഈസ്റ്റ് ബംഗാൾ പോരാട്ടം.
ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സ് എട്ടും ഈസ്റ്റ് ബംഗാൾ ഒമ്പതും സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സൂപ്പർ കപ്പിൽ നിലവിലെ ചാമ്പ്യന്മാരാണ് ഈസ്റ്റ് ബംഗാൾ. ബ്ലാസ്റ്റേഴ്സിനാവട്ടെ ഇതുവരെ ദേശീയതലത്തിൽ ഒരു കിരീടം പോലുമില്ല. പുതിയ പരിശീലകൻ ഡേവിഡ് കറ്റാലക്ക് കീഴിൽ മഞ്ഞപ്പടയുടെ ആദ്യ മത്സരമെന്ന പ്രത്യേകതയും ഇന്നത്തെ കളിക്കുണ്ട്. ഐ.എസ്.എല്ലിലെ തിരിച്ചടി മറന്ന് ആരാധകരെയും സന്തോഷിപ്പിക്കാൻ വിജയം അനിവാര്യം. ഐ ലീഗിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്കാണ് സൂപ്പർ കപ്പ് യോഗ്യത. മൂന്നാം സ്ഥാനക്കാരായ റിയൽ കശ്മീർ പിന്മാറിയതോടെ നാലാമതുള്ള ഗോകുലം കേരള എഫ്.സിക്കും അവസരം ലഭിച്ചു. ഇതോടെ കഴിഞ്ഞ വർഷങ്ങളിലെപ്പോലെ കേരളത്തിൽനിന്ന് രണ്ട് ടീമുകളായി. ഇന്റർ കാശിയുടെ അപ്പീലിൽ തീരുമാനം വരാത്തതിനാൽ ഐ ലീഗ് ജേതാക്കളെ തീരുമാനിക്കുന്നത് നീളുകയാണ്. ഇക്കാരണംകൊണ്ടുകൂടിയാണ് ചർച്ചിൽ സൂപ്പർ കപ്പിൽനിന്ന് പിന്മാറിയത്.
തിങ്കളാഴ്ച ഐ.എസ്.എൽ സെമി ഫൈനലിസ്റ്റുകളായ എഫ്.സി ഗോവക്കെതിരെയാണ് ഗോകുലത്തിന്റെ ആദ്യ കളി. മുൻ വർഷങ്ങളിൽ ഗ്രൂപ് റൗണ്ടും സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളുമായിരുന്നു. എന്നാൽ, ഇക്കുറി നോക്കൗട്ടായതിനാൽ ആദ്യ അങ്കം തോറ്റാൽ മടങ്ങാം. ബ്ലാസ്റ്റേഴ്സ്-ഈസ്റ്റ് ബംഗാൾ മത്സര വിജയികൾക്ക് ഐ.എസ്.എൽ ചാമ്പ്യന്മാരായ ബഗാനായിരിക്കും ക്വാർട്ടറിലെ എതിരാളികൾ.